ഏറനാട് എക്‌സ്പ്രസ് ഇനി നാഗര്‍കോവിലിലേക്കില്ല; സമയമാറ്റത്തില്‍ അനിശ്ചിതത്വം

മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആലപ്പുഴ വഴി തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ഏറനാട് എക്‌സ്പ്രസ് (16605/06) പുതുവര്‍ഷം മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ജനുവരി രണ്ടുമുതല്‍ ഏറനാടിന് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സര്‍വീസ് ഉണ്ടാവില്ലെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. അതായത്, ഈ ട്രെയിന്‍ ഇനി തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്‌സ്പ്രസായി മാറും.

തമിഴ്‌നാട്ടില്‍ നിന്നുള്ള ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നാണ് സൂചന. നിലവില്‍ മംഗളൂരു സെന്‍ട്രലിലേക്ക് ഏറനാട് എക്‌സ്പ്രസ് യാത്ര ആരംഭിക്കുന്നത് നാഗര്‍കോവിലില്‍ നിന്ന് പുലര്‍ച്ചെ 2.15നാണ്. തിരിച്ച് നാഗര്‍കോവിലില്‍ എത്തുന്നതാകട്ടെ രാത്രി 11ന് ശേഷവും. ഈ സമയക്രമം പ്രയോജനപ്പെടാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഏറനാട് എക്‌സ്പ്രസ് നാഗര്‍കോവിലിലേക്ക് ഇനി വേണ്ടെന്ന് ആവശ്യപ്പെട്ടതെന്ന് അറിയുന്നു. ഏറനാടിന് പകരം പുതിയ സമയക്രമവുമായി മറ്റൊരു എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു.
സമയമാറ്റം അനിശ്ചിതത്വത്തില്‍
നിലവില്‍ പകല്‍ സമയത്ത് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏറനാട് എക്‌സ്പ്രസ് ഏറെ പ്രയോജനപ്പെടുന്നത് മലബാര്‍ ജില്ലകളിലുള്ളവർക്കാണ്. രാവിലെ ജോലിക്കും വൈകിട്ട് തിരിച്ച് വീട്ടിലേക്കും പോകുന്ന നിരവധി പേരുടെ ആശ്രയമാണ് ഈ ട്രെയിന്‍.
മംഗലാപുരത്തുനിന്ന് വൈകിട്ട് 4.20നാണ് ഏറനാട് എക്‌സ്പ്രസ് എറണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. എറണാകുളം ജംഗ്ഷനില്‍ ഇതിന് വെറും 20 മിനിറ്റ് മുമ്പ് ഒരു പാസഞ്ചറും ആലപ്പുഴ വഴിയുണ്ട്. ഏറനാടിന് ശേഷം സാധാരണക്കാര്‍ക്കായി അടുത്ത ട്രെയിനുള്ളത് 6.25ന്റെ പാസഞ്ചറാണ് (എക്‌സ്പ്രസ് സ്‌പെഷ്യല്‍).
ഏറനാടിന്റെ സമയം 30 മുതല്‍ 60 മിനിറ്റ് വരെ പിന്നോട്ടാക്കി, എറണാകുളത്ത് വൈകിട്ട് 5നോ 5.30നോ എത്തുന്നവിധമാക്കിയാല്‍ നിരവധി പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് യാത്രക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സമയമാറ്റം ആവശ്യമില്ലെന്നാണ് മലബാര്‍ മേഖലയിലെ യാത്രക്കാരുടെ സംഘടനകളുടെ നിലപാട്. സര്‍വീസ് സമയം പരിഷ്‌കരിക്കാനുള്ള സാധ്യത വിരളമാണെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന.
താത്കാലിക സ്റ്റോപ്പ്
ചെന്നൈയിലെ വെള്ളപ്പൊക്ക പശ്ചാത്തലത്തില്‍ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളെയും മറ്റന്നാളും ഏറനാട് എക്‌സ്പ്രസിന് ആലപ്പുഴ മാരാരിക്കുളത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it