പ്രകൃതി ദുരന്തങ്ങളിലെ ആശങ്ക, പ്രവാസികള്‍ ബന്ധുക്കളെ ഗള്‍ഫിലേക്ക് കൊണ്ടു പോകുന്നു

ജന്മനാടുകളിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ അവരുടെ ബന്ധുക്കളെ ഗള്‍ഫിലേക്ക് കൊണ്ടു പോകുന്ന പ്രവണത വര്‍ധിക്കുന്നു. കേരളമുള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവാസികളും പാക്കിസ്ഥാനി പ്രവാസികളുമാണ് കൂടുതലായി ഈ നീക്കം നടത്തുന്നത്. രണ്ട് രാജ്യങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ സുരക്ഷയോര്‍ത്ത് ആശങ്കയിലാണ് പ്രവാസികളിലേറെയും. നാട്ടില്‍ ശക്തമായ മഴ മാറുന്നത് വരെയെങ്കിലും ബന്ധുക്കളെ കൂടെ നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക പ്രവാസികളും.

ക്യാമ്പുകളിലേക്ക് മാറാന്‍ താല്‍പര്യക്കുറവ്

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താമസം മാറ്റേണ്ടി വരുന്നത്. മെച്ചപ്പെട്ട ജീവിതം നയിച്ചുവരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ക്യാമ്പുകളിലെ ജീവിതം മടുപ്പിക്കുന്നതാണ്. ക്യാമ്പുകളിലെ സ്ഥലപരിമിതി, ശുചിത്വക്കുറവ്, രോഗവ്യാപന ഭീതി തുടങ്ങിയ കാര്യങ്ങള്‍ അവരെ ക്യാമ്പുകളിലേക്ക് മാറാന്‍ അനുവദിക്കുന്നില്ല. എത്ര നാള്‍ അവിടെ താമസിക്കേണ്ടി വരുമെന്ന അനിശ്ചിതത്വനുമുണ്ട്. ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നതിനും വിമുഖതയുള്ളവര്‍ ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് ഗള്‍ഫിലുള്ള കുടുംബനാഥന്‍മാര്‍ വീട്ടുകാരെ ഗള്‍ഫിലേക്ക് താല്‍ക്കാലികമായി മാറ്റുന്നത്.

നെഞ്ചിടിപ്പ് കൂട്ടുന്ന കാലാവസ്ഥാ പ്രവചനം

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങള്‍ ഗള്‍ഫിലുള്ള പ്രവാസികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നു. നാട്ടിലുള്ളവരെക്കാള്‍ കൂടുതല്‍ ആശങ്കയിലും ഭീതിയിലുമാണ് അവര്‍ കഴിയുന്നത്. നിരന്തരം വീടുകളിലേക്ക് വിളിച്ച് സുരക്ഷിതത്വത്തെ കുറിച്ച് അന്വേഷിക്കുന്നവരാണ് അധികവും. നാട്ടിലേക്ക് അവധിയില്‍ വരാനിരുന്നവര്‍ പലരും യാതകള്‍ റദ്ദാക്കിയിട്ടുണ്ട്. പകരം കുടുംബത്തെ അങ്ങോട്ട് കൊണ്ടു പോകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. കേരളത്തിന് പുറമെ കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഏറെയും വീട്ടുകാരെ യു.എ.ഇയിലേക്ക് കൊണ്ടു വന്നിട്ടുള്ളത്. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മംഗലാപുരം സ്വദേശിയായ അഭിഭാഷകന്‍ അവിനാഷ് ഹെഗ്‌ഡെ നാട്ടിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുംടുംബാംഗങ്ങളെ ദുബൈയിലേക്ക് കൊണ്ടു വന്നു. നാട്ടിലുള്ള കുടുംബങ്ങളോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണ് ഹെഗ്‌ഡെ ഈ തീരുമാനം എടുത്തത്. അദ്ദേഹത്തെ പോലെ ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായ, ഗള്‍ഫില്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന ഒട്ടേറെ പ്രവാസികള്‍ സ്വന്തം കുടുംബത്തെ കൊണ്ടു പോയിട്ടുണ്ട്.

Related Articles
Next Story
Videos
Share it