

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വ്യാപകമായതോടെ വില്പനയും വാങ്ങലുമെല്ലാം ഈ രീതിയിലേക്ക് മാറിയിരുന്നു. കൂടുതല്‍ ഓഫറുകള്‍ നല്കിയും ഇ.എം.ഐ ഓപ്ഷനുകള്‍ നല്കിയും ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും മിന്ത്രയുമെല്ലാം ഉപയോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ തുടക്കത്തില്‍ വലിയ ഓഫറുകള്‍ നല്കി ഉപയോക്താക്കളെ ആകര്‍ഷിച്ചെങ്കിലും പിന്നീട് ചാര്‍ജില്‍ അടക്കം വര്‍ധന വരുത്തുകയാണുണ്ടായത്. ഇപ്പോഴിതാ, ഇതേ മാര്‍ഗം പിന്തുടരുകയാണ് മറ്റ് ഇ-കൊമേഴ്‌സ് കമ്പനികളും.
ആദ്യഘട്ടത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറിയായി സാധനങ്ങള്‍ വാങ്ങുന്നവരെയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പണം മുന്‍കൂറായി അടയ്ക്കാതെ ഓര്‍ഡര്‍ ചെയ്ത സാധനം കൈയില്‍ കിട്ടുമ്പോള്‍ ഡെലിവറി ചെയ്യുന്നയാളുടെ കൈവശം പണം നല്കുന്ന രീതിയാണിത്. ഇത്തരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറിയിലൂടെ വാങ്ങുന്നവര്‍ക്ക് മേല്‍ പുതിയ ചാര്‍ജ് ഈടാക്കിയിരിക്കുകയാണ് കമ്പനികള്‍.
ഇതേക്കുറിച്ച് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ കേന്ദ്രമന്ത്രി തന്നെ നേരിട്ട് ഇടപെട്ടിട്ടുണ്ട്. കസ്റ്റമേഴ്‌സിന്റെ കൈയില്‍ നിന്ന് അനാവശ്യമായി പണം ഈടാക്കുന്ന കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് വ്യക്തമാക്കിയത്.
സിദ്‌നാന്‍ എന്നൊരാള്‍ എക്‌സില്‍ പങ്കുവച്ച അനുഭവം ഷെയര്‍ ചെയ്താണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓഫര്‍ ഹാന്‍ഡിലിംഗ് ഫീ, പേയ്‌മെന്റ് ഹാന്‍ഡിലിംഗ് ഫീ, പ്രൊട്ടക്ട് പ്രോമിസ് ഫീ എന്നിങ്ങനെ 226 രൂപയാണ് ഇയാളില്‍ നിന്ന് ഇ-കൊമേഴ്‌സ് കമ്പനി ഈടാക്കിയത്.
ഉപയോക്താക്കളില്‍ നിന്ന് സര്‍ക്കാരിന് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും മന്ത്രി എക്‌സില്‍ കുറിച്ചു. ക്യാഷ് ഓണ്‍ ഡെലിവറിയില്‍ സാധനങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
Read DhanamOnline in English
Subscribe to Dhanam Magazine