

ചൂടുകാലത്ത് പഴയ എ.സി മാറ്റി പുതിയത് വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. എട്ട് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എ.സിക്ക് പകരം പുതിയ ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള എ.സി വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍സെന്റീവ് പദ്ധതി വരുന്നു. പഴയ വാഹനങ്ങള്‍ പൊളിച്ച് പുതിയത് വാങ്ങുമ്പോള്‍ ഇന്‍സെന്റീവ് ലഭിക്കുന്നതിന് സമാനമായ പദ്ധതിയാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ആറ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയും മാറ്റാനുള്ള നിര്‍ദ്ദേശം മന്ത്രാലയത്തിന് മുന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റീസൈക്ലിംഗ് കേന്ദ്രങ്ങളില്‍ പഴയ എ.സി വില്‍ക്കുകയാണ് ആദ്യം വേണ്ടത്. ഇവിടെ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയ എ.സി ഡിസ്‌കൗണ്ട് നിരക്കില്‍ വാങ്ങാവുന്നതാണ്. ഈ തുക വൈദ്യുത ബില്ലില്‍ കുറവു വരുത്താന്‍ കഴിയുമോയെന്നും സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവിധ നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും അധികം വൈകാതെ പദ്ധതി നടപ്പിലാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.പദ്ധതിയെക്കുറിച്ച് എ.സി കമ്പനികളുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. പഴയതിന് പകരം ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള പുതിയ എ.സി സ്ഥാപിക്കുന്നതോടെ ചൂടുകാലത്തെ വൈദ്യുത ഉപയോഗം ഗണ്യമായി കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) രാജ്യത്തെ ആകെ ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തിന്റെ നാലിലൊന്നും എ.സി അനുബന്ധ ഉപകരണങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയെന്നാണ് കണക്കുകള്‍. നഗരവത്കരണവും ചൂടും കൂടിയതോടെ മിക്ക വീടുകളിലും എ.സി സാധാരണ ഇലക്ട്രോണിക് ഉപകരണമായി മാറി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 84 ലക്ഷം എ.സി രാജ്യത്ത് ആവശ്യമായി വന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1.09 കോടിയായി വര്‍ധിച്ചെന്നാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ കണക്ക്. 2027-28 ആകുമ്പോള്‍ രാജ്യത്തെ 21 ശതമാനം വീടുകളിലും 2037-38ല്‍ 40 ശതമാനം വീടുകളിലും എ.സിയുണ്ടാകുമെന്നാണ് കണക്ക്.
എന്നാല്‍ പല വീടുകളിലും ഓഫീസുകളിലുമുള്ള ത്രീ സ്റ്റാര്‍ എനര്‍ജി റേറ്റിംഗ് എ.സികള്‍ വൈദ്യുത ഉപഭോഗത്തില്‍ മുന്‍പന്തിയിലാണ്. മണിക്കൂറില്‍ 1.5 മുതല്‍ 1.7 യൂണിറ്റ് വൈദ്യുതി ത്രീ സ്റ്റാര്‍ എ.സിക്ക് വേണ്ടി ചെലവാകുമെന്നാണ് കണക്ക്. എന്നാല്‍ ഇതിന് പകരം ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ ഫൈവ് സ്റ്റാര്‍ റേറ്റിംഗിലുള്ള എ.സിയിലേക്ക് മാറിയാല്‍ കറണ്ട് ബില്‍ വലിയ രീതിയില്‍ ലാഭിക്കാമെന്നാണ് കണക്ക്. ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു എ.സി ഇത്തരത്തില്‍ മാറ്റുന്നതിലൂടെ മാത്രം പ്രതിവര്‍ഷം 1,200 കിലോവാട്ട്അവര്‍ വൈദ്യുതി ലാഭിക്കാം. 3,000 എ.സി ഇങ്ങനെ മാറ്റിയാല്‍ പ്രതിവര്‍ഷം 3.83 ദശലക്ഷം കിലോവാട്ട് അവര്‍ വൈദ്യുതിയും 1.90 കോടി രൂപയും ലാഭിക്കാമെന്നും ബി.എസ്.ഇ.എസ് യമുന പവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ പരിസ്ഥിതി മലിനീകരണം കുറക്കാനും ഇതുവഴി കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്ത് 5 കോടി എ.സികള്‍ എങ്കിലും ഇങ്ങനെ മാറ്റിവെക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്.
കേരളത്തിലെ എ.സി വില്‍പ്പന ഇത്തവണ ചൂടുകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ആരംഭിച്ചെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരു ടണ്‍ ശേഷിയുള്ള ഫൈവ് സ്റ്റാര്‍ എ.സികള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. ചെറിയ മാസത്തവണകളായി അടച്ചുതീര്‍ക്കാവുന്ന പദ്ധതികള്‍ വ്യാപകമായതും കൂടുതല്‍ പേരെ എ.സി വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എ.സി മാറ്റി വാങ്ങാനുള്ള സര്‍ക്കാര്‍ ഇന്‍സെന്റീവ് പദ്ധതി നടപ്പിലായാല്‍ സംസ്ഥാനത്തെ നിരവധി ഓഫീസുകള്‍ക്കും വീടുകള്‍ക്കും ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തല്‍. വ്യാപാരികളുടെ വില്‍പ്പനയിലും കാര്യമായ പുരോഗതിയുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine