വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കണം ഈ കോച്ചിംഗ് സെന്ററിന്റെ കാര്യം, പിരിച്ചത് കോടികള്‍, ശമ്പളം രണ്ടു കോടി വരെ, ഇ.ഡിയുടെ കള്ളപ്പണ കേസ്, ഒടുവില്‍ സെന്റര്‍ പൂട്ടി ഉടമകള്‍ മുങ്ങി, നഷ്ടം ആര്‍ക്ക്?

ഏതാണ്ട് 12 കോടിയോളം രൂപ ഉടമകള്‍ തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘം കരുതുന്നത്
FIITJEE coaching class
Facebook/ FIITJEE
Published on

വിദ്യാര്‍ത്ഥികളില്‍ നിന്നും കോടികള്‍ ഫീസ് പിരിച്ച ശേഷം സെന്ററുകള്‍ അടച്ച് മുങ്ങിയ കോച്ചിംഗ് സ്ഥാപനത്തിനെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷണം. എഫ്.ഐ.ഐ.റ്റി.ജെ.ഇ.ഇ (FIITJEE) എന്ന കോച്ചിംഗ് സ്ഥാപനത്തിന്റെ ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പത്തോളം സെന്ററുകളില്‍ ഇ.ഡി പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ.ഡി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇക്കണോമിക് ഒഫന്‍സസ് വിംഗ്) സ്ഥാപന ഉടമകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇ.ഡി നീക്കം. കോച്ചിംഗ് സെന്ററിന്റെ സ്ഥാപകനായ ഡി.കെ ഗോയലിന്റെ വസതിയിലും പരിശോധന നടത്തിയെന്നാണ് വിവരം.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന നിരവധി കോച്ചിംഗ് സെന്ററുകളാണ് മുന്‍കൂട്ടി അറിയിക്കാതെ അടച്ചുപൂട്ടിയത്. രാജ്യത്ത് 75ലധികം കോച്ചിംഗ് സെന്ററുകളാണ് സ്ഥാപനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ ഗാസിയാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലെ സെന്ററുകള്‍ അപ്രതീക്ഷിതമായി പൂട്ടി. പരീക്ഷക്ക് ആഴ്ചകള്‍ മാത്രമുള്ളപ്പോഴായിരുന്നു സ്ഥാപനത്തിന്റെ നീക്കം. ഒരു അധ്യയന വര്‍ഷത്തിലേക്ക് മുന്‍കൂറായി പണം അടച്ച വിദ്യാര്‍ത്ഥികള്‍ ഇതോടെ കുടുങ്ങി. സ്ഥാപനത്തില്‍ നിന്നും കൃത്യമായ അറിയിപ്പ് ലഭിച്ചില്ലെന്നും പണം തിരികെ ലഭിച്ചിട്ടില്ലെന്നും മാതാപിതാക്കള്‍ പരാതിപ്പെടുന്നു. ഇരുന്നൂറിലധികം പരാതികളാണ് ഇതിനോടകം സ്ഥാപനത്തിനെതിരെ ലഭിച്ചത്.

ഏതാണ്ട് 12 കോടിയോളം രൂപ ഇങ്ങനെ തട്ടിയെടുത്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഈ പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയോ മറ്റേതെങ്കിലും ബിസിനസിലേക്ക് വകമാറ്റുകയോ ചെയ്‌തെന്നും സംശയമുണ്ട്. ഫെബ്രുവരിയില്‍ മുന്നൂറോളം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 60 ലക്ഷം രൂപ നോയിഡ പൊലീസ് കണ്ടെടുത്തിരുന്നു.

രണ്ട് കോടി വരെ ശമ്പളം, പ്രതിസന്ധിയിലേക്ക് നയിച്ചതെന്ത്?

മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ഡി.കെ ഗോയല്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് ഡല്‍ഹിയില്‍ തുടങ്ങിയ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, ജെ.ഇ.ഇ കോച്ചിംഗ് സെന്റര്‍ രാജ്യമാകെ വളരുകയായിരുന്നു. പ്രതിവര്‍ഷം 15 ലക്ഷം രൂപ മുതല്‍ രണ്ടുകോടി രൂപ വരെ ശമ്പളം വാങ്ങിയിരുന്നവരാണ് ഇവിടുത്തെ അധ്യാപകര്‍. എന്നാല്‍ ലൈസന്‍സിംഗ്, ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് സ്ഥാപനത്തിനെതിരെ അധികൃതര്‍ നടപടി കടുപ്പിച്ചതോടെ പ്രതിസന്ധി ആരംഭിച്ചു. അധ്യാപകരുടെ ശമ്പളം മുടങ്ങിയതോടെ പലരും രാജിവെച്ചു. ഇതോടെ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിരുന്നവരും പതിയെ പിന്മാറി. ഇതോടെ പ്രതിസന്ധി രൂക്ഷമായി പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രതിസന്ധി താത്കാലികമാണെന്നും തിരിച്ചുവരുമെന്നുമാണ് സ്ഥാപന ഉടമകള്‍ പറയുന്നത്. എതിരാളികളായ മറ്റ് കോച്ചിംഗ് സെന്ററുകളാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com