കാലവര്‍ഷം ചതിച്ചു; കേരളത്തിന്റെ സമ്പദ് വ്യവസ്ഥ കൂടുതല്‍ വഷളാകും

മണ്‍സൂണ്‍ മഴ കുറഞ്ഞതോടെ കേരളം വരള്‍ച്ചയിലേക്കെന്ന് വിദഗ്ധര്‍. മണ്‍സൂണിന്റെ ആദ്യപകുതി (ജൂണ്‍-ഓഗസ്റ്റ്) അവസാനിക്കുമ്പോള്‍ മൊത്തത്തിലുള്ള മഴയുടെ അളവില്‍ 44% കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈ പകുതിക്ക് ശേഷം സംസ്ഥാനത്ത് മെച്ചപ്പെട്ട മഴ ലഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത് വരള്‍ച്ചയുടെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രവചിച്ചിരുന്നുവെങ്കിലും പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍ നിനോ, ന്യൂനമര്‍ദ്ദങ്ങങ്ങളുടെ കുറവ്, കാലവര്‍ഷക്കാറ്റ് തീരത്ത് കുറഞ്ഞതുമെല്ലാം മഴ കുറയുന്നതിന് കാരണമായി വിദഗ്ധര്‍ പറയുന്നു. വരള്‍ച്ച മൂലം കൃഷി മോശമാകുകയും ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഓഗസ്റ്റില്‍ 90% കുറവ്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലടക്കം രൂക്ഷമായ മഴക്കുറവുണ്ടായി. മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ഓഗസ്റ്റില്‍ ഇത്തവണ മഴയില്‍ 90% കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ 254.6 മില്ലി മീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ഈ വര്‍ഷം ലഭിച്ചത് വെറും 25.1% മാത്രം. 90% കുറവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം 326.6 മില്ലി മീറ്റര്‍ മഴ ഓഗസ്റ്റില്‍ ലഭിച്ചു.ഓഗസ്റ്റ് 15 വരെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (കെ.എസ്.ഇ.ബി) കീഴിലുള്ള പ്രധാന ജലസംഭരണികളിലെ ജലലഭ്യത മൊത്തം സംഭരണ ശേഷിയുടെ 36% മാത്രമാണ്.

ഓഗസ്റ്റ് 25 വരെ സാധാരണയിലും താഴെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മഴ കുറഞ്ഞതോടെ കേരളത്തില്‍ താപനില വളരെ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും ഇത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് 33°c - 37°c ഇടയില്‍ വരെ ഇനി ഉയര്‍ന്നേക്കാം. അതായത് സാധാരണയിലും 3°c മുതല്‍ 4.7° വരെ കൂടുതല്‍ ചൂട്. അതേസമയം വിപണിയില്‍ എസി, കൂളറുകള്‍, ഫാനുകള്‍ എന്നിവ ഈ കാലയളവില്‍ കൂടുതല്‍ വിറ്റഴിയാന്‍ സാധ്യതയുണ്ട്.

പഠനത്തില്‍ ദുരന്തനിവാരണ അതോറിറ്റി

ഐ.എം.ഡി കണക്കുകള്‍ പ്രകാരം 1901 മുതല്‍ 14 തവണ മാത്രമാണ് കേരളത്തില്‍ കാലവര്‍ഷത്തിന്റെ കുറവുണ്ടായത്. അവസാനത്തേത് 2016ലാണ്. 1951 മുതല്‍ രാജ്യം സാക്ഷ്യം വഹിച്ച 15 എല്‍ നിനോ വര്‍ഷങ്ങളില്‍ 1965, 1972, 1987, 2002, 2015 എന്നീ വര്‍ഷങ്ങളിലെ അഞ്ച് എല്‍ നിനോ സംസ്ഥാനത്തെ ബാധിച്ചിരുന്നു. എല്‍നിനോ രൂപപ്പെട്ട 2016ലാണ് സംസ്ഥാനത്ത് അവസാനമായി വരള്‍ച്ച പ്രഖ്യാപിച്ചത്. നിലവില്‍ ഔദ്യോഗികമായി കേരളത്തില്‍ വരള്‍ച്ച പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട പഠനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി.

Related Articles
Next Story
Videos
Share it