കേരള തീരത്തിനടുത്ത് ചരക്കുകപ്പലില്‍ പൊട്ടിത്തെറി, ജീവനക്കാര്‍ കടലില്‍ ചാടി, അപകടസ്ഥലത്തേക്ക് കുതിച്ചെത്തി നാവികസേന

കപ്പലിലെ തീയണക്കാനുള്ള ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
fire incident reported onboard Singapore-flagged container vessel MV Wan Hai 503
കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലിന്റെ ദൃശ്യം Defense PRO
Published on

കേരളതീരത്ത് വീണ്ടും കപ്പലപകടം. കൊളംബോയില്‍ നിന്ന് കണ്ടെയ്‌നറുകളുമായി മുംബൈയിലേക്ക് പുറപ്പെട്ട ഫീഡര്‍ കപ്പലിന് തീപിടിച്ചു. എം.വി വാന്‍ ഹായ് 503 (MV Wan Hai 503) കപ്പലിലാണ് അപകടം. സിംഗപ്പൂര്‍ പതാകക്ക് കീഴിലുള്ള കപ്പലില്‍ ഒന്നിലധികം പൊട്ടിത്തെറികള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ബേപ്പൂരില്‍ നിന്നും 78 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 144 കിലോമീറ്റര്‍) അകലെയാണ് അപകടമുണ്ടായത്. അടിയന്തര സഹായത്തിനായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സൂറത്ത് എന്ന കപ്പല്‍ എത്തിയിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനവും രംഗത്തിറങ്ങിയിട്ടുണ്ട്.

ജൂണ്‍ ഏഴിന് കൊളംബോയില്‍ നിന്നും മുംബൈയിലെ ജവഹര്‍ ലാല്‍ നെഹ്‌റു തുറമുഖത്തേക്ക് തിരിച്ചതായിരുന്നു കപ്പല്‍. ജൂണ്‍ പത്തിനാണ് മുംബൈ തീരത്ത് എത്തേണ്ടിയിരുന്നത്. 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 18 പേര്‍ കപ്പല്‍ ഉപേക്ഷിച്ച് കടലില്‍ ചാടി. ഇവരെ നാവിക സേന രക്ഷപ്പെടുത്തിയെന്നാണ് വിവരം. ബാക്കി നാല് പേര്‍ക്ക് പൊള്ളലേറ്റതായി വിവരമുണ്ട്. കപ്പലിലെ തീയണക്കാനുള്ള ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ തീരത്തെത്തിച്ചാല്‍ അടിയന്തര ചികിത്സ നല്‍കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

268.7 മീറ്റര്‍ നീളവും 32.3 മീറ്റര്‍ വീതിയുമുള്ള കപ്പലില്‍ അറുന്നൂറോളം കണ്ടെയ്‌നറുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ അമ്പതോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. ബാക്കിയുള്ള കണ്ടെയ്‌നറുകളില്‍ എത്രയെണ്ണത്തിന് തീപിടിച്ചെന്ന കാര്യം വ്യക്തമല്ല. അപകട കാരണവും ഇതുവരെയും വ്യക്തമായിട്ടില്ല. കപ്പലിന്റെ അടിഭാഗത്ത് തീപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

An under‑deck explosion on Singapore‑flagged MV Wan Hai 503 off Kerala on June 9 prompts rapid naval and coast guard rescue operations.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com