

കാറിന്റെ വിലയേക്കാള്‍ അതിന്റെ നമ്പറിന് വില വരുമോ? മൊബൈല്‍ ഫോണിനേക്കാള്‍ വില അതില്‍ ഉപയോഗിക്കുന്ന സിം നമ്പറിന്? ഒരു നമ്പറിന് വേണ്ടി എത്ര പണം വേണമെങ്കിലും ഇറക്കുമെന്നാണ് ദുബൈയില്‍ നടന്ന ലേലത്തില്‍ പങ്കെടുത്തവര്‍ തെളിയിച്ചത്. മൂന്നര കോടി ദിര്‍ഹം (70 കോടി രൂപ) നല്‍കിയാണ് ദുബൈയിലെ പ്രമുഖ റിയാള്‍ട്ടി കമ്പനി ഉടമ കാറിന്റെ ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്.
ദുബൈ ഭാരണാധികാരിയുടെ നേതൃത്വത്തിലുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ റംസാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഫാന്‍സി നമ്പറുകളുടെ ലേലം നടന്നത്. അഞ്ച് വാഹന രജിസ്‌ട്രേഷന്‍ നമ്പറുകളും 20 ഫാന്‍സി മൊബൈല്‍ സിം നമ്പറുകളുമാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്.
വാഹന നമ്പരുകളില്‍ ഡിഡി സീരീസില്‍ 5,12,15,24,77 എന്നീ നമ്പറുകളിലാണ് ലേലം നടന്നത്. ഇതില്‍ ഏക ഒറ്റ നമ്പറായ ഡിഡി 5 ആണ് ഉയര്‍ന്ന മൂല്യത്തില്‍ വിറ്റുപോയത്. പ്രമുഖ ഡവലപ്പര്‍മാരായ ബിന്‍ഗാട്ടി ഹോല്‍ഡിംഗ്‌സിന്റെ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ഗാട്ടിയാണ് ഇത് സ്വന്തമാക്കിയത്. 2023 ല്‍ ദുബൈയില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍ ഡിഎച്ച് 55 എന്ന നമ്പര്‍ 5.5 കോടി ദിര്‍ഹത്തിന് വിറ്റു പോയിരുന്നു. ഈ റെക്കോര്‍ഡ് ഇപ്പോഴും ഭേദിക്കപ്പെട്ടിട്ടില്ല.
ഇത്തവണ വിലയില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ഡിഡി 12 എന്ന നമ്പറിനാണ്. 1.28 കോടി ദിര്‍ഹം. ഡിഡി 77 ന് 1.26 കോടി ദിര്‍ഹവും ഡിഡി 15 ന് 92 ലക്ഷം ദിര്‍ഹവും ഡിഡി 24 എന്ന നമ്പറിന് 63 ലക്ഷം ദിര്‍ഹവുമാണ് ലഭിച്ചത്.
ലേലത്തിലുണ്ടായിരുന്ന 20 സിം കാര്‍ഡുകളില്‍ ഉയര്‍ന്ന വില ലഭിച്ചത് 058444444 എന്ന നമ്പറിന്. വില 17 ലക്ഷം ദിര്‍ഹം ( 3.91 കോടി രൂപ). മൊബൈല്‍ സേവനദാതാക്കളായ എത്തിലസാത്തിന്റെയും ഡു വിന്റെയും 10 നമ്പറുകള്‍ വീതമാണ് ലേലത്തില്‍ ഉണ്ടായിരുന്നത്. ദുബൈ റോഡ് ആന്റ് ട്രാഫിക് അതോറിറ്റി, ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം തുടങ്ങിയയുടെ കൂടി സഹകരണത്തോടെയാണ് ദുബൈ ബുര്‍ജ് ഖലീഫയിലുള്ള അര്‍മാനി ദുബൈ ഹോട്ടലില്‍ ലേലം സംഘടിപ്പിച്ചത്. മൊത്തം 83.67 കോടി ദിര്‍ഹമാണ് (1983 കോടി രൂപ) ലേലത്തില്‍ നിന്നുള്ള വരുമാനം.
Read DhanamOnline in English
Subscribe to Dhanam Magazine