എ.ഐ ക്യാമറകള്‍ വീണ്ടും പണി തുടങ്ങി, വാഹന ഉടമകള്‍ക്ക് വന്‍ തുക പിഴ ചുമത്തുന്നതായി വ്യാപക പരാതികള്‍

കുറച്ചു കാലമായി പ്രവർത്തനരഹിതമായിരുന്ന എ.ഐ. ക്യാമറകൾ വീണ്ടും പിഴ ചുമത്താന്‍ ആരംഭിച്ചു. കെൽട്രോണിനു ലഭിക്കാനുള്ള തുക സംസ്ഥാന സർക്കാർ നല്‍കിയതോടെയാണ് വീണ്ടും ക്യാമറകൾ പ്രവർത്തിക്കാന്‍ തുടങ്ങിയത്. പിഴയടയ്ക്കാനുള്ള ചലാൻ അയയ്ക്കുന്നത് കെൽട്രോൺ പുനരാരംഭിച്ചിട്ടുണ്ട്.
മൂന്നുമാസത്തെ ഇടവേളകളില്‍ 11.6 കോടി രൂപ വീതമാണ് ധനവകുപ്പ് കെൽട്രോണിന് നൽകേണ്ടിയിരുന്നത്. നാല് തവണത്തെ കുടിശ്ശിക ലഭിക്കാനുണ്ടെന്ന അവസ്ഥ സംജാതമായപ്പോഴാണ് കെൽട്രോണ്‍ ചലാന്‍ അയയ്ക്കുന്നത് നിര്‍ത്തലാക്കിയത്. കുടിശ്ശിക തുക ധനവകുപ്പ് അനുവദിച്ചതോടെയാണ് വീണ്ടും എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായത്. സെപ്‌റ്റംബറിൽ ലഭിക്കേണ്ട തുക മാത്രമാണ് ഇനി കെൽട്രോണിന് കിട്ടാനുള്ളത്.

ഉയര്‍ന്ന പിഴ

ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കഴിഞ്ഞയാഴ്ച മുതൽ പിഴ ഈടാക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ മൊബൈലില്‍ ലഭിച്ചു തുടങ്ങി. അതേസമയം പിഴയായി വന്‍തുകയാണ് ചുമത്തുന്നതെന്ന പരാതികള്‍ വ്യാപകമാകുകയാണ്. സീറ്റ്‌ബെൽറ്റിനും ഹെൽമെറ്റിനും അടക്കം റോഡിലെ സീബ്രാലൈന്‍ തെറ്റിക്കുന്നതു വരെയുളള നിയമലംഘനങ്ങള്‍ക്ക് വാഹന ഉടമകള്‍ക്ക് വൻ തുകയാണ് പിഴയായി ലഭിച്ചിരിക്കുന്നത്.
ട്രാഫിക് ജംഗ്ഷനിലെ മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കുമ്പോള്‍ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ നിർത്തിയതിനും മൂവായിരം രൂപയാണ് പിഴയീടാക്കുന്നതെന്ന് വ്യാപക പരാതികളാണ് ഉയരുന്നത്.
പിഴ സംബന്ധിച്ച് മൊബൈലില്‍ എസ്.എം.എസ്. ആയി ലഭിക്കുന്ന ലിങ്കിൽ കയറി ചെലാൻ നമ്പർ ടൈപ്പ് ചെയ്ത് ഓൺലൈനായി പിഴ നല്‍കാവുന്നതാണ്. ഏഴുദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വെർച്വൽ കോടതിയിലേക്ക് കൈമാറും. അതേസമയം പിഴ സംബന്ധിച്ച അറിയിപ്പുകൾ വൈകിയാണ് വരുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

റോഡിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം

നിയമ ലംഘനം നടത്തിയവരില്‍ വലിയൊരു വിഭാഗം ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതിയവരാണ്. എം. പരിവാഹൻ സൈറ്റിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നല്‍കി നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാവുന്നതാണ്. എന്നാല്‍, റോഡിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ക്യാമറകൾ പ്രവർത്തിപ്പിച്ച് അനാവശ്യ പിഴകൾ ഈടാക്കരുതെന്നും യാത്രക്കാർ പറയുന്നു.
232 കോടി രൂപ ചെലവിൽ പൊതുമരാമത്തിന്റെ വകുപ്പിന്റെ റോഡുകളില്‍ 732 എ.ഐ. ക്യാമറകൾ 2023 ജൂലായിലാണ് കെൽട്രോൺ സ്ഥാപിക്കുന്നത്.
Related Articles
Next Story
Videos
Share it