കടുത്ത ചൂട്: കേരളത്തില്‍ ശീതീകരണ കേന്ദ്രങ്ങള്‍ വരുന്നു
കടുത്ത ചൂട്, സൂര്യാഘാതം എന്നിവ മൂലം അസ്വസ്ഥത അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിന് സംസ്ഥാനത്തുടനീളം സ്ഥിരമായ 'ശീതീകരണ കേന്ദ്രങ്ങള്‍' സ്ഥാപിക്കാന്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) പദ്ധതിയിടുന്നു.
പ്രഥമശുശ്രൂഷ ഉറപ്പാക്കാന്‍
ദുരന്ത നിവാരണ അതോറിറ്റിയുടെ ഹീറ്റ് ആക്ഷന്‍ പ്ലാനിന് (എച്ച്.എ.പി) കീഴില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി. ചൂട് മൂലം ഒരാള്‍ കുഴഞ്ഞു വീണാല്‍ ഉടന്‍ തന്നെ അവരുടെ ശരീരത്തിന്റെ ഊഷ്മാവ് സാധാരണ നിലയിലാക്കാന്‍ ഇടം വേണമെന്ന അതോറിറ്റിയുെട ശുപാര്‍ശ സര്‍ക്കാരും അംഗീകരിച്ചതിനെ തുടര്‍ന്നാണ് പദ്ധതി തയാറാക്കിയത്.
തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ പ്രദേശത്തെ പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തി അവിടെ എയര്‍കണ്ടിഷന്‍ ഉപയോഗിച്ച് ശീതീകരണ സംവിധാനം ഉണ്ടാക്കണം. കടുത്ത ചൂട് മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇവിടെ പ്രഥമശുശ്രൂഷ നല്‍കും. അത്തരം ആളുകള്‍ക്ക് വിശ്രമിക്കാനും ജലാംശം ലഭിക്കാനുമുള്ള സൗകര്യവും അടിയന്തിര ഘട്ടത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കണം.
തണ്ണീര്‍ പന്തലുകള്‍
കടുത്ത ചൂടിനെ തുടര്‍ന്ന് പല സംഘടനകളും 'തണ്ണീര്‍ പന്തലുകള്‍' വിവിധ സ്ഥലങ്ങളില്‍ തുറന്നിട്ടുണ്ട്. അടിയന്തര നടപടിയെന്ന നിലയിലാണ് പന്തലുകള്‍ സ്ഥാപിച്ചത്. അതോടെപ്പം പൊതുജനങ്ങള്‍ കൂടുതല്‍ കൂടുന്ന മാര്‍ക്കറ്റ്, ബസ് സ്റ്റേഷന്‍, റെയിവേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍ പന്തല്‍ പോലെ സ്ഥിരമായ സംവിധാനം ഉണ്ടാക്കണമെന്ന നിര്‍ദേശവും ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.