Begin typing your search above and press return to search.
യു.എസ്, ഇംഗ്ലണ്ട് മാതൃകയില്‍ പരീക്ഷാ പരിഷ്കരണം ലക്ഷ്യമിട്ട് ഉന്നതാധികാര സമിതി
യു.എസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ എന്‍ട്രന്‍സ് പരീക്ഷാ മാതൃകകളുടെ വിശദമായ പഠനത്തിലാണ് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള പരീക്ഷാ പരിഷ്കരണത്തിനുളള ഉന്നതാധികാര സമിതി. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ അവതരിപ്പിക്കുന്നതിനുളള സാധ്യതകളാണ് സമിതി പരിശോധിക്കുന്നത്. നാഷണല്‍ ടെസ്റ്റിംഗ് അതോറിറ്റിക്ക് കൂടുതല്‍ വിശ്വാസ്യതയും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്.
നീറ്റ്-യുജി 2024 പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് ജൂണ്‍ 22 നാണ് 7 അംഗ ഉന്നതാധികാര സമതി രൂപീകരിക്കപ്പെട്ടത്. ജൂലൈ ആദ്യ വാരത്തിനുളളില്‍ സമിതി 4 തവണ യോഗം ചേര്‍ന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അനേകം പൊതുജനാഭിപ്രായങ്ങളും വിദഗ്ധ ഉപദേശങ്ങളും ഇതിനോടകം രാധാകൃഷ്ണന്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന ജോലികള്‍ തുടങ്ങിയവ പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനത്തിന് പരിഗണിക്കുന്നത് സംബന്ധിച്ചും സമിതി ആലോചിക്കുന്നുണ്ട്.
ഇംഗ്ലീഷ്, കണക്ക്, സയന്‍സ് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് നടത്തുന്ന അമേരിക്കന്‍ കോളേജ് ടെസ്റ്റിംഗ് (എ.സി.ടി) വര്‍ഷത്തില്‍ 5 മുതല്‍ 7 തവണയാണ് യു.എസില്‍ നടത്തപ്പെടുന്നത്. ക്വാണ്ടിറ്ററ്റീവ് ശേഷി, ഡാറ്റാ അനാലിസിസ് തുടങ്ങിയവ അളക്കുന്ന സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആണ് വേറൊരു മാതൃക. യു.എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയവിടങ്ങളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത എം.സി.എ.ടി പരീക്ഷ അനുസരിച്ചാണ് മെഡിസിന് വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നത്. മെഡിസിന്‍ യു.എസില്‍ ബിരുദ തല വിദ്യാഭ്യാസമായി അല്ല നല്‍കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
Next Story
Videos