

കാനഡ ആസ്ഥാനമായ ആഗോള നിക്ഷേപക സ്ഥാപനമായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഇന്ത്യന്‍ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ (എന്‍ബിഎഫ്‌സി) ഐഐഎഫ്എല്‍ ഫിനാന്‍സിലെ ഓഹരികള്‍ വിറ്റഴിക്കുന്നു. സ്വര്‍ണപ്പണയ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലും ശാഖകളുള്ള കമ്പനിയാണ് ഐഐഎഫ്എല്‍. ഫെയര്‍ഫാക്‌സിന് കമ്പനിയില്‍ 13.25 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്. ഓഹരിയൊന്നിന് 661 രൂപയ്ക്ക് 3,454 കോടി രൂപയുടെ ബ്ലോക്ക് ഡീലിലൂടെയാണ് ഓഹരി വിറ്റഴിക്കല്‍.
പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കിന്റെ (IDBI Bank) 60.72 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഫെയര്‍ഫാക്സിന്റെ നീക്കം. കേന്ദ്ര സര്‍ക്കാരിന്റെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും (LIC) കൈവശമുള്ള ഓഹരികള്‍ 52,878 കോടിക്ക് ഏറ്റെടുക്കാനാണ് ഫെയര്‍ഫാക്സിന്റെ പദ്ധതി.
ഐഐഎഫ്എല്‍ ഫിനാന്‍സിലെ നിക്ഷേപം വിറ്റൊഴിയുന്നതിലൂടെ ലഭിക്കുന്ന തുക ഈ ഏറ്റെടുക്കലിന് വിനിയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ധനകാര്യ സേവന മേഖലകളില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള ഫെയര്‍ഫാക്സിന്റെ നീക്കത്തിന്റെ ഭാഗമാണിത്.
കേരളത്തിലടക്കം സ്വാധീനമുള്ള ഐഐഎഫ്എല്‍ ഫിനാന്‍സില്‍ അടുത്തിടെ ആഗോള നിക്ഷേപക സ്ഥാപനമായ ബ്ലാക്‌സ്റ്റോണ്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. 5,000 കോടി രൂപ നിക്ഷേപിച്ച് കമ്പനിയില്‍ ഏകദേശം 16 ശതമാനം ഓഹരി പങ്കാളിത്തം നേടാനാണ് ലക്ഷ്യം. മൊത്തം 6,414 കോടിയാണ് ഐഐഎഫ്എല്‍ ഫിനാന്‍സ് സമാഹരിക്കുന്നത്.
ഹോസ്പിറ്റല്‍ രംഗമായിരുന്നു അടുത്ത കാലം വരെ ആഗോള നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യയിലെ ടാര്‍ജറ്റ്. ഇതിനു പിന്നാലെയാണ് എന്‍ബിഎഫ്‌സി മേഖലയിലേക്കും ആഗോള നിക്ഷേപകര്‍ ശ്രദ്ധ മാറ്റുന്നത്. രാജ്യത്തെ സ്വര്‍ണപ്പണയ ബിസിനസില്‍ വലിയ വളര്‍ച്ച സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ആഗോള നിക്ഷേപകരെയും ആകര്‍ഷിക്കുന്നത്. അടുത്തിടെ തൃശൂരിലെ യോഗക്ഷേമം ലോണ്‍സിനെ അടുത്തിടെ ടാറ്റ ക്യാപിറ്റല്‍ ഏറ്റെടുത്തിരുന്നു.