Begin typing your search above and press return to search.
ഓണക്കാലത്ത് പൊതു വിപണിയില്‍ വിലക്കയറ്റത്തിന് സാധ്യത; സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചു
ഓണക്കാലത്ത് പൊതു വിപണിയില്‍ ഉണ്ടാകാനിടയുളള വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപറേഷന് 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
കൂടുതല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുളള ശ്രമങ്ങള്‍
ഓണക്കാലത്ത് പച്ചക്കറി-പലവ്യഞ്ജനങ്ങള്‍ക്ക് വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് സപ്ലൈകോയുടെ വിലയിരുത്തല്‍. സപ്ലൈകോ സ്‌റ്റോറുകളില്‍ കൂടുതല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചാല്‍, പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
ഓണക്കാലത്ത് സബ്സിഡി സാധനങ്ങളുടെ ക്ഷാമം പൂർണമായും പരിഹരിക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് സപ്ലൈകോ. സബ്സിഡി സാധനങ്ങളിൽ മല്ലി, മുളക്, വെളിച്ചെണ്ണ, മട്ടയരി, ജയ അരി, ചെറിയ കടല, പീസ് പരിപ്പ് തുടങ്ങിയവ സ്റ്റോറുകളില്‍ ആവശ്യത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ വൻപയർ, ചെറുപയർ, പഞ്ചസാര, പച്ചരി, തുവരപ്പരിപ്പ്, ഉഴുന്ന് തുടങ്ങിയവയുടെ ലഭ്യത ആവശ്യത്തിന് ഇല്ലെന്ന പരാതികള്‍ ആളുകള്‍ ഉന്നയിക്കുന്നുണ്ട്. സ്റ്റോറുകളില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പഞ്ചസാര ലഭ്യമല്ലെന്നും പരാതിയുണ്ട്.
120 കോടി അധികമായി നല്‍കും
ഓണത്തിനു മുമ്പ് തന്നെ 13 ഇനം സബ്സിഡി സാധനങ്ങളും സ്റ്റോറുകളില്‍ എത്തിക്കാനുളള ശ്രമങ്ങളിലാണ് അധികൃതര്‍. സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നവരില്‍ ഭൂരിഭാഗവും സപ്ലൈകോയുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ നാലുമുതൽ ഓണച്ചന്ത തുടങ്ങാനുളള തയാറെടുപ്പിലാണ് സപ്ലൈകോ. ഓണക്കാലത്ത് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി, സബ്‌സിഡിയേതര സാധനങ്ങള്‍ കൂടുതലായി എത്തിക്കാനുളള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
വിപണിയില്‍ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ ഈ സാമ്പത്തിക വർഷത്തെ ബജറ്റില്‍ 205 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. കഴിഞ്ഞ മാസം 100 കോടി രൂപ സപ്ലൈകോയ്ക്ക് ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതുകൂടാതെ 120 കോടി രൂപ നൽകാനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. റവന്യു, പോലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാർ, എ.ഡി.എം, ആർ.ഡി.ഒ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങുന്ന സംഘം ഓരോ ജില്ലകളിലും സ്ക്വാഡുകളായാണ് പരിശോധനകള്‍ നടത്തുക.
Next Story
Videos