Begin typing your search above and press return to search.
200 ലധികം വിമാനങ്ങള്‍, ശക്തമായ വിമാന കമ്പനിയാകാനൊരുങ്ങി എയര്‍ഇന്ത്യ; വിസ്താര ലയനം ദീപാവലിക്ക് ശേഷം
എയർ ഇന്ത്യയും വിസ്താരയും തമ്മിലുളള ലയനത്തിന് ആവശ്യമായ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ലയനശേഷം 211 ഓളം വിമാനങ്ങളുളള കമ്പനിയായി എയര്‍ ഇന്ത്യ മാറും. ഇത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി എന്ന നേട്ടവും വിദേശ സർവീസുകളുള്ള ഏറ്റവും വലിയ വിമാനക്കമ്പനി എന്ന നേട്ടവും എയര്‍ഇന്ത്യക്ക് സമ്മാനിക്കും.
ടാറ്റ ഗ്രൂപ്പിന് 74.9 ശതമാനം ഓഹരിയുണ്ടാകും
വിസ്താരയിൽ 49 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവില്‍ സിംഗപ്പൂർ എയർലൈൻസിനുളളത്. എയര്‍ഇന്ത്യയുമായുളള ലയനത്തിന് ശേഷം 25.1 ശതമാനം ഓഹരി സിംഗപ്പൂർ എയർലൈൻസിന് ഉണ്ടായിരിക്കും. ഇതിനായി സിംഗപ്പൂർ എയർലൈൻസ് 2,059 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം എയര്‍ഇന്ത്യയില്‍ നടത്തും. എഫ്.ഡി.ഐക്കുളള അന്തിമ അനുമതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്നാണ് കരുതുന്നത്. എയർ ഇന്ത്യയുടെ ശേഷിക്കുന്ന 74.9 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പായിരിക്കും കൈവശം വെക്കുക.
കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സി.സി.ഐ), ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) തുടങ്ങിയ ഏജന്‍സികള്‍ ലയനത്തിന് ആവശ്യമായ അനുമതികള്‍ നേരത്തേ നല്‍കിയിട്ടുണ്ട്. ലയനത്തിന് ശേഷം വിസ്താര എയർലൈൻസ് ഇല്ലാതാകും. തിരക്കേറിയ ഉത്സവ യാത്രാ സീസണിലെ തടസങ്ങൾ ഒഴിവാക്കാൻ ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞ് നവംബർ ഒന്നിന് ശേഷം ലയനം പൂര്‍ത്തിയാക്കാനുളള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ലയനം നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഉണ്ടാകും
ദീപാവലിക്ക് ശേഷം ഉത്തരേന്ത്യയില്‍ മഞ്ഞുകാല മൂടൽമഞ്ഞ് ആരംഭിക്കുന്ന ഡിസംബര്‍ 20 ന് മുമ്പുള്ള കാലയളവിലായിരിക്കും ലയനം നടക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എഫ്.ഡി.ഐ അനുമതിക്ക് ശേഷം എ.ഐ-വിസ്താര ലയനത്തിന്റെ സമയക്രമം കമ്പനി യാത്രക്കാരെ അറിയിക്കുന്നതാണ്. ലയനം പൂര്‍ത്തിയായതിനു ശേഷമുളള തീയതികളില്‍ വിസ്താര ഫ്ലൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനത്തിലും സമയത്തിലും ഉണ്ടാകുന്ന മാറ്റം സംബന്ധിച്ച് എയര്‍ഇന്ത്യ അറിയിപ്പ് നല്‍കും.
വിമാന യാത്രകള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ശീതകാല കാലാവസ്ഥയുടെ സങ്കീർണതകൾ അനുഭവപ്പെടുന്നതിനു മുമ്പായി ലയനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത് ലയനത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുളള പ്രാരംഭ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുയോജ്യമായ സമയമാണ്. 18,000 കോടി രൂപയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് 2021 ഒക്ടോബറിലാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
Next Story
Videos