

ദേശീയ പാതകളിലെ ടോളിനായുള്ള വാര്‍ഷിക പാസ് നിലവില്‍ വന്ന ആദ്യ ദിവസങ്ങളില്‍ വലിയ സ്വീകാര്യത. സ്വാതന്ത്രദിനത്തില്‍ ആരംഭിച്ച വാര്‍ഷിക പാസ് ആദ്യ നാലു ദിവസത്തിനകം അഞ്ചുലക്ഷം പേരാണ് എടുത്തത്. വാര്‍ഷിക പാസ് സ്വന്തമാക്കിയവരില്‍ മുന്നിലുള്ളത് തമിഴ്‌നാടാണ്. തൊട്ടുപിന്നാലെ കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളാണെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ ഫാസ്ടാഗ് വാര്‍ഷിക പാസിലൂടെ നടന്നത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. വാര്‍ഷിക പാസ് നിലവില്‍ വന്ന ഓഗസ്റ്റ് 15ന് 1.4 ലക്ഷം പേരാണ് വാര്‍ഷിക പാസ് എടുക്കുകയും ആക്ടീവ് ചെയ്യുകയും ചെയ്തത്. 1.39 ലക്ഷം ഇടപാടുകള്‍ രാജ്യത്തെ വിവിധ ടോള്‍ പ്ലാസകളില്‍ ആദ്യദിനം നടന്നതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വ്യക്തമാക്കി.
ദേശീയ ഫാസ്ടാഗ് വാര്‍ഷിക പാസുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനും ആക്ടീവേഷനും നടത്തുന്ന രാജ്മാര്‍ഗ് യാത്ര ആപ്പും ജനകീയമായിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ടോപ് റാങ്കിംഗിലുള്ള സര്‍ക്കാര്‍ ആപ്പായി രാജ്മാര്‍ഗ് യാത്ര മാറി. ചുരുങ്ങിയ ദിവസം കൊണ്ട് വലിയ തോതില്‍ ഡൗണ്‍ലോഡ്‌സും ഈ ആപ്പിന് ലഭിച്ചു.
15 ലക്ഷത്തിലധികം ഡൗണ്‍ലോഡിംഗും 4.5 സ്റ്റാര്‍ റേറ്റിംഗും നേടാന്‍ സാധിച്ചു. ട്രാവല്‍ കാറ്റഗറി ആപ്പ് റാങ്കിംഗില്‍ രണ്ടാംസ്ഥാനത്തും മൊത്തത്തില്‍ 23-ാം സ്ഥാനവും രാജ്മാര്‍ഗ് ആപ്പിനാണ്.
സ്ഥിരം യാത്രക്കാര്‍ക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കില്‍ ഒരുവര്‍ഷ കാലാവധി അനുവദിക്കുന്നതാണ് പാസ്. ഒരു വശത്തേക്ക് പ്ലാസ കടന്നുപോകുന്നത് ഒരു ട്രിപ് ആയാണ് കണക്കാക്കുക. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കില്‍ രണ്ടു ട്രിപ്പായാകും പരിഗണിക്കുക. എല്ലാത്തരം വാഹനങ്ങള്‍ക്കും വാര്‍ഷിക പാസ് ലഭ്യമല്ല.
കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ പോലുള്ള സ്വകാര്യ വാഹനങ്ങള്‍ക്കായി വാര്‍ഷിക പാസ് ഉപയോഗിക്കാം. പാസ് ആക്ടീവായ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ പരമാവധി 200 യാത്രകള്‍ക്കോ ആണ് പാസ് ബാധകമാകുന്നത്. 3,000 രൂപ അടച്ചാല്‍ 200 യാത്ര ചെയ്യാമെന്നത് നേട്ടമാണ്. ഒരു ടോള്‍ പ്ലാസ കടക്കാന്‍ ശരാശരി 15 രൂപ മാത്രമേ വരൂവെന്നത് ഉപയോക്താക്കള്‍ക്ക് നേട്ടമാണ്.
ഇടയ്ക്കിടെ ടോള്‍ നല്‍കാന്‍ വാഹനം നിര്‍ത്താതെ തടസ്സമില്ലാതെ യാത്ര ചെയ്യാം
പ്ലാസകളിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നു
എളുപ്പത്തില്‍ ആക്ടിവേഷനും പുതുക്കലും സാധ്യമാക്കുന്ന ഡിജിറ്റല്‍ സൗകര്യം
എല്ലാ ഫാസ്ടാഗ് സൗകര്യമുള്ള ടോള്‍ പ്ലാസകളിലും രാജ്യവ്യാപകമായ കവറേജ്
Read DhanamOnline in English
Subscribe to Dhanam Magazine