ആരു പറഞ്ഞു! യു.പി.ഐ ഇടപാടിന് ചാര്‍ജ് ഈടാക്കില്ലെന്ന് വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍; ദേ കിടക്കുന്നു! പേ ടിഎം ഓഹരി വില 10 ശതമാനം താഴെ; വ്യാപാരികള്‍ക്കോ, ആശ്വാസം

എം.ഡി.ആർ നയം പുനഃപരിശോധിക്കണമെന്ന് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ
happy indian women, upi interface, a small shop
image credit : canva
Published on

വലിയ യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഈടാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബാങ്കുകളെയും യു.പി.ഐ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെയും പിന്തുണയ്ക്കുന്നതിനായി 3,000 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആര്‍ ഈടാക്കുമെന്നത് പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും വിശദീകരണത്തില്‍ പറയുന്നു.

അതേസമയം, യുപിഐ ഇടപാടുകൾക്കുള്ള സീറോ എംഡിആർ നയം പുനഃപരിശോധിക്കണമെന്ന് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ഈ വർഷം ആദ്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2020 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന സീറോ എംഡിആർ നയം കാരണം ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും സംഘടന കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. യുപിഐ സേവനങ്ങൾ പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനും 10,000 കോടി രൂപയാണ് വാര്‍ഷിക ചെലവ്. ഈ വെല്ലുവിളി മറികടക്കുന്നതിനാണ് എം.ഡി.ആർ ഏർപ്പെടുത്തണമെന്ന നിര്‍ദേശം സംഘടന മുന്നോട്ടു വെച്ചത്.

13,100 കോടിയിലധികം യുപിഐ ഇടപാടുകളാണ് 2023-24 സാമ്പത്തിക വർഷത്തിൽ നടന്നത്. 200 ലക്ഷം കോടി രൂപ മൂല്യമുളളതായിരുന്നു ഇടപാടുകള്‍.

പേ ടിഎം

യുപിഐ ഇടപാടുകളിൽ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എം.ഡി.ആർ) ചാർജുകൾ തിരികെ കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾ ധനകാര്യ മന്ത്രാലയം നിരസിച്ചതിനെത്തുടർന്ന് പേ ടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികൾ ഇന്ന് ഇന്‍ട്രാഡേയില്‍ ഏകദേശം 10 ശതമാനം വരെ ഇടിഞ്ഞു. രാജ്യത്തെ നിരവധി യുപിഐ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് പേ ടിഎം. യുപിഐ വിപണിയിൽ സിംഹഭാഗവും കൈവശം വച്ചിരിക്കുന്ന ഫോൺപേ, ഗൂഗിൾ പേ പോലുള്ള കമ്പനികളിൽ നിന്ന് പേ ടിഎം കടുത്ത മത്സരമാണ് നേരിടുന്നത്.

Finance Ministry dismisses MDR charge reports on UPI transactions, reaffirming commitment to digital payments.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com