ഏയ് ഓട്ടോ! നാലു മാസം കഴിഞ്ഞാല്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് മാത്രം പുതിയ രജിസ്‌ട്രേഷന്‍; 10 വയസായ സി.എന്‍.ജി ഓട്ടോ ഒഴിവാക്കും, അടുത്തവര്‍ഷം മുതല്‍ ഡല്‍ഹിയില്‍ പെട്രോള്‍ ബൈക്ക് നിരോധനം

രണ്ട് വാഹനങ്ങളുള്ളവര്‍ മൂന്നാമത്തേത് വാങ്ങുമ്പോള്‍ ഇലക്ട്രിക് ആകണമെന്നും കരട് നയത്തില്‍ നിര്‍ദ്ദേശമുണ്ട്
public ev charging stations
image credit : canva
Published on

പെട്രോള്‍, ഡീസല്‍, സി.എന്‍.ജി തുടങ്ങിയ ഇന്ധനത്തിലോടുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 2026 ഓഗസ്റ്റ് 15 മുതല്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ഡല്‍ഹി. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇവി കരട് നയത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്ന സി.എന്‍.ജി ഓട്ടോ റിക്ഷകളും ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വാഹനങ്ങളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഡല്‍ഹി മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ നയം അനുസരിച്ച് 2025 ഓഗസ്റ്റ് 15 മുതല്‍ പുതിയ സി.എന്‍.ജി ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. ഈ തീയതി മുതല്‍ സി.എന്‍.ജി ഓട്ടോറിക്ഷകളുടെ പെര്‍മിറ്റുകളും പുതുക്കി നല്‍കില്ല. പകരം ഇലക്ട്രിക് ഓട്ടോറിക്ഷകളെ പ്രോത്സാഹിപ്പിക്കും.10 വര്‍ഷം പഴക്കമുള്ള സി.എന്‍.ജി ഓട്ടോറിക്ഷകള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റുകയോ വേണം. ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ക്കും ഓഗസ്റ്റ് 15 മുതല്‍ രജിസ്‌ട്രേഷന്‍ നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്.

അടുത്ത കൊല്ലം ഓഗസ്റ്റ് 15 മുതല്‍ പെട്രോള്‍, സി.എന്‍.ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. ഇ.വി നയം അന്തിമഘട്ടത്തിലാണെന്നും ഒരുപക്ഷേ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ചില ഇളവുകള്‍ അനുവദിച്ചേക്കുമെന്നുമാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരത്തില്‍ മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളും 2027 ഡിസംബര്‍ 31നകം ഇലക്ട്രിക് പതിപ്പിലേക്ക് മാറണം. രാജ്യതലസ്ഥാനത്ത് സര്‍വീസ് നടത്താന്‍ ഇലക്ട്രിക് ബസുകളും ഇന്റര്‍സിറ്റി സര്‍വീസുകള്‍ക്ക് ബി.എസ് 6 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബസുകളും ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മൂന്നാമത്തെ കാര്‍ ഇലക്ട്രിക് മതി

നിലവില്‍ രണ്ട് കാറുള്ള സ്വകാര്യ വ്യക്തികള്‍ മറ്റൊരു വാഹനം വാങ്ങിയാല്‍ അവ ഇലക്ട്രിക് വാഹനമാകണമെന്നും കരട് നയത്തില്‍ നിര്‍ദ്ദേശമുണ്ട്. പുതിയ ഇവി നയം ഔദ്യോഗികമായി നിലവില്‍ വരുമ്പോള്‍ ഇക്കാര്യം കര്‍ശനമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാര്‍ച്ച് 31ന് അവസാനിച്ച നിലവിലെ ഇ.വി നയത്തിന് 15 ദിവസം കൂടി കാലാവധി നീട്ടിനല്‍കിയിട്ടുണ്ട്. ഇതിനുള്ളില്‍ നയം മന്ത്രിസഭ അംഗീകരിക്കുമെന്നാണ് വിവരം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com