മലയാളി വനിതകളുടെ മാറുന്ന സമ്പാദ്യ ശീലങ്ങള്‍, പുതുതലമുറയിലെ പെണ്‍കുട്ടികളുടെ പ്ലാനുകള്‍ വേറെ ലെവല്‍

പുരുഷന്‍ ജോലിക്ക് പോകും, സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്തും മക്കളെ വളര്‍ത്തിയും വീട്ടില്‍ തന്നെ ഇരിക്കണം, ഇതായിരുന്നു കുറച്ച് കാലം മുമ്പ് വരെ കേരളത്തിലെ സാമൂഹ്യക്രമം. നിലവിലെ സാഹചര്യത്തില്‍ പുരുഷനോടൊപ്പം തൊഴിലെടുക്കുന്ന മികച്ച സമ്പാദ്യശീലമുള്ളവരാണ് കേരളത്തിലെ സ്ത്രീസമൂഹം. പക്ഷേ ജോലി ചെയ്ത് ലഭിക്കുന്ന സമ്പാദ്യം എത്ര സ്ത്രീകള്‍ക്ക് സ്വന്തമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്, സ്ത്രീകള്‍ക്കിടയിലെ നിക്ഷേപശീലങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാനായി എറണാകുളം മറൈന്‍ ഡ്രൈവിലും പരിസരത്തും കണ്ടുമുട്ടിയ സ്ത്രീകളുമായി ധനം ഓണ്‍ലൈന്‍ പ്രതിനിധികള്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന്.

വരുമാന മാര്‍ഗം

സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പുറമെ സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവരും സംരംഭങ്ങള്‍ നടത്തുന്നവരുമാണ് സ്ത്രീകള്‍. പങ്കാളിയുടെ വരുമാനത്തില്‍ മാത്രം ജീവിതം തള്ളിനീക്കുന്നവര്‍ കുറവാണ്. ഭര്‍ത്താവിന്റെ പണം കൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കുന്നു എന്ന് പറയുന്ന ചില വീട്ടമ്മമാരെയും കൂട്ടത്തില്‍ കാണാന്‍ കഴിഞ്ഞു. പക്ഷേ കൂടുതല്‍ പേരും സ്വന്തം അധ്വാനത്തില്‍ കുടുംബം നോക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.

വീഡിയോ കാണാം



നിക്ഷേപങ്ങള്‍ എങ്ങനെ

നിരവധി നിക്ഷേപ സാധ്യതകളുണ്ടെങ്കിലും മലയാളി വനിതകള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് സ്വര്‍ണം, ചിട്ടി, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവയിലാണ്. സ്വര്‍ണമാണ് മിക്ക സ്ത്രീകളുടെയും ഫേവറിറ്റ് നിക്ഷേപം. ഒരത്യാവശ്യം വന്നാല്‍ പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്നത് കൊണ്ട് സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തെ കാണുന്നതെന്ന് സ്വകാര്യ കമ്പനിയില്‍ ബിസിനസ് അസോസിയേറ്റായി ജോലി ചെയ്യുന്ന ഹര്‍ഷ പറയുന്നു. ജുവലറികളില്‍ ഇ.എം.ഐ പദ്ധതികളില്‍ ചേര്‍ന്നും ഓരോ മാസവും ബാക്കിയാകുന്ന പൈസ ഉപയോഗിച്ച് സ്വര്‍ണ നാണയം വാങ്ങിയുമാണ് ഈ നിക്ഷേപം മുന്നോട്ടുകൊണ്ട് പോകുന്നതെന്നും ഹര്‍ഷ പറയുന്നു. എന്നാല്‍ ശമ്പളത്തില്‍ നിന്നും ബാക്കിയാകുന്നത് പണമായി തന്നെ സൂക്ഷിക്കുന്നവരും കൂടെയുണ്ട്. കുട്ടികള്‍ക്കായി ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപ പദ്ധതികളിലാണ് മിക്കവര്‍ക്കും താത്പര്യം.

ഓഹരി വിപണി

കൃത്യമായ നിക്ഷേപ പ്ലാനുണ്ടെങ്കിലും ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന സ്ത്രീകളെ കൂട്ടത്തില്‍ കാണാന്‍ കഴിഞ്ഞില്ല. ഓഹരി വിപണിയെക്കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം മാത്രമേ നിക്ഷേപത്തിന് മുതിരുന്നുള്ളൂ എന്നാണ് മിക്കവരും പറഞ്ഞത്. ഓഹരി വിപണിയെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹമുള്ളവരാണ് സ്ത്രീകളില്‍ പലരും.

സാമ്പത്തിക കാര്യങ്ങളിലെ തീരുമാനം ആരുടേത്

വീട്ടിലെ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഭര്‍ത്താവ് മാത്രമാണെന്ന് പറയുന്നവരെ കാണാന്‍ കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുള്ളവരാണ് സ്ത്രീകള്‍. സാമ്പത്തിക തീരുമാനങ്ങളെല്ലാം സ്വന്തമായിട്ടാണെന്ന് സ്വയം തൊഴില്‍ ചെയ്യുന്ന പ്രേമസുധയെന്ന വീട്ടമ്മ പറഞ്ഞു. ഭര്‍ത്താവും താനും ചേര്‍ന്ന് സംയുക്തമായാണ് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് സംരംഭകയായ അനു വിശദീകരിക്കുന്നു. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ഉപദേശം അനുസരിച്ച് നിക്ഷേപങ്ങള്‍ നടത്തുന്നവരുമുണ്ട്.

ഇപ്പഴല്ലേ ചെലവാക്കാന്‍ പറ്റൂ

അതേസമയം, ശമ്പളം കിട്ടിത്തുടങ്ങിയാല്‍ ആദ്യം മുതലേ സേവ് ചെയ്ത് തുടങ്ങേണ്ടെന്നും കുറച്ചൊക്കെ സ്വന്തമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കണമെന്നും ആഗ്രഹിക്കുന്നവരാണ് പുതുതലമുറയിലെ പെണ്‍കുട്ടികള്‍. നല്ല വസ്ത്രങ്ങള്‍, ഭക്ഷണം, വിനോദം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പണം ചെലവിടണമെന്നാണ് ഇവരുടെ ആഗ്രഹം. ഈ പ്രായത്തിലല്ലേ ചെലവാക്കാന്‍ പറ്റൂ എന്നാണ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ ആകര്‍ഷ ചോദിക്കുന്നത്. എന്നാല്‍ ഭാവിയില്‍ സേവിംഗ്‌സ് വേണമെന്നും ഇവര്‍ അടിയവരയിടുന്നു.
Related Articles
Next Story
Videos
Share it