കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കും, ആഭ്യന്തര വിപണിയില്‍ നിന്ന് പിന്മാറരുതെന്ന് ടയര്‍ കമ്പനികളോട് റബര്‍ ബോര്‍ഡ്

ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ടയര്‍ കമ്പനികളുടെ നിലപാടിനെതിരേ റബര്‍ ബോര്‍ഡ് രംഗത്ത്. ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ റബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ യോഗത്തിലാണ് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
റബര്‍ പോലെയുള്ള ദീര്‍ഘകാല വിളയില്‍ പെട്ടെന്നുണ്ടാകുന്ന വിലയിടിവും അനിശ്ചിതത്വവും നല്ലതല്ല. കോമ്പൗണ്ടഡ് റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി ഈ മേഖലയുടെ നിലനില്‍പ്പിന് ആശങ്കയാണ്. റബര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയും വിലയിടിഞ്ഞാല്‍ കൊഴിഞ്ഞുപോക്ക്

ആഭ്യന്തര റബര്‍വില ഇനിയും ഇടിഞ്ഞാല്‍ കര്‍ഷകര്‍ ടാപ്പിംഗില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി. വിലയിടിക്കാന്‍ ശ്രമിക്കുന്ന ടയര്‍ ഉത്പാദകരെയും ഇത് ബാധിക്കും. ആഭ്യന്തര വിപണിയെ തകര്‍ക്കാതെ മുന്നോട്ടു പോകാന്‍ മാര്‍ക്കറ്റില്‍ സജീവമായി ഇടപെടണമെന്നും റബര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു.
വില 180 രൂപയില്‍ താഴെയായതോടെ ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിട്ടുണ്ട്. റബര്‍ വില കൂടിയപ്പോള്‍ വര്‍ധിപ്പിച്ച കൂലിക്ക് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ലെന്നതാണ് പലരും നേരിടുന്ന പ്രതിസന്ധി. വില കൂടിയതോടെ വായ്പയെടുത്തും മറ്റും തോട്ടങ്ങള്‍ ഒരുക്കിയെടുത്തവരും സാമ്പത്തിക ബാധ്യതയിലായിട്ടുണ്ട്.
റബര്‍ ബോര്‍ഡ് വിലയനുസരിച്ച് കോട്ടയം വില നിലവില്‍ 183 രൂപയാണ്. എന്നാല്‍ മിക്കയിടത്തും ചെറുകിട വ്യാപാരികള്‍ 10 രൂപയോളം കുറച്ചാണ് റബര്‍ ശേഖരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ വില 150 രൂപയില്‍ താഴെയാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
Related Articles
Next Story
Videos
Share it