
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പോകുന്നു. 25ലധികം വിദഗ്ധരെത്തിയിട്ടും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് എഫ് 35 യുദ്ധവിമാനത്തെ ഭാഗികമായി പൊളിച്ച് ഭാഗങ്ങളാക്കി പ്രത്യേക വിമാനത്തില്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനായി ബ്രിട്ടീഷ് സൈന്യത്തിന്റെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനവും സാങ്കേതിക വിദഗ്ധരും ഉടന്‍ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം. വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് സി 17 എങ്കിലും എഫ് 35ന്റെ വീതി കൂടുതലാണെന്നത് തടസമാണ്. തുടര്‍ന്ന് ചിറകുകള്‍ ഊരിമാറ്റിയ ശേഷം വിമാനം കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഫ് 35 വിമാനത്തിന്റെ നിര്‍മാണ രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ അഴിക്കുന്ന ഓരോ സ്‌ക്രൂവിന് പോലും രഹസ്യ കോഡുകളുണ്ടാക്കി സുരക്ഷിതമാക്കും. ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ബ്രിട്ടീഷ് സൈന്യം എന്നിവരുടെ മേല്‍നോട്ടത്തിലാകുമിത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴയും വെയിലുമേറ്റ് കിടന്നിരുന്ന വിമാനത്തെ ഹാംഗറിലേക്ക് മാറ്റാമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ബ്രിട്ടീഷ് സൈന്യം സമ്മതിച്ചിരുന്നില്ല. റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യയടക്കം ചോരുമെന്ന ആശങ്കയാണ് കാരണം. ബ്രിട്ടീഷ് നാവികസേനയുടെ വിമാനം മറ്റൊരു രാജ്യത്ത് വെച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനോടും അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെയും എഫ് 35 യുദ്ധവിമാനം സമാനമായ രീതിയില്‍ എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ട്. 2019 മെയ് മാസത്തില്‍ ഫ്‌ളോറിഡയിലെ എഗ്ലിനില്‍ നിന്നാണ് വിമാനം ഇത്തരത്തില്‍ നീക്കിയത്.
ദിവസങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന എഫ് 35 വിമാനം വിവിധ കമ്പനികളുടെ പരസ്യത്തിലും ട്രോളുകളിലും ഇടം പിടിച്ചു. കേരള ടൂറിസം, മില്‍മ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഏറ്റെടുത്തതിന് പിന്നാലെ രസകരമായ ട്രോളുകളും പ്രചരിച്ചു. കേരളത്തില്‍ നിന്നും വിമാനം കൊണ്ടുപോകാന്‍ ഇനി നോക്കുകൂലി നല്‍കേണ്ടി വരുമോ എന്നായിരുന്നു ചിലരുടെ സംശയം. മറ്റു ചിലരാകട്ടെ ഡോക്ടര്‍ ഉപയോഗിച്ച ഒന്നാന്തരം വിമാനം വില്‍ക്കാനുണ്ടെന്ന് കാട്ടി ഒ.എല്‍.എക്‌സില്‍ വരെ പരസ്യമിട്ടു. ഇതെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കുകയും ചെയ്തു.
നിലവില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ലിമിറ്റഡിനാണ്. വിമാനത്തിന്റെ ടേക്ക് ഓഫ് ഭാരം അടിസ്ഥാനമാക്കിയാണ് ഇവിടെ പാര്‍ക്കിംഗ് ഫീസ് കണക്കാക്കുന്നത്. 10.7 മെട്രിക് ടണ്‍ വരെ ഭാരമുള്ള ചെറിയ വിമാനങ്ങള്‍ക്ക് 5,000 രൂപ വരെയാണ് ദിവസ വാടക ഈടാക്കുന്നത്. 27.3 മെട്രിക് ടണ്‍ ഭാരമാണ് എഫ് 35 വിമാനത്തിനുള്ളത്. അതുകൊണ്ട് പ്രതിദിന വാടകയായി ഏകദേശം 26,261 രൂപ നല്‍കേണ്ടി വരുമെന്നാണ് പ്രതിരോധ വെബ്‌സൈറ്റുകള്‍ നല്‍കുന്ന കണക്ക്. യുദ്ധവിമാനമായതിനാല്‍ സാധാരണ വിമാനങ്ങളുടെ പാര്‍ക്കിംഗ് ചാര്‍ജ് എഫ് 35ന് ബാധകമാകുമോയെന്നും നിശ്ചയമില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചാല്‍ ലക്ഷങ്ങള്‍ ഈയിനത്തില്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്.
ജൂണ്‍ 14നാണ് ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സ് യുദ്ധക്കപ്പലില്‍ നിന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരികെപോകാന്‍ കഴിഞ്ഞിരുന്നില്ല. 11 കോടി അമേരിക്കന്‍ ഡോളര്‍ (ഏകദേശം 935 കോടി രൂപ) വില വരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമാണ് എഫ് 35. അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് വിമാനം നിര്‍മിച്ചത്.
UK’s stranded F‑35B at Thiruvananthapuram Airport may be dismantled and airlifted home by C‑17 after hydraulic failure delays on-site repairs.
Read DhanamOnline in English
Subscribe to Dhanam Magazine