ഇനിയും വേണം 132 വര്‍ഷങ്ങള്‍, ലിംഗസമത്വത്തില്‍ ഇന്ത്യ എത്തിനില്‍ക്കുന്നത് എവിടെയാണ്

വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്-WEF) ഈ വര്‍ഷം പുറത്തിറക്കിയ ആഗോള ലിംഗ വ്യത്യാസ സൂചികയില്‍ (Global Gender Gap Index 2022) 146 രാജ്യങ്ങളാണ് ഇടം നേടിയത്. സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 135 ആണ്. 2021നെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങള്‍ ഇന്ത്യ മെച്ചപ്പെടുത്തി. മുന്‍വര്‍ഷം 156 രാജ്യങ്ങളുടെ പട്ടികയില്‍ 140ആം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഐസ്‌ലാന്‍ഡ് ആണ് ലിംഗസമത്വത്തില്‍ ഒന്നാമതുള്ള രാജ്യം. ഫിന്‍ലാന്‍ഡ്, നോര്‍വെ, ന്യൂസിലാന്‍ഡ്, സ്വീഡന്‍, എന്നിവയാണ് പിന്നാലെ. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, കോംഗോ, ഇറാന്‍ എന്നിവയാണ് അവസാന സ്ഥാനങ്ങളില്‍ ഇടം നേടിയ രാജ്യങ്ങള്‍. ഇപ്പോഴത്തെ നിലയില്‍ ലിംഗ അസമത്വം അവസാനിക്കാന്‍ 132 വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ഡബ്യുഇഎഫിന്റെ വിലയിരുത്തല്‍.

ലിംഗസമത്വം കണക്കാക്കാന്‍ നാല് ഘടകങ്ങളെയാണ് ഡബ്യൂഇഎഫ് പ്രധാനമായും ആശ്രയിക്കുന്നത്. സാമ്പത്തിക രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസ രംഗത്തെ നേട്ടം, രാഷ്ട്രീയ ശാക്തീകരണം, ആരോഗ്യവും അതിജീവനവും എന്നിവയാണ് ഈ നാല് ഘടകങ്ങള്‍.

സാമ്പത്തിക പങ്കാളിത്തവും അവസരവും

തൊഴില്‍ രംഗത്തെ സ്ത്രീ സാന്നിധ്യം, വേതനത്തിലെ തുല്യത, വരുമാനം തുടങ്ങിയവയാണ് ഇവിടെ പരിഗണിക്കുന്നത്. 146 രാജ്യങ്ങളില്‍ 143-ാം സ്ഥാനത്താണ് ഈ വിഭാഗത്തില്‍ ഇന്ത്യ. ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്.

വിദ്യാഭ്യാസ രംഗത്തെ നേട്ടം

ഈ ഉപസൂചികയില്‍ സാക്ഷരതാ നിരക്ക്, വിദ്യാഭ്യാസ കാലയളവില്‍ വിവിധ ഘട്ടങ്ങളിലുള്ള പെണ്‍കുട്ടികളുടെ സാന്നിധ്യം തുടങ്ങിയവയാണ് പരിഗണിക്കപ്പെടുന്നത്. ഈ വിഭാഗത്തില്‍ 107-ാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം പ്രാഥമിക വിദ്യാഭ്യാസം, ത്രിതീയ വിദ്യഭ്യാസം എന്നീ മേഖലകളില്‍ (സ്‌കൂള്‍ പ്രവേശനം) ഇന്ത്യ ആഗോള തലത്തില്‍ തന്നെ ഒന്നാമതാണ്.

രാഷ്ട്രീയ രംഗത്തെ ശാക്തീകരണം

പാര്‍ലമെന്റിലെ സ്ത്രീ സാന്നിധ്യം, വനിതാ മന്ത്രിമാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളാണ് ഈ വിഭാഗത്തില്‍ പരിഗണിക്കുന്നത്. ഇന്ത്യ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയത് വിഭാഗത്തിലാണ്. 146ല്‍ 48-ാം സ്ഥാനത്താണ് രാജ്യം. അതേ സമയം അയല്‍ രാജ്യമായ ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്താണ്.

ആരോഗ്യവും അതിജീവനവും

ജനന സമയത്തെ ലിംഗാനുപാതം, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ പരിഗണിക്കുന്ന ഈ ഉപ വിഭാഗത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലാണ് (146). കഴിഞ്ഞവര്‍ഷം 156 രാജ്യങ്ങളുടെ പട്ടികയില്‍ 155ആമത് ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഏകദേശം 662 മില്യണ്‍ ആണ് രാജ്യത്തെ സ്ത്രീകളുടെ എണ്ണം.

ഇന്ത്യയ്ക്ക് പിന്നില്‍ 11 രാജ്യങ്ങള്‍ മാത്രമാണ് ഉള്ളത്. 2021ല്‍ ലഭിച്ച 0.625ല്‍ നിന്ന് ഇന്ത്യയുടെ സ്‌കോര്‍ ഇത്തവണ 0.629 ആയി ഉയര്‍ന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കുപിന്നില്‍ ആറാമതാണ് ഇന്ത്യയുടെ സ്ഥാനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it