പത്രവാര്‍ത്തകള്‍ ഉപയോഗിക്കാന്‍ ഫേസ് ബുക്കും ഗൂഗിളും പണം നല്‍കേണ്ടി വരും

പത്ര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഉപയോഗിക്കുന്നതിന് ഇനി ഫേസ് ബുക്കും ഗൂഗിളും അടക്കമുള്ള സോഷ്യല്‍ മീഡിയ രാജാക്കന്മാര്‍ പണം നല്‍കേണ്ടി വരും. ഈ ഡിജിറ്റല്‍ ഭീമന്‍മാര്‍ വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. അത് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം തന്നെ മൂന്ന് പ്രസാധകരുമായി പ്രാഥമിക കരാറുകള്‍ ഒപ്പിട്ടതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചു.

ഇതുപോലുള്ള നിയമങ്ങള്‍ ഇന്ത്യ അടക്കം മറ്റു രാജ്യങ്ങളിലെ ഗവണ്മെന്റുകളും നടപ്പാക്കുകയാണെങ്കില്‍ മലയാളത്തിലേതടക്കം ഇന്ത്യയിലെ വിവിധ പത്ര മാധ്യമങ്ങള്‍ക്ക് പുതിയൊരു വരുമാന മാര്‍ഗ്ഗം കൂടി തുറന്നു കിട്ടും.

മാത്രവുമല്ല ഒട്ടും എഡിറ്റിംഗ് ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ആധികാരികമല്ലാത്ത വാര്‍ത്തകള്‍ക്ക് വലിയൊരളവ് വരെ വിരാമം കുറിക്കാനും ഈ നിയമം സഹായിക്കും. ഊഹാപോഹങ്ങളായും മറ്റും പ്രചരിക്കുന്ന ആധികാരികമല്ലാത്ത വാര്‍ത്തകള്‍ പലപ്പോഴും സമൂഹത്തില്‍ വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു എന്ന പരാതി നിലനില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ഈ തീരുമാനം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കുമെന്ന് കരുതപ്പെടുന്നു.

ഓസ്‌ട്രേലിയന്‍ സ്വതന്ത്ര വാര്‍ത്താസ്ഥാപനങ്ങളായ െ്രെപവറ്റ് മീഡിയ, ഷ്വാര്‍ട്ട്‌സ് മീഡിയ, സോള്‍സ്‌റ്റൈസ് മീഡിയ എന്നിവയുമായി താല്പര്യപത്രം ഒപ്പു വെച്ചതായി ഫേസ്ബുക്ക് അറിയിച്ചു. അടുത്ത 60 ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ കരാറുകളില്‍ ഒപ്പുവെക്കുമെന്നും അതോടെ വാണിജ്യ കരാറുകള്‍ ആയി ഇവ മാറുമെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ പറയുന്നു.

'ഈ കരാറുകള്‍ മുന്‍കൂട്ടി പണമടച്ച ചില ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെ ഒരു പുതിയ പ്രീമിയം ജേര്‍ണലിസത്തെ ഫെയ്‌സ്ബുക്കിലേക്ക് കൊണ്ടുവരും,' പ്രസ്താവനയില്‍ പറയുന്നു.

ന്യൂസ് മീഡിയ ബാര്‍ഗൈനിങ് കോഡ് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ നിയമത്തിന്റെ അന്തിമ ഭേദഗതികള്‍ ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റ് വ്യാഴാഴ്ച പാസാക്കിയിരുന്നു. അതോടെ, ഓസ്‌ട്രേലിയക്കാര്‍ക്ക് വാര്‍ത്തകള്‍ ആക്‌സസ് ചെയ്യുന്നതിനും പങ്കിടുന്നതിനുമുള്ള ആറ് ദിവസത്തെ വിലക്ക് നീക്കാന്‍ ഫെയ്‌സ്ബുക്ക് സമ്മതിച്ചു.

പുതിയ നിയമനിര്‍മ്മാണം ലക്ഷ്യമിട്ടിട്ടുള്ള മറ്റൊരു ഡിജിറ്റല്‍ ഭീമനായ ഗൂഗിള്‍ ഇതിനകം തന്നെ ഉള്ളടക്ക ലൈസന്‍സിംഗ് ഡീലുകള്‍ നടത്തിയിട്ടുണ്ട്, അല്ലെങ്കില്‍ ഡീലുകള്‍ നടത്താന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വാര്‍ത്താ പ്രസാധകരായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പും സെവന്‍ വെസ്റ്റ് മീഡിയയും ഇവയില്‍ പെടുന്നു.

ഇന്റര്‍നെറ്റിലേക്കുള്ള പ്രധാനപ്പെട്ട രണ്ട് കവാടങ്ങളായി കരുതപ്പെടുന്ന ഗൂഗിളും ഫേസ് ബുക്കുമായി ഓസ്‌ട്രേലിയന്‍ മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന ഇടപാട് ചര്‍ച്ചകളില്‍ പുതിയ നിയമം നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറയുന്നു.

പുതിയ നിയമപ്രകാരം, ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് ഒരു വാര്‍ത്താ സ്ഥാപനവുമായി കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, പത്രവാര്‍ത്തകള്‍ക്ക് നിയമപരമായി വില നിശ്ചയിക്കാന്‍ ഒരു ആര്‍ബിട്രേഷന്‍ പാനലിനെ നിയമിക്കാം.

ആഗോള സാങ്കേതിക ഭീമന്മാര്‍ ലോകത്തെ മാറ്റുകയാണ്, പക്ഷേ ലോകത്തെ പ്രവര്‍ത്തിപ്പിക്കാന്‍ അവരെ അനുവദിക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്നാണ് മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഓസ്‌ട്രേലിയ പോലുള്ള സ്വതന്ത്ര സമൂഹങ്ങളിലെ ആളുകള്‍ വോട്ടു ചെയ്യുന്നവരാണ്, അതാണ് ലോകം പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ ജേണലിസത്തിന് ന്യായമായ വില നിശ്ചയിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച പുതിയ നിയമത്തെ പരോക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഫെയ്‌സ്ബുക്ക് ഗ്ലോബല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് ബുധനാഴ്ച ന്യൂസ് കോര്‍പ്പിനെതിരെ ഒരു പ്രസ്താവന നടത്തിയിരുന്നു.

സ്വതന്ത്ര കമ്പോളങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേണ്ടി ദീര്‍ഘകാലമായി വാദിച്ചിരുന്ന ഏറ്റവും വലിയ പ്രസാധകരില്‍ ചിലര്‍ ഇപ്പോള്‍ ഗവണ്‍മെന്‍ന്റ് സ്‌പോണ്‍സര്‍ ചെയ്ത വില ക്രമീകരണത്തെ അനുകൂലിക്കുന്നതായി കാണുന്നത് വിരോധാഭാസമാണെന്നാണ് മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി കൂടിയായിരുന്ന നിക്ക് ക്ലെഗ് പറഞ്ഞത്.

തങ്ങളുടെ കമ്പനി ഫേസ്ബുക്കുമായി പേയ്‌മെന്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി ന്യൂസ് കോര്‍പ്പ് ഓസ്‌ട്രേലിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മൈക്കല്‍ മില്ലര്‍ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.

ഓസ്‌ട്രേലിയയിലെ മിക്ക പ്രമുഖ പത്രങ്ങളും യു എസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര മാധ്യമ സാമ്രാജ്യമായ ന്യൂസ് കോര്‍പ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. അത് കൊണ്ട് തന്നെ, ചില വിശകലന വിദഗ്ദ്ധര്‍ വാദിക്കുന്നത് ന്യൂസ് കോര്‍പ്പ് ആണ് യാഥാസ്ഥിതിക ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിനെക്കൊണ്ട് പുതിയ നിയമം പാസ്സാക്കിക്കുന്നതെന്നും അത് കൊണ്ടാണ് ഫെയ്‌സ്ബുക്കിനും ഗൂഗിളിനും പണം നല്‍കേണ്ടി വരുന്നതെന്നുമാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും ഓസ്‌ട്രേലിയയിലെയും തങ്ങളുടെ പത്രമാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഗൂഗിളുമായി വിപുലമായ കരാര്‍ ന്യൂസ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.


Ismail Meladi
Ismail Meladi  

Related Articles

Next Story
Share it