ആറുമാസം കാത്തിരുന്നാല്‍ പെട്രോള്‍ വണ്ടിയുടെ വിലയില്‍ ഇ.വി! ഗഡ്കരിയുടെ ഉറപ്പ് ഇന്ത്യയില്‍ നടക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

അധികം വൈകാതെ ഇന്ത്യയില്‍ ഇലക്ട്രിക്-പെട്രോള്‍ വാഹനങ്ങള്‍ക്ക് ഒരേ വിലയാകുമെന്ന് വിവിധ പഠനങ്ങളും പറയുന്നുണ്ട്
Electric vehicle is charging central minister Nitin Gadkari
Canva, Facebook / Nitin Gadkari
Published on

രാജ്യത്തെ പെട്രോള്‍-ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആറുമാസത്തിനുള്ളില്‍ ഒരേ വിലയാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഏറ്റവും കൂടുതല്‍ ഫോസില്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇന്ധന ചെലവും പരിസ്ഥിതി മലിനീകരണവും കുറക്കാന്‍ ബദല്‍ ഇന്ധനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കകാലത്ത് കിലോവാട്ട് അവറിന് (Kwh) 150 ഡോളര്‍ എന്ന നിരക്കിലായിരുന്നു ബാറ്ററി വില. ഇപ്പോഴത് 100 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ പെട്രോള്‍-ഇലക്ട്രിക് വാഹനങ്ങളുടെ വില തുല്യമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് ഏറെക്കാലമായി വാദിക്കുന്ന നേതാക്കന്മാരിലൊരാളാണ് ഗഡ്കരി. ബദല്‍ ഇന്ധനങ്ങളായ ഗ്രീന്‍ ഹൈഡ്രജന്‍, ഇലക്ട്രിസിറ്റി, എഥനോള്‍,മെഥനോള്‍, ബയോ ഡീസല്‍, ബയോ എല്‍.എന്‍.ജി, ബയോ സി.എന്‍.ജി എന്നിവക്ക് പ്രാമുഖ്യം കൊടുക്കണമെന്നാണ് ഗഡ്കരിയുടെ വാദം. രണ്ട് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍-ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒരേ വിലയാകുമെന്ന് 2022ല്‍ പാര്‍ലമെന്റില്‍ പറഞ്ഞ ഗഡ്കരി എം.പിമാരോട് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനും അഹ്വാനം ചെയ്തിരുന്നു.

ഇവിക്കും പെട്രോള്‍ വണ്ടിക്കും ഒരേ വിലയാകുമോ?

അവകാശവാദങ്ങള്‍ക്കപ്പുറം എല്ലാവരുടെയും മനസിലുള്ള ചോദ്യമാണ് ഇ.വിക്കും പെട്രോള്‍ വാഹനങ്ങള്‍ക്കും ഒരേ വിലയാകുമോയെന്ന്. ഇക്കാര്യം പരിശോധിക്കാം. പെട്രോള്‍ വാഹനങ്ങളേക്കാള്‍ ഇ.വികളുടെ വില വര്‍ധിക്കാനുള്ള പ്രധാന കാരണം ഇവയുടെ ബാറ്ററിയാണ്. വാഹനവിലയുടെ 40 ശതമാനം വരെ ബാറ്ററിക്ക് വേണ്ടി ചെലവാകുമെന്നാണ് കമ്പനികളും പറയുന്നത്. പക്ഷേ സാങ്കേതിക വിദ്യ വികസിച്ചതോടെ ബാറ്ററിയുടെ വിലയും കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബാറ്ററി വിലയിലുണ്ടാകുന്ന മാറ്റം. ഗോള്‍ഡ്മാന്‍ സാച്ചസിന്റെ കണക്ക്‌
ബാറ്ററി വിലയിലുണ്ടാകുന്ന മാറ്റം. ഗോള്‍ഡ്മാന്‍ സാച്ചസിന്റെ കണക്ക്‌ canva, ChatGpt, Goldman sachs

ബാറ്ററി വില പകുതിയാകും

2022ല്‍ ലിഥിയം അയണ്‍ ബാറ്ററിയുടെ ശരാശരി വില കിലോവാട്ട് അവറിന് 151 ഡോളറായിരുന്നു. ഇത് അധികം വൈകാതെ തന്നെ 60 മുതല്‍ 90 ഡോളറിലേക്ക് താഴും. 2030 എത്തുമ്പോള്‍ ആഗോള വിപണിയില്‍ പെട്രോള്‍-ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒരേ വിലയാകുമെന്നും പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2023ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ വേഗത്തില്‍ ബാറ്ററി വില കുറയുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 2026ല്‍ ബാറ്ററി വില 80 ഡോളറിലെത്തുമെന്നാണ് 2024 ഒക്ടോബറില്‍ ഗോള്‍ഡ്മാന്‍ സാച്ചസ് പ്രവചിച്ചത്. പുതിയ സാങ്കേതിക വിദ്യകള്‍ കടന്നുവന്നതും ബാറ്ററി നിര്‍മാണത്തിന് ആവശ്യമായ ലിഥിയം, കൊബാള്‍ട്ട് പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതുമാണ് ഇതിന് കാരണമായി ഗോള്‍ഡ്മാന്‍ സാച്ചസ് ചൂണ്ടിക്കാട്ടുന്നത്.

ഇവി വില കുറയുന്നു

ബാറ്ററിയുടെ വില കുറഞ്ഞതോടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും മാറ്റം വന്നതായി കാണാന്‍ കഴിയും. 2024 സെപ്റ്റംബറില്‍ ടാറ്റ മോട്ടോഴ്‌സ് അവരുടെ നെക്‌സോണ്‍ അടക്കമുള്ള പല മോഡലുകളുടെയും വില മൂന്ന് ലക്ഷത്തോളം രൂപ കുറച്ചിരുന്നു. ഉത്സവ സീസണില്‍ കച്ചവടം കൂട്ടാനുള്ള തന്ത്രമാണെന്ന് കരുതിയെങ്കിലും ബാറ്ററി വിലയിലുണ്ടായ വ്യത്യാസം ഉപയോക്താക്കളിലേക്ക് കൈമാറാനാണ് വിലകുറച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. മറ്റ് കമ്പനികളും അധികം വൈകാതെ വില കുറച്ചേക്കുമെന്നാണ് കരുതുന്നത്.

അധികം വൈകാതെ അതും സംഭവിക്കും

മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം വന്നതും നൂതനമായ ഗവേഷണങ്ങള്‍ വര്‍ധിച്ചതും ഇവി വിലയില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍/ഡീസല്‍ വാഹനങ്ങളേക്കാള്‍ 20-30 ശതമാനം വരെ അധിക വിലയിലാണ് ഇപ്പോള്‍ ഇവികള്‍ വില്‍ക്കുന്നത്. ഈ വ്യത്യാസം പതിയെ കുറയും. ആറ് മാസത്തിനുള്ളില്‍ ഇലക്ട്രിക്-പെട്രോള്‍ വാഹനങ്ങള്‍ക്ക് ഒരേ വിലയാകില്ലെങ്കിലും 2026 എത്തുമ്പോള്‍ ഇന്ത്യയില്‍ ഇത് സംഭവിക്കാമെന്നാണ് റോക്കി മൗണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവചനം. ഇക്കാര്യത്തിന് 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് മറ്റൊരു റിസര്‍ച്ച് സ്ഥാപനമായ സിസ്റ്റംസ് ചേഞ്ച് ലാബും പറയുന്നു. 250 കിലോമീറ്റര്‍ റേഞ്ചുള്ള ഒരു വാഹനം പെട്രോള്‍ കാറുകളുടെ വിലയില്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കാമെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്രയും പറഞ്ഞിരുന്നു.,

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com