ഇലക്ട്രിക് ഷോക്ക്! ഇവികള്‍ക്ക് വില കൂടും; 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ചെലവേറും, സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം

വാഹന നികുതി ക്രമീകരിച്ചതിലൂടെ സര്‍ക്കാരിന് 92 കോടി രൂപയുടെ അധിക വരുമാനം
Finance minister KN Balagopal and A man in shock electric car background
canva, Facebook /KN Balagopal
Published on

Read this story in English - Click here

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ വര്‍ധിക്കുമ്പോള്‍ ഇവികള്‍ക്ക് നികുതി കൂട്ടി സംസ്ഥാന സര്‍ക്കാര്‍. 15 ലക്ഷം രൂപ വില വരുന്ന ഇ.വികളുടെ വിലയില്‍ ചുരുങ്ങിയത് അരലക്ഷം രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. കോണ്‍ട്രാക്ട്-സ്‌റ്റേജ് ക്യാരിയറുകളുടെ നികുതിയും ഏകീകരിച്ചിട്ടുണ്ട്. വാഹന നികുതി പരിഷ്‌കാരത്തിലൂടെ സര്‍ക്കാരിന് 101 കോടിയുടെ അധിക വരുമാനമുണ്ടാകും. സ്‌റ്റേജ് ക്യാരിയറുടെ നികുതി കുറച്ചതിലൂടെ 9 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുന്നതിനാല്‍ ഫലത്തില്‍ 92 കോടിയാണ് സര്‍ക്കാരിന് അധികം ലഭിക്കുക.

ഷോക്കടിപ്പിച്ച് ഇവി

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വില വര്‍ധിക്കും. നിലവില്‍ ഈടാക്കിയിരുന്ന 5 ശതമാനം നികുതി, വാഹന വിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചതോടെയാണിത്. ഇതിലൂടെ 30 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വിശദീകരണം.

ഇവി നികുതി ഇങ്ങനെ

  • 15 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8 ശതമാനം

  • 20 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം

  • ബാറ്ററി വാടകക്ക് എടുത്ത് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം

എത്ര കൂടും

ഉദാഹരണത്തിന് 15 ലക്ഷം രൂപ വിലയുള്ള ഒരു വാഹനത്തിന് നിലവില്‍ 15 വര്‍ഷത്തെ നികുതിയായി വാഹന വിലയുടെ അഞ്ച് ശതമാനമാണ് ഈടാക്കിയിരുന്നത് (ഏകദേശം 75,000 രൂപ). ഇത് 8 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുന്നതോടെ നികുതി 1,20,000 രൂപയായി വര്‍ധിക്കും. ഇത് വാഹന വിലയിലും പ്രതിഫലിക്കും.

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ചെലവേറും

കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം കുറക്കാനായി 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയില്‍ 50 ശതമാനം വര്‍ധന വരുത്തി. സ്വകാര്യ വാഹനങ്ങളുടെ നികുതി ഇനത്തില്‍ 110 കോടി രൂപയാണ് സര്‍ക്കാരിന്റെ നിലവിലെ വാര്‍ഷിക വരുമാനം. 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ കാറുകള്‍, ഇരുചക്ര-മുചക്ര വാഹനങ്ങള്‍ എന്നിവയുടെയും നികുതി കൂട്ടിയതിലൂടെ 55 കോടി രൂപ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കോണ്‍ട്രാക്ട് ക്യാരേജ്

കോണ്‍ട്രാക്ട് ക്യാരേജുകളുടെ നികുതി ഏകീകരിക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായി.

പുതിയ നികുതി ഇങ്ങനെ

  • 6-12 സീറ്റുകളുള്ള വാഹനങ്ങള്‍ക്ക് 350 രൂപ നികുതി

  • 13-20 സീറ്റുകളുള്ള വാഹനങ്ങള്‍ക്ക് 600 രൂപ നികുതി

  • 20 ല്‍ അധികം സീറ്റുകളുള്ള വാഹനങ്ങള്‍ക്ക് 900 രൂപ നികുതി

  • സ്ലീപ്പര്‍ ബെര്‍ത്തുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് 1800 രൂപ നികുതിയുണ്ടായിരുന്നത് 1500 രൂപയാക്കി

നിലവില്‍ സര്‍ക്കാരിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം 292 കോടി രൂപ, ഏകീകരണത്തിലൂടെ വരുമാനം 15 കോടി രൂപ വര്‍ധിക്കും
  • ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഓര്‍ഡിനറി സീറ്റിനും പുഷ്ബാക്ക് സീറ്റിനും 2,500 രൂപ നികുതി. ബെര്‍ത്തുകളുള്ള വാഹനങ്ങള്‍ക്ക് ഓരോ ബെര്‍ത്തിനും 4,000 രൂപയാക്കി നിലനിറുത്തി.

നിലവിലെ വരുമാനം 10 കോടി രൂപ. ഇതിലൂടെ 1 കോടിയുടെ അധിക വരുമാനം.

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം

കൂടുതല്‍ യാത്രാ ബസുകള്‍ നിരത്തിലിറക്കാന്‍ ബസ് ഓപറേറ്റര്‍മാരെ പ്രേരിപ്പിക്കാന്‍ സ്‌റ്റേജ് കാരിയര്‍ വാഹനങ്ങളുടെ ത്രൈമാസ നികുതിയില്‍ 10 ശതമാനം ഇളവ് അനുവദിച്ചു. ഇതുമൂലം 9 കോടി രൂപയുടെ വരുമാന കുറവുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com