അത്ര സന്തോഷമില്ലാതെ ഇന്ത്യ; ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഇതാണ്

ലോക സന്തോഷ സൂചികയില്‍ 143 രാജ്യങ്ങളില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. യു.എന്നിന്റെ അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ പ്രസിദ്ധീകരിച്ച 2024 വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഏഴാം വര്‍ഷവും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഫിന്‍ലന്‍ഡ് ആണ്. വ്യക്തികളുടെ ജീവിത സംതൃപ്‌തി, പ്രതിശീർഷ വളർച്ച, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, വ്യക്തിസ്വാതന്ത്ര്യം, അഴിമതി എന്നിവയെക്കുറിച്ചുള്ള വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് സന്തോഷ സൂചിക തയ്യാറാക്കുന്നത്. ഈ ഘടകങ്ങളെല്ലാം ഒത്തുവന്നാൽ മാത്രമേ പട്ടികയിൽ മുന്നിലെത്താൻ കഴിയൂ.

ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്‍, ഇസ്രായേല്‍, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, ലക്‌സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍. നിലവില്‍ ലിബിയ, ഇറാഖ്, ഫലസ്തീന്‍, നൈജര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ മുമ്പിലാണുള്ളത്. കഴിഞ്ഞ വര്‍ഷവും ഇന്ത്യ 126-ാം സ്ഥാനത്താണുണ്ടായിരുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ചെറുപ്പക്കാരാണ് ഏറ്റവും സന്തോഷമുള്ളവര്‍. അതേസമയം ഇടത്തരം താഴ്ന്ന വിഭാഗത്തിലുള്ളവര്‍ സന്തോഷത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. പട്ടികയില്‍ പാകിസ്ഥാന്‍ 108-ാം സ്ഥാനത്താണ്.

മറ്റു രാജ്യങ്ങൾ

സൂചികയില്‍ യു.എസും ജര്‍മനിയും റാങ്കിംഗില്‍ പിറകിലേക്ക് പോയി. യു.എസ് ആദ്യമായി ആദ്യ 20ല്‍ നിന്ന് പുറത്തായി. 23-ാം സ്ഥാനമാണ് യു.എസിന്. കഴിഞ്ഞ വര്‍ഷം 16-ാം സ്ഥാനത്തായിരുന്നു. 30 വയസ്സിന് താഴെയുള്ള അമേരിക്കക്കാരുടെ ക്ഷേമത്തിലുണ്ടായ വലിയ ഇടിവാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജര്‍മനി 24-ാം സ്ഥാനത്തേക്കും.

ഈ വര്‍ഷം കാനഡ 15-ാം സ്ഥാനത്തും യു.കെ 20-ാം സ്ഥാനത്തും ഫ്രാന്‍സ് 27-ാം സ്ഥാനത്തും എത്തി. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യു.എ.ഇ 22-ാം സ്ഥാനത്തും സൗദി അറേബ്യ 28-ാം സ്ഥാനത്തും എത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 30-ാം സ്ഥാനത്തും ജപ്പാന്‍ 50-ാം സ്ഥാനത്തും ദക്ഷിണ കൊറിയ 51-ാം സ്ഥാനത്തുമാണുള്ളത്.

പട്ടികയില്‍ ഏറ്റവും പിന്നല്‍ അഫ്ഗാനിസ്ഥാനാണ്. ഗാലപ്- യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോഡ് വെല്‍ബിയിംഗ് റിസര്‍ച്ച് സെന്റര്‍, യു.എന്‍ സസ്റ്റൈനബിള്‍ ഡവലപ്മെന്റ് സൊലൂഷ്യന്‍സ് നെറ്റ്വര്‍ക്ക്, ഡബ്ല്യൂ.എച്ച്.ആര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് എന്നിവ സംയുക്തമായി ചേര്‍ന്നാണ് 2024 വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it