പൂനെയിലെ കമ്പനിയില്‍ മലയാളി യുവതിയുടെ മരണത്തിന് പിന്നില്‍ തൊഴില്‍ സമ്മര്‍ദ്ദം?

അന്ന സെബാസ്റ്റ്യന്‍ എന്ന മലയാളി യുവപ്രൊഫഷണലിന്റെ മരണം കോര്‍പ്പറേറ്റ് ലോകത്ത് ഒട്ടേറെ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. 28 കാരിയായ അന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ ചാര്‍ട്ടേഡ് അകൗണ്ടന്റായി ജോലി ചെയ്തിരുന്ന, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഇ.വൈ യില്‍ നടക്കുന്ന തൊഴില്‍ പീഡനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യത്വ രഹിതമായ തൊഴില്‍ സംസ്‌കാരമാണ് അന്നയുടെ മരണത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. അന്നയുടെ സഹപ്രവര്‍ത്തകരില്‍ പലരും ഈ സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ , ഇ.വൈ കമ്പനിയുടെ ഇന്ത്യയിലെ മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ-മെയിലിലെ വിവരങ്ങള്‍ കടുത്ത തൊഴില്‍ പീഢനങ്ങളാണ് അന്ന നേരിട്ടിരുന്നതെന്ന് വെളിപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ നാലാമത്തെ മികച്ച അക്കൗണ്ടിംഗ് സ്ഥാപനമായ ഇ.വൈയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ജൂലൈ 20 നാണ് അന്ന സെബാസ്റ്റ്യന്‍ പേരയില്‍ മരിച്ചത്. രണ്ട് മാസത്തിന് ശേഷം അനിത എഴുതിയ കത്ത് മകളുടെ മരണത്തില്‍ വേദനിക്കുന്ന ഒരു അമ്മയുടെ വാക്കുകള്‍ മാത്രമല്ല; കോര്‍പ്പറേറ്റ് ലോകത്ത് നടക്കുന്ന തൊഴില്‍ പീഢനത്തിന്റെ നേര്‍ചിത്രം കൂടിയാണ്.

നട്ടെല്ലൊടിക്കുന്ന ജോലി ഭാരം

ചാര്‍ട്ടേഡ് അകൗണ്ടിംഗ് രംഗത്ത് ഏറെ മികവ് പുലര്‍ത്തിയിരുന്ന പ്രൊഫഷണലാണ് അന്ന സെബാസ്റ്റ്യന്‍. 2024 മാര്‍ച്ചിലാണ് പൂനെ ഇ.വൈയില്‍ എക്‌സിക്യൂട്ടീവ് ആയി ചേര്‍ന്നത്. ആദ്യത്തെ ജോലി എന്ന നിലയില്‍ വിശ്രമില്ലാതെയാണ് അവള്‍ ജോലി ചെയ്തിരുന്നതെന്ന് അമ്മ അനിത അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഓഫീസില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദം അവളെ തളര്‍ത്താന്‍ തുടങ്ങി. ദിവസവും ഏറെ വൈകി തളര്‍ന്നാണ് അവള്‍ താമസസ്ഥലത്ത് എത്തിയിരുന്നത്. വസ്ത്രം പോലും മാറ്റാതെ കിടക്കയിലേക്ക് വീഴും. മാനസിക സമ്മര്‍ദ്ദം കൂടി വന്നതോടെ ഉറക്കം നഷ്ടപ്പെട്ടു. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പെട്ടെന്ന് മോശമായി. അപ്പോഴും വിശ്രമമില്ലാതെ തുടരുകയായിരുന്നു. ജോലി ഉപേക്ഷിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലില്‍ വിജയിക്കാന്‍ അവള്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകുകയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്നയെ പൂനെയില്‍ ഹോസ്പിറ്റലില്‍ കാണിച്ചിരുന്നു. ഇ.സി.ജി നോര്‍മലായിരുന്നു. ഉറക്കമില്ലായ്മയും സമയത്ത് ഭക്ഷണം കഴിക്കാത്തതുമാണ് അനാരോഗ്യത്തിന് കാരണമെന്നാണ് കാര്‍ഡിയോളജിസ്റ്റ് പറഞ്ഞത്. അതിനുള്ള മരുന്ന് നല്‍കി. എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് മകളെ നഷ്ടപ്പെട്ടെന്ന് അനിതയുടെ കത്തില്‍ പറയുന്നു.

മാനേജര്‍ക്ക് ക്രിക്കറ്റ് കളി കാണണം

ഇ.വൈ കമ്പനിയിലെ മാനേജര്‍മാരുടെ ക്രൂരമായ നിലപാടുകളിലേക്ക് വെളിച്ചം വീശുന്നതാണ് അനിത അഗസ്റ്റിന്റെ കത്ത്. ഷെഡ്യൂള്‍ ചെയ്ത ജോലികള്‍ക്ക് പുറമെ മാനേജര്‍മാര്‍ അധിക ജോലി നല്‍കും. അതൊന്നും ഔദ്യോഗിക രേഖകളില്‍ ഉണ്ടാകില്ല. മാനേജര്‍ക്ക് ക്രിക്കറ്റ് കളി കാണാന്‍ വേണ്ടി മീറ്റിംഗുകള്‍ മാറ്റിവെക്കും. ഇതോടെ ജോലികള്‍ നീളും. പൂര്‍ത്തിയാക്കാതെ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ല. ജോലികള്‍ പെട്ടെന്ന് തീര്‍ക്കാനുള്ള സമ്മര്‍ദ്ദവുമുണ്ടാകും. രാത്രി വൈകിയും ഓഫീസില്‍ തുടരേണ്ടി വന്നിട്ടിട്ടുണ്ട്. വാരാന്ത്യങ്ങളിലെ അവധി പോലും ലഭിക്കാതെ ശ്വാസംവിടാതെ അവള്‍ ജോലി ചെയ്തു. അധിക ജോലി ചെയ്യരുതെന്നും നോ പറയണമെന്നും അന്നയോട് ഓഫീസിലെ ചിലരെങ്കിലും പറഞ്ഞിരുന്നു. എന്നാല്‍ ആദ്യത്തെ ജോലി ആയതു കൊണ്ടും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുള്ള താല്‍പര്യം കൊണ്ടും അന്ന മറുത്തൊന്നും പറഞ്ഞില്ല. അസിസ്റ്റന്റ് മാനേജര്‍ ഒരിക്കല്‍ രാത്രിയിലാണ് ഒരു ജോലി ഏല്‍പ്പിച്ചത്. രാവിലെ ചെയ്ത് തീര്‍ക്കാന്‍ ആവശ്യപ്പെട്ടു. സമയം കൂടുതല്‍ വേണമെന്ന് അന്ന അറിയിച്ചു. രാത്രിയില്‍ ജോലി ചെയ്യണമെന്നും ഇവിടെ എല്ലാവരും അങ്ങനെയാണ് ചെയ്യുന്നതെന്നുമായിരുന്നു മാനേജരുടെ മറുപടി- അനിതയുടെ കത്തില്‍ പറയുന്നു. ആ മാനേജരുടെ കീഴില്‍ അന്നക്ക് കടുത്ത നാളുകളാകുമെന്ന്, ഓഫീസിലെ ഒരു പാര്‍ട്ടിക്കിടെ സീനിയർ ജീവനക്കാരന്‍ തമാശയായി പറഞ്ഞിരുന്നു. എന്നാല്‍ അത് ശരിയായിരുന്നെന്നാണ് അവളുടെ അനുഭവം തെളിയിക്കുന്നത്. അനിത ചൂണ്ടിക്കാട്ടി.

ഇതൊരു മുന്നറിയിപ്പാണ്

ഇ.വൈ കമ്പനിയുടെ മനുഷ്യത്വ രഹിതമായ തൊഴില്‍ സംസ്‌കാരത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ് അനിതയുടെ കത്ത്. മനുഷ്യാവകാശത്തെ കുറിച്ച് കമ്പനി പറയുന്ന കാര്യങ്ങളൊന്നും ജീവനക്കാരോട് കാണിക്കുന്നില്ല. ഇത് നിങ്ങള്‍ക്ക് ഉണരാനുള്ള വിളിയായി കാണണം. ജീവനക്കാരുടെ ആരോഗ്യവും മാനസിക നിലയും പരിഗണിച്ചുള്ള തൊഴില്‍ സംസ്‌കാരത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചു തുടങ്ങണം. മകളുടെ മരണാനന്തര ചടങ്ങുകളില്‍ കമ്പനിയില്‍ നിന്ന് ജീവനക്കാര്‍ ആരും പങ്കെടുത്തില്ലെന്നത് വേദനിപ്പിക്കുന്ന അനുഭവമാണ്. അവള്‍ നിങ്ങളുടെ കമ്പനിക്ക് വേണ്ടിയാണ് അവസാനശ്വാസം വരെ നല്‍കിയത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം താന്‍ കമ്പനിയുടെ മാനേജരെ കണ്ടിരുന്നെന്നും എന്നാല്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും അനിത വ്യക്തമാക്കി.

Related Articles
Next Story
Videos
Share it