മയക്കുമരുന്നിലും മദ്യത്തിലും ചെന്നുപെടരുത്; യു.എസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് ഇന്ദ്ര നൂയി

യു.എസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് മയക്കുമരുന്നിലോ അമിത മദ്യപാനത്തിലോ ഏര്‍പ്പെടരുതെന്നും പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഉപദേശിച്ച് പെപ്സികോയുടെ മുന്‍ സി.ഇ.ഒ ഇന്ദ്ര നൂയി. യു.എസിലേക്ക് വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് ജാഗ്രതയോടെ തുടരാനും കുഴപ്പത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും അവര്‍ ഉപദേശിക്കുന്ന 10 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എക്സില്‍ പോസ്റ്റ് ചെയ്തു.

ജോലി സാധ്യതകളെയും ബാധിക്കും

യു.എസിലെ ആദ്യമായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആദ്യ മാസങ്ങളില്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്നും ആരെയാണ് സുഹൃത്തുക്കളായി തിരഞ്ഞെടുക്കുന്നതെന്നും സ്വീകരിക്കുന്ന പുതിയ ശീലങ്ങളെക്കുറിച്ചും കൃത്യമായി ശ്രദ്ധിക്കണം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനത്തിനും വിജയത്തിനും പേരുകേട്ടവരാണെങ്കിലും, ചില യുവാക്കള്‍ മയക്കുമരുന്നുകള്‍ പരീക്ഷിക്കുകയും ഒടുവില്‍ അതിന് അടിമപ്പെടുകയും ചെയ്യാറുണ്ട്. ഇവ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഹാനികരമായ മരുന്നുകളാണെന്നും ഇത് വിദ്യാര്‍ത്ഥികളുടെ ജോലി സാധ്യതകളെയും ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു.

പരിമിതികളെക്കുറിച്ചും അറിഞ്ഞിരിക്കണം

യു.എസിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളോട് യൂണിവേഴ്‌സിറ്റിയും കോഴ്‌സും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കാനും ഇന്ദ്ര നൂയി അഭ്യര്‍ത്ഥിച്ചു. പല വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ആതിഥേയ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പരിചിതമല്ല. യു.എസിലെ നിയമങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. പാര്‍ട്ട് ടൈം ജോലിക്കുള്ള അനുമതിയെക്കുറിച്ചും ഒപ്പം വിദേശ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ അവിടെ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിന്റെ പരിമിതികളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നും അവര്‍ പറഞ്ഞു. യു.എസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ സംബന്ധിച്ച നിരവധി കേസുകള്‍ക്കിടയിലാണ് ഇത്തരമൊരു സന്ദേശവുമായി ഇന്ദ്ര നൂയി എത്തിയത്.

Related Articles
Next Story
Videos
Share it