സാമ്പത്തിക പ്രതിസന്ധി രൂക്ഷം! എസ്.സി സഹായ പദ്ധതിയില്‍ ₹500 കോടി കുറച്ചു, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനും കടുംവെട്ട്

വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പടക്കം വെട്ടിക്കുറച്ചതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
chief minister pinarayi vijayan speaking in an event
canva , Facebook/Pinarayi vijayan
Published on

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പട്ടികജാതി വിഭാഗത്തിനുള്ള സഹായ പദ്ധതികള്‍ക്ക് നീക്കി വച്ചിരുന്ന 1,370 കോടി രൂപയില്‍ 500 കോടി സംസ്ഥാന സര്‍ക്കാര്‍ വെട്ടി. ഇതിനുപുറമെ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പകുതിയാക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വകുപ്പുകള്‍ക്ക് അനുവദിച്ചിരുന്ന പദ്ധതി വിഹിതം പകുതിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നീക്കം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പടക്കം വെട്ടിക്കുറച്ചതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ 60 ശതമാനം വരെയാണ് കുറവ്. വിദ്യാഭ്യാസ സഹായ പദ്ധതി, ലൈഫ് മിഷനില്‍ വീടും ഭൂമിയും നല്‍കുന്ന പദ്ധതി തുടങ്ങിയവയിലെ വിഹിതമാണ് കുറച്ചത്. ലൈഫ് ഭവന പദ്ധതി വഴി വീടുവക്കാന്‍ ബജറ്റില്‍ വകയിരുത്തിയ 300 കോടി രൂപ 120 കോടി രൂപയായി കുറച്ചു. ഭാഗികമായി നിര്‍മിച്ചിരുന്ന വീടുകള്‍ പൂര്‍ത്തിയാക്കാന്‍ 220.06 കോടി രൂപ അനുവദിച്ചിരുന്നത് 173.06 കോടി രൂപയാക്കി കുറച്ചു. വീടുവക്കാന്‍ ഭൂമി വാങ്ങാന്‍ അനുവദിച്ചിരുന്ന 170 കോടി 70.25 കോടി രൂപയാക്കി. ഇതിന് പുറമെ ഹൗസിംഗ് ബോര്‍ഡ് വഴി നടപ്പാക്കുന്ന എം.എന്‍ സ്മാരക ലക്ഷം വീട് പദ്ധതിക്ക് വേണ്ടി നീക്കി വച്ച 3 കോടി ഒരുകോടി രൂപയാക്കി കുറക്കുകയും ചെയ്തു. പട്ടികജാതി വിഭാഗങ്ങളുടെ പദ്ധതി വെട്ടിക്കുറച്ചതിലൂടെ ഏതാണ്ട് 500 കോടിയിലധികം രൂപ ലാഭിക്കാനാകുമെന്നാണ് ഏകദേശ കണക്ക്.

സ്‌കോളര്‍ഷിപ്പ് വെട്ടി!

പ്രൊഫസര്‍ ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസസ് ഫീസ് റീ ഇമ്പേഴ്‌സ്‌മെന്റ്, വിദേശത്ത് പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ്, മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് എന്നിവയിലടക്കമാണ് സര്‍ക്കാരിന്റെ കടുംവെട്ട്. ഇതോടെ പകുതിയോളം വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പില്‍ നിന്നും പുറത്താക്കേണ്ടി വരും.

വ്യാപക പ്രതിഷേധം

അതേസമയം, സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വെട്ടിക്കുറച്ചവ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് പാവപ്പെട്ട കുട്ടികളുടെ സ്‌കോളര്‍ഷിപ്പിലും സര്‍ക്കാര്‍ കൈവച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com