ഹാള്‍മാര്‍ക്ക് മുദ്രയുണ്ടെന്ന് കരുതി കണ്ണടച്ച് സ്വര്‍ണം വാങ്ങാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് പണി വരുന്നുണ്ട്!

സാധാരണക്കാരെ മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനം.
ഹാള്‍മാര്‍ക്ക് മുദ്രയുണ്ടെന്ന് കരുതി കണ്ണടച്ച് സ്വര്‍ണം വാങ്ങാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് പണി വരുന്നുണ്ട്!
Published on

സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷം കടന്നു മുന്നേറുമ്പോള്‍ ഉപഭോക്താക്കളെയും ധനകാര്യ സ്ഥാപനങ്ങളെയും ആശങ്കയിലാഴ്ത്തി വ്യാജ സ്വര്‍ണാഭരണങ്ങളുടെ വ്യാപക വില്പന.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ഹാള്‍മാര്‍ക്ക് എച്ച്‌യുഐഡി (HUID) മുദ്ര പോലും വ്യാജമായി നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്ന വന്‍ ഗൂഢസംഘം സജീവമാണെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) മുന്നറിയിപ്പ്.

ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘത്തെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എകെജിഎസ്എംഎ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസറും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി സംഘടന ചൂണ്ടിക്കാട്ടി.

പണയവിപണിക്കു തിരിച്ചടി

സ്വര്‍ണവിലയിലുണ്ടായ വന്‍ വര്‍ധന മുതലെടുത്താണ് തട്ടിപ്പ് സംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സാധാരണക്കാരെ മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. വ്യാജ HUID മുദ്ര പതിപ്പിച്ച ആഭരണങ്ങള്‍ പണയ സ്ഥാപനങ്ങളില്‍ നല്‍കി കോടികളുടെ വായ്പ തട്ടിയെടുക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചു വരികയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ നിരവധി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്താണ് 'വ്യാജ HUID' ചതിക്കുഴി?

സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആറക്ക ആല്‍ഫാന്യൂമറിക് നമ്പറായ HUID (Hallmark Unique Identification) ദുരുപയോഗം ചെയ്താണ് പുതിയ തട്ടിപ്പ്. യഥാര്‍ത്ഥ സ്വര്‍ണത്തിന്റേതിന് സമാനമായ വ്യാജ മുദ്രകള്‍ മെഷീനുകള്‍ ഉപയോഗിച്ച് ആഭരണങ്ങളില്‍ പതിപ്പിച്ചാണ് വിപണിയില്‍ എത്തിക്കുന്നത്.

ഹാള്‍മാര്‍ക്ക് മുദ്രയുണ്ടെന്ന് കരുതി കണ്ണടച്ച് സ്വര്‍ണം വാങ്ങുകയോ പണയമെടുക്കുകയോ ചെയ്യരുതെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്കുന്നു. സ്വര്‍ണം വാങ്ങുമ്പോഴോ പണയമായി സ്വീകരിക്കുമ്പോഴോ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്പായ 'BIS Care' ഉപയോഗിച്ച് ആഭരണത്തിലെ ആറക്ക HUID നമ്പര്‍ പരിശോധിക്കുക. ഇത് പരിശോധിക്കുന്നതിലൂടെ ഹാള്‍മാര്‍ക്കിങ് കേന്ദ്രത്തിന്റെ പേര്, വിലാസം, ആഭരണം വിറ്റ ജ്വല്ലറിയുടെ വിവരങ്ങള്‍ എന്നിവ കൃത്യമായി സ്‌ക്രീനില്‍ തെളിയും.

വിവരങ്ങള്‍ മാച്ചാകുന്നില്ലെങ്കില്‍ അത് വ്യാജനാണെന്ന് ഉറപ്പിക്കാം. ഹാള്‍മാര്‍ക്ക് മുദ്രകളുടെ ദുരുപയോഗവും വ്യാജാഭരണ വിതരണവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാല്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി ഈ വിഷയം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കഠിനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com