ഖത്തര്‍ തുണച്ചു; ഫിഫയ്ക്ക് 7.5 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വരുമാനം

2018-22 കാലയളവില്‍ 7.5 ബില്യണ്‍ ഡോളര്‍ വരുമാനം നേടി ഫിഫ. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട നാല് വര്‍ഷത്തെ വരുമാനം ആണിത്. 2018ലെ റഷ്യന്‍ ലോകകപ്പ് സര്‍ക്കിളില്‍ 6.4 ബില്യണ്‍ ഡോളറായിരുന്നു ഫിഫയുടെ വരുമാനം. ഇത്തവണ വരുമാനത്തില്‍ ഒരു ബില്യണ്‍ ഡോളറിലധികം വര്‍ധനവാണ് ഉണ്ടായത്.

മികച്ച സ്‌പോണ്‍സര്‍ഷിപ്പുകളും ഒപ്പം ടൂര്‍ണമെന്റിന്റെ ചെലവ് കുറഞ്ഞതുമാണ് വരുമാനം ഉയരാന്‍ കാരണം. ഖത്തര്‍ സര്‍ക്കാരിന് കീഴിലുള്ള ഖത്തര്‍ എനര്‍ജി, ഖത്തര്‍ എയര്‍വെയ്‌സ്, ടെലികോം കമ്പനി OOredoo, ഖത്തറി നാഷണല്‍ ബാങ്ക് തുടങ്ങിയവ ലോകകപ്പിന് ഫിഫയുമായി സഹകരിക്കുന്നുണ്ട്. ഇത്തവണ ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളും 50 കി.മീ ചുറ്റളവിലാണ്. യാത്ര, താമസം തുടങ്ങിയ കാര്യങ്ങളില്‍ ചെലവ് വന്‍തോതില്‍ കുറയാന്‍ ഇത് കാരണമായി. അടുത്ത 4 വര്‍ഷം കൊണ്ട് വരുമാനം ഫിഫയുടെ വരുമാനം 10 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍. 2026 ലോകകപ്പ് മെക്‌സിക്കോ, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങളിലായി ആണ് ഫിഫ നടത്തുന്നത്.

42 ടീമുകളാവും അടുത്ത ലോകകപ്പില്‍ മത്സരിക്കുക. ഖത്തറില്‍ മത്സരിക്കുന്നത് 32 ടീമുകളാണ്. 440 മില്യണ്‍ ഡോളറാണ് ഈ വര്‍ഷം ഫിഫ പ്രൈസ് മണിയായി നല്‍കുന്നത്. കിരീടം നേടുന്നവര്‍ക്ക് 42 മില്യണ്‍ ഡോളറാണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 30 മില്യണും മൂന്നാം സ്ഥാനക്കാര്‍ക്ക് 27 മില്യണും ആണ് നല്‍കുന്നത്. ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ലോകകപ്പ് ആണ് ഖത്തറിലേത്. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകകപ്പിനായി കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഖത്തര്‍ 220 ബില്യണ്‍ ഡോളറോളം ആണ് ചെലവാക്കിയത്. 1.7 ബില്യണ്‍ ഡോളറാണ് ഈ ലോകകപ്പിലെ ഫിഫയുടെ ചെലവ്. 2018ലെ ലോകകപ്പിനായി് 14.2 ബില്യണ്‍ ഡോളറായിരുന്നു റഷ്യ ചെലവാക്കിയത്.

Related Articles
Next Story
Videos
Share it