വരുമാനം വര്‍ധിച്ചത് 183%, പക്ഷേ ലാഭത്തില്‍ വന്‍ ഇടിവ്; സൊമാറ്റോയ്ക്ക് രണ്ടാംപാദത്തില്‍ എന്തു സംഭവിച്ചു?

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ പാദത്തേക്കാള്‍ ലാഭത്തില്‍ 63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത്തവണ ലാഭം 65 കോടിയിലേക്ക് താഴ്ന്നു
Image courtesy: zomato
Image courtesy: zomato
Published on

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണല്‍ (Eternal) സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദ ഫലം പുറത്തുവിട്ടു. വരുമാനം വന്‍തോതില്‍ ഉയര്‍ന്നെങ്കിലും ലാഭത്തില്‍ ഇടിവുണ്ടായി. വിപണി ക്ലോസ് ചെയ്യുംമുമ്പ് റിസല്‍ട്ട് പുറത്തുവന്നതോടെ എറ്റേണല്‍ ഓഹരിവില 3.87 ശതമാനം താഴ്ന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ പാദത്തേക്കാള്‍ ലാഭത്തില്‍ 63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത്തവണ ലാഭം 65 കോടിയിലേക്ക് താഴ്ന്നു. മുന്‍വര്‍ഷം ഇത് 176 കോടി രൂപയായിരുന്നു. അതേസമയം, വരുമാനത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വരുമാനം 13,590 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 4,799 കോടി രൂപയായിരുന്നു.

എറ്റേണലിന്റെ ഓര്‍ഡറുകള്‍ കഴിഞ്ഞ പത്തു പാദങ്ങളിലെ ഉയര്‍ന്ന തലത്തിലാണ്. മുന്‍ പാദത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 137 ശതമാനമാണ്. ഭക്ഷണവിതരണത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 22 ശതമാനം വര്‍ധിച്ച് 2,863 കോടി രൂപയായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 2,340 കോടി രൂപയായിരുന്നു.

ബ്ലിങ്കിറ്റ് നഷ്ടം കൂടി

കമ്പനിയുടെ ക്വിക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റിന്റെ നഷ്ടം ഈ പാദത്തില്‍ വര്‍ധിച്ചു. 156 കോടി രൂപയാണ് ബ്ലിങ്കിറ്റിന്റെ നഷ്ടം. കമ്പനിയുടെ കീഴിലുള്ള റെസ്റ്റോറന്റ് ബിസിനസായ ഹെപ്പര്‍പ്യൂവര്‍ (Hyperpure) മുന്‍ വര്‍ഷം സമാനപാദത്തേക്കാള്‍ 42 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ പാദത്തിലെ നഷ്ടം എട്ടു കോടി രൂപയായി കുറയ്ക്കാനും സാധിച്ചു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം 20,243 കോടി രൂപയായിരുന്നു. ലാഭം 527 കോടി രൂപയും. തൊട്ടുമുന്‍ വര്‍ഷം ഇത് യഥാക്രമം 12,114 കോടി രൂപയും 291 കോടി രൂപയുമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com