
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണമെന്തായിരിക്കാമെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ അപകടത്തിന്റെ സാധ്യതകളെ വിശകലനം ചെയ്യുകയാണ് ഈ മേഖലയിലെ വിദഗ്ധര്‍. നാല് കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിമാനത്തിന്റെ ചിറകിലുള്ള ഫ്‌ളാപ്പുകള്‍ക്ക് തകരാര്‍ സംഭവിച്ചത് അപകടത്തിന് കാരണമായേക്കാമെന്ന് സംശയമാണ് വിദഗ്ധര്‍ ഉയര്‍ത്തുന്നത്. വിമാനത്തിന്റെ ചിറകിന് ചുറ്റമുള്ള കാറ്റിന്റെ ഗതിയെ മാറ്റുകയാണ് ഫ്‌ളാപ്പുകള്‍ ചെയ്യുന്നത്. അഞ്ചു മുതല്‍ 15 ഡിഗ്രി വരെ ചലിപ്പിക്കാന്‍ കഴിയുന്ന ഫ്‌ളാപ്പുകള്‍ വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്റിംഗ് സമയങ്ങളിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കാറ്റിനെ നിയന്ത്രിച്ച് വിമാനത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്.
അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിന്റെ ഫ്‌ളാപ്പുകള്‍ യഥാക്രമമായിരുന്നോ എന്ന് പരിശോധിക്കേണ്ടി വരുമെന്ന് അമേരിക്കയിലെ വ്യോമയാന സാങ്കേതിക വിദഗ്ധനായ ജോണ്‍ എം കോക്‌സ് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുന്ന വിമാനം താഴേക്ക് വരാനുള്ള സാധ്യത വിരളമാണെന്നും കാറ്റിന്റെ ഗതി നിയന്ത്രണത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പക്ഷികള്‍ ഇടിക്കുന്നത് മൂലം വിമാനത്തിന്റെ എഞ്ചിനുകള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളായാനാകില്ലെന്നാണ് പൈലറ്റുമാരുടെ അഭിപ്രായം. അപകടത്തില്‍ പെട്ട വിമാനത്തിന്റെ ടേക്ക് ഓഫ് കുറ്റമറ്റതായിരുന്നെന്നും എന്നാല്‍ പിന്നീട് താഴേക്ക് വന്നതിന് കാരണം എഞ്ചിനുകള്‍ക്ക് പവര്‍ നഷ്ടപ്പെട്ടതാകാമെന്നും മുന്‍ പൈലറ്റായ സൗരഭ് ഭട്‌നാഗര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പക്ഷികള്‍ ഇടിക്കുന്നത് മൂലം രണ്ട് എഞ്ചിനുകളും തകരാനുള്ള സാധ്യത വിദൂരമാണെന്ന് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സാം തോമസ് അഭിപ്രായപ്പെടുന്നു.
എയര്‍ ഇന്ത്യ വിമാനത്തിന്റെ ലാന്റിംഗ് ഗിയര്‍ താഴ്ന്ന നിലയിലായിരുന്നു. ടേക്ക് ഓഫിന് ശേഷം ഇത് വിമാനത്തിന്റെ അടിഭാഗത്ത് ഉള്ളിലേക്ക് ഉയര്‍ത്തി വെക്കേണ്ടതുണ്ട്. യാത്രക്കിടയില്‍ ലാന്റിംഗ് ഗിയര്‍ പുറത്ത് കാണുന്നത് അപകടരമാണെന്നും പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.
വിമാനത്തിന് മുന്നോട്ട് കുതിക്കാനുള്ള ശേഷി നഷ്ടപ്പെട്ടത് എഞ്ചിനുകളുടെ പ്രവര്‍ത്തനം നിലച്ചതാണെന്നാണ് വിദഗ്ധര്‍ക്കിടയിലുള്ള പൊതുവായ അഭിപ്രായം. എന്നാല്‍ രണ്ട് എഞ്ചിനുകളും ഒരേ സമയം പ്രവര്‍ത്തനം നിലക്കുന്നത് എങ്ങനെയെന്ന് ചോദ്യം ഉയരുന്നുണ്ട്. പക്ഷികള്‍ ഇടിച്ചാല്‍ യന്ത്രത്തിന് തകരാര്‍ സംഭവിക്കാം. ഇന്ധനം മലിനമായാലും ഇത് സംഭവിക്കാം. എന്നാല്‍ ഇത് രണ്ടും അസാധാരണായി മാത്രം സംഭവിക്കുന്നതാണ്. ഇതാണ് അപകടത്തിന് കാരണമെങ്കില്‍ അത് അവിശ്വസനീയമാണെന്നും പരിചയ സമ്പന്നരായ പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine