Begin typing your search above and press return to search.
കെട്ടിട നിര്‍മാണ പെര്‍മിറ്റില്‍ അധികമടച്ചത് തിരിച്ചു കിട്ടും, ചെയ്യേണ്ടത് ഇങ്ങനെ
കെട്ടിട നിര്‍മാണ പെര്‍മിറ്റ്, അപേക്ഷ, ലേ ഔട്ടിന് അംഗീകാരം ലഭിക്കാനുള്ള പരിശോധന എന്നിവയുടെ ഫീസില്‍ കഴിഞ്ഞ വര്‍ഷം വരുത്തിയ വര്‍ധന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തിരുത്തിയത്. തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനാണ് ഫീസ് വര്‍ധിപ്പിച്ചതെന്നും ഇതില്‍ നിന്നും ഒരു വിഹിതം പോലും സംസ്ഥാന സര്‍ക്കാര്‍ എടുക്കാറില്ലെന്നുമാണ് മന്ത്രി എം.ബി രാജേഷിന്റെ വിശദീകരണം. എന്നാല്‍ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ തീരുമാനം തിരുത്തണമെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.
അതേസമയം, ഫീസ് കുറയ്ക്കുന്ന തീരുമാനത്തിന് 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടെന്നും ഈകാലയളവില്‍ പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് അധികതുക തിരിച്ചുനല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി കെ.സ്മാര്‍ട്ട് വഴിയും ഐ.എല്‍.ജി.എം.സ് വഴിയും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഉടന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ തുക കൊടുത്തുതീര്‍ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കും. പണം ഓണ്‍ലൈനായി ലഭ്യമാക്കാനാണ് ആലോചന. ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളില്‍ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവും ഓണ്‍ലൈന്‍ സംവിധാനവും ഉടനുണ്ടാകും. അതിന് ശേഷം റീഫണ്ടിന് അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കൊക്കെ തിരിച്ചു കിട്ടും
ഫീസ് വര്‍ധന നടപ്പിലാക്കിയ 2023 ഏപ്രില്‍ 10 മുതല്‍ പുതിയ തീരുമാനത്തിന് മുന്‍കാല പ്രാബല്യം നല്‍കിയതോടെ അധിക തുക അടച്ച എല്ലാവര്‍ക്കും പണം തിരികെ ലഭിക്കും. ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് എപ്പോഴാണെന്ന് സര്‍ക്കാര്‍ അറിയിച്ചില്ല. തദ്ദേശസ്ഥാപനങ്ങളാണ് പണം തിരികെ നല്‍കേണ്ടത്. ഇവര്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ഇതുവരെ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. അധികം വൈകാതെ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആദ്യമടച്ചാല്‍ റിബേറ്റ്
തദ്ദേശ സ്ഥാപനങ്ങളില്‍ ഒടുക്കേണ്ട ഒരു വര്‍ഷത്തെ വസ്തുനികുതി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം ഏപ്രില്‍ 30നകം ഒടുക്കുകയാണെങ്കില്‍ അഞ്ച് ശതമാനം റിബേറ്റും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകര്‍ക്ക് നല്‍കുന്നത്.
Next Story
Videos