വരുമാനത്തില്‍ 196 ശതമാനം വര്‍ധന! ലാഭത്തില്‍ 71%; സൊമാറ്റോയുടെ മാതൃകമ്പനിക്ക് മാര്‍ച്ച് പാദത്തില്‍ വലിയ കുതിപ്പ്; ഓഹരികള്‍ കയറ്റത്തില്‍

കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ കുതിപ്പാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്
Image courtesy: zomato
Image courtesy: zomato
Published on

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് എന്നിവയുടെ മാതൃകമ്പനിയായ ഏറ്റേര്‍ണല്‍ ലിമിറ്റഡിന് മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ റെക്കോഡ് വരുമാനവും ലാഭവും. പശ്ചിമേഷ്യന്‍ യുദ്ധം എല്‍പിജി ലഭ്യതയെയും ഹോട്ടല്‍ ഭക്ഷണത്തെയും ബാധിച്ചെങ്കിലും ഇതൊന്നും വരുമാനത്തില്‍ പ്രതിഫലിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ വരുമാനം 17,292 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് സമാനപാദത്തില്‍ ഇത് 5,833 കോടി രൂപ മാത്രമായിരുന്നു. പ്ലാറ്റ്‌ഫോം ഫീ ഉള്‍പ്പെടെ വര്‍ധിപ്പിച്ചതും കൂടുതല്‍ ഭക്ഷണശാലകള്‍ സൊമാറ്റോയുമായി സഹകരിച്ച് തുടങ്ങിയതും വരുമാനം കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കി. പാദലാഭം മുന്‍വര്‍ഷം സമാനപാദത്തെ 39 കോടി രൂപയില്‍ നിന്ന് 174 കോടിയായും ഉയര്‍ന്നു.

മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 196 ശതമാനത്തിന്റെ വര്‍ധനയാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 16,315 കോടി രൂപയായിരുന്നു വരുമാനം.

വാര്‍ഷിക വരുമാനം കൂടി, ലാഭം കുറഞ്ഞു

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മൊത്തം വരുമാനം 54,364 കോടി രൂപയായി. 2025 സാമ്പത്തികവര്‍ഷത്തെ 20,243 കോടി രൂപയില്‍ നിന്ന് 169 ശതമാനം വര്‍ധന. അതേസമയം, തൊട്ടുമുന്‍ സാമ്പത്തികവര്‍ഷത്തേക്കാള്‍ ലാഭം ഇടിഞ്ഞു. ഈ സാമ്പത്തികവര്‍ഷത്തെ ലാഭം 366 കോടി രൂപയാണ്. 2025 സാമ്പത്തികവര്‍ഷം 527 കോടി രൂപയായിരുന്നു. ഡെലിവറി നടത്തുന്നവരുടെ കമ്മീഷന്‍ ഉള്‍പ്പെടെ വര്‍ധിപ്പിച്ചതും മറ്റ് ചെലവുകള്‍ ആനുപാതികമായി കൂടിയതും ലാഭം കുറയാന്‍ കാരണമാക്കി.

സൊമാറ്റോയുടെ ഫുഡ് ഡെലിവറി ബിസിനസില്‍ നിന്നുള്ള വരുമാനം ഈ പാദത്തില്‍ 30 ശതമാനം വര്‍ധിച്ച് 3,125 കോടി രൂപയായി. മുന്‍പാദത്തില്‍ ഇത് 2,409 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തില്‍ ആകെ ഓര്‍ഡറുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ കുതിപ്പാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. 1,709 കോടി രൂപയില്‍ നിന്ന് 13,232 കോടിയായിട്ടാണ് ഉയര്‍ന്നത്.

നാലാംപാദ ഫലങ്ങള്‍ പുറത്തുവന്നതോടെ എറ്റേര്‍ണല്‍ ലിമിറ്റഡിന്റെ ഓഹരിവില ഉയര്‍ന്നു. രാവിലെ 4 ശതമാനത്തിന് മുകളില്‍ വരെ ഓഹരിവില ഉയര്‍ന്നെങ്കിലും പിന്നീട് ലാഭമെടുക്കലിലേക്ക് നിക്ഷേപകര്‍ മാറി.

Eternal Ltd, parent of Zomato and Blinkit, reports sharp revenue and profit growth driven by quick commerce expansion and higher platform fees

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com