

രാജ്യത്തെ ഗോള്‍ഡ് ലോണ്‍ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഫെഡറേഷന്‍ ഓഫ് ഗോള്‍ഡ് ലോണ്‍ കമ്പനീസ് (എഫ്ജിഎല്‍ഒസി) സംഘടിപ്പിച്ച പ്രഥമ ഗോള്‍ഡ് സമ്മിറ്റ് കൊച്ചിയില്‍ നടന്നു. മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഏകീകൃത സംവിധാനമൊരുക്കുന്ന സ്വയംനിയന്ത്രണ സംഘടനയുടെ സാധ്യതയും ഉച്ചകോടിയില്‍ ചര്‍ച്ചയായി. രാജ്യത്തുടനീളമുള്ള സ്വര്‍ണവായ്പാ സ്ഥാപനങ്ങളുടെ നൂറ്ററുപതോളം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും മേഖലയുടെ പുരോഗതിക്കുമായി സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അഭിപ്രായപ്പെട്ടു.
സ്വര്‍ണവായ്പ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ ഏകീകരിക്കുകയാണ് സംഘടന രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം എന്‍ബിഎഫ്സികളുടെ പൊതുവായ ആവശ്യങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും ഏകീകൃത സംവിധാനമൊരുക്കുന്നത് സഹായകരമാകുമെന്നും ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.
മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയുമാണ് എഫ്ജിഎല്‍ഒസി ഒരുക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക, പരിശീലനവും അറിവും ലഭ്യമാക്കുക, ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുക, രാജ്യവ്യാപകമായി കൂടുതല്‍ ശക്തമായ ഒരു ബിസിനസ് ശൃംഖല രൂപീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഗോള്‍ഡ് ലോണ്‍ കമ്പനികളെ എഫ്ജിഎല്‍ഒസിയിലേക്ക് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വളര്‍ച്ച ഉറപ്പാക്കുമെന്നും എഫ്ജിഎല്‍ഒസി സിഇഒ പിനാകിനാഥ് ബാനർജി പറഞ്ഞു.
കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ജോര്‍ജ് തോമസ്, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ സിഇഒ പി.ഇ മത്തായി, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ വി.പി നന്ദകുമാര്‍ എന്നിവരും സമ്മിറ്റില്‍ സംസാരിച്ചു. ചടങ്ങില്‍ എഫ്ജിഎല്‍ഒസിയുടെ ഔദ്യോഗിക ലോഗോ പുറത്തിറക്കി.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്‌പോര്‍ട്ട് ഡയറക്ടര്‍ ഹന്ന മുത്തൂറ്റ്, വിനോദ് കോത്താരി ആന്‍ഡ് കണ്‍സല്‍ട്ടന്റ്‌സിന്റെ സ്ഥാപകന്‍ വിനോദ് കോത്താരി, ക്രിസില്‍ റേറ്റിംഗ്‌സ് ലിമിറ്റഡ് സീനിയര്‍ ഡയറക്ടര്‍ അജിത് വെലോണി, ക്രിഫ് ഹൈമാര്‍ക്ക് ക്രെഡിറ്റ് ഏജന്‍സിയുടെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അഭിരാമി ബി, യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഓ യുമായ ഉണ്ണികൃഷ്ണന്‍ ഐ,ഗൂഗിള്‍ ഇന്ത്യ പ്രതിനിധി ദീപാഞ്ചന്‍ ഭട്ടാചാര്യ, ഇക്കോണ്‍സ് ഐടി സൊലൂഷന്‍ പ്രതിനിധി മിഥുന്‍ കദം, വോഡഫോണ്‍ ഐഡിയ പ്രതിനിധി ജെ വിജയസാരഥി എന്നിവരും പ്രസംഗിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine