

ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വികസന സംരംഭങ്ങളും ഉറപ്പാക്കുന്നതിന് ഫെഡറല്‍ ബാങ്കും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. ബാങ്കിംഗ്, സംരംഭകത്വ ശാക്തീകരണം, സാമ്പത്തിക അവലോകനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
ബാങ്കിന്റെ എംഡിയായി 2024 സെപ്റ്റംബറില്‍ പദവി ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് കെ.വി.എസ് മണിയന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. വ്യവസായ മന്ത്രി പി. രാജീവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കേരളത്തിന്റെ പുരോഗതിയെ മുന്‍നിര്‍ത്തി ഭാവിയെക്കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചയാണ് മുഖ്യമന്ത്രിയുമായി നടത്തിയതെന്ന് കെ.വി.എസ് മണിയന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിനെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ വളര്‍ച്ചയുടെ ഭാഗം തന്നെയാണ് ഞങ്ങളുടെയും വളര്‍ച്ച. വിജയവും അതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തമ ബാങ്കിംഗ് പങ്കാളി എന്നതിനപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ വികസനത്തിനും ശാക്തീകരണത്തിനും ഉത്തേജകമായിക്കൊണ്ട് കേരളത്തിനൊപ്പം വളരുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രങ്ങളിലൂടെ നിരവധി ആളുകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം മാത്രം അഞ്ഞൂറിലധികം പേരാണ് പരിശീലനം പൂര്‍ത്തീകരിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. സഞ്ജീവനി പദ്ധതിയിലൂടെ സംസ്ഥാനത്തെ 600 കാന്‍സര്‍ രോഗികള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ലോക ബാങ്കിന്റെ നിക്ഷേപ വിഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന് ഓഹരി പങ്കാളിത്തമുള്ള ഒരു സ്ഥാപനം കൂടിയാണ് ഫെഡറല്‍ ബാങ്ക്.
ബാങ്കിന്റെ തിരുവനന്തപുരം സോണല്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ ഷിജു കെ.വി, ഗവണ്മെന്റ് ബിസിനസ് മേധാവി കവിത കെ നായര്‍, സീനിയര്‍ മാനേജര്‍ അനീസ് അഹമ്മദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine