

ഇന്ത്യക്കാർക്ക് വിദേശങ്ങളില്‍ നിയമപരമായ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നവീകരിച്ച ഇ-മൈഗ്രേറ്റ് പോർട്ടലും മൊബൈൽ ആപ്പും കേന്ദ്രവിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. വിദേശ രാജ്യങ്ങളിലെ കുടിയേറ്റവും തൊഴിലന്വേഷണവും സുഗമമാക്കുകയാണ് പരിഷ്‌കരിച്ച ഇ-മൈഗ്രേറ്റ് പോര്‍ട്ടലിന്റെ പ്രധാന ഉദ്ദേശമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് തൊഴിലെടുക്കുന്നത്. അതുകൊണ്ടു തന്നെ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതായിരിക്കും പോര്‍ട്ടല്‍. വെബ്സൈറ്റ് കൂടാതെ മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്.
രജിസ്ട്രേഷന്‍, റിക്രൂട്ട്മെന്റ് ട്രാക്കിംഗ്, ആധികാരിക തൊഴിലുടമകളുമായി ബന്ധപ്പെടല്‍, തര്‍ക്കപരിഹാര സംവിധാനം തുടങ്ങിയ സവിശേഷതകളും പോര്‍ട്ടല്‍ വാഗ്ദാനം ചെയ്യുന്നു.
24 മണിക്കൂറും പോര്‍ട്ടലിന്റെ സേവനം ലഭ്യമാണ്. വിവിധ പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് പോര്‍ട്ടല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.
തൊഴിലാളികള്‍ക്ക് അടിയന്തര പ്രശ്‌നപരിഹാരവും പോര്‍ട്ടലില്‍ നിന്ന് ലഭിക്കും. ഡിജിലോക്കര്‍, കടലാസ് രഹിത രേഖാസമര്‍പ്പണം തുടങ്ങിയവ സവിശേഷതകള്‍ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഒരുക്കിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പ്രാദേശിക ഭാഷകളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുളള സംവിധാനവും പോര്‍ട്ടലിന്റെ പ്രത്യേകതയാണ്.
വിദേശ രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങളെക്കുറിച്ചുളള സമഗ്ര വിവരങ്ങള്‍ പോര്‍ട്ടലില്‍ നിന്ന് അറിയാനാകും. ഇതിനായി വണ്‍ സ്റ്റോപ് മാര്‍ക്കറ്റ് പ്ലസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ പേമെന്റിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായാണ് ധാരണയില്‍ എത്തിയിട്ടുളളത്. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നില്ല. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജിലൂടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന സേവനവും പോര്‍ട്ടല്‍ വാഗ്ദാനം ചെയ്യുന്നു.
ഇ-മൈഗ്രേറ്റ് വെബ്സൈറ്റ് ലിങ്ക്: emigrate.gov.in
Read DhanamOnline in English
Subscribe to Dhanam Magazine