

ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് നിന്ന്, വിവാദങ്ങള്‍ക്കിടയില്‍ നിശ്ചിത കാലാവധി പൂർത്തിയാക്കി മാധബി പുരി ബുച്ച് വിരമിക്കുന്നു. സെബിക്ക് പുതിയ മേധാവിയെ കണ്ടെത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 ന് പുരി ബുച്ചിന്റെ കാലാവധി പൂര്‍ത്തിയാകുകയാണ്. അതിന് മുമ്പ് പുതിയ മേധാവിയെ കണ്ടെത്തണം. ഫെബ്രുവരി 17 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അഞ്ചു വര്‍ഷം വരെയോ 65 വയസ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് നിയമന കാലാവധി. മാര്‍ച്ച് 1 ന് പുതിയ ചെയര്‍പേഴ്‌സണ്‍ ചുമതലയേല്‍ക്കുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
നിയമിതനാകുന്ന വ്യക്തിക്ക് രണ്ട് രീതിയില്‍ ശമ്പളം തെരഞ്ഞെടുക്കാന്‍ ഓപ്ഷനുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിയുടെ ശമ്പള സ്‌കെയിലോ പ്രതിമാസം നിശ്ചിത ശമ്പളമായി, വീടും കാറും ഇല്ലാതെ 5,62,500 രൂപയോ തെരഞ്ഞെടുക്കാം. സെബി മേധാവിയുടെ കാലാവധി സാധാരണയായി മൂന്ന് വര്‍ഷമാണ്. എന്നാല്‍ മുമ്പ് യു.കെ സിന്‍ഹ, അജയ് ത്യാഗി എന്നിവര്‍ക്ക് കാലാവധി നീട്ടി നല്‍കിയിരുന്നു. സിന്‍ഹ 2011 ഫെബ്രുവരി 18 മുതല്‍ 2017 മാര്‍ച്ച് 1 വരെയും പിന്‍ഗാമിയായി വന്ന അജയ് ത്യാഗി 2017 മാര്‍ച്ച് 1 മുതല്‍ 2022 ഫെബ്രുവരി 28 വരെയും സ്ഥാനത്ത് തുടര്‍ന്നിരുന്നു.
2022 മാര്‍ച്ച് 2 നാണ് മാധബി പുരി ബുച്ച് മൂന്നു വര്‍ഷത്തെ കാലാവധിയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഏറ്റെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. അദാനി ഓഫ്‌ഷോര്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍, പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ എന്നിവയാണ് ചര്‍ച്ചയായത്. ഷോര്‍ട്ട് സെല്ലര്‍മാരായ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങള്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും ഇടയാക്കി. ഇതേ തുടര്‍ന്ന് സെബിയിലെ തൊഴില്‍ അന്തരീക്ഷം മോശമായെന്ന പരാതികളും ഒരു വിഭാഗം ജീവനക്കാരില്‍ നിന്ന് ഉയര്‍ന്നു. ആരോപണങ്ങളെ തുടര്‍ന്ന് മാധബി രാജിവെക്കുമെന്ന് വരെ സംശയങ്ങളുയര്‍ന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു.
സെബി ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിയമിക്കപ്പെടുന്നവര്‍ സാമ്പത്തിക രംഗത്ത് പരിചയ സമ്പന്നരായിരിക്കണം. ഫിനാന്‍സ്, ഇക്കണോമിക്‌സ്, നിയമം എന്നിവയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം വേണം. ഫിനാൻസ്, റിസര്‍ച്ച്, അധ്യാപനം എന്നീ മേഖലയില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. പിഎച്ച്ഡി അഭികാമ്യം. യോഗ്യതയുള്ളവരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ ആദ്യം ഷോട്ട് ലിസ്റ്റ് തയ്യാറാക്കും. തുടര്‍ന്ന് ഈ ലിസ്റ്റിലുള്ളവരെ സെര്‍ച്ച് ആന്റ് സെലക്ഷന്‍ കമ്മിറ്റി അഭിമുഖം നടത്തി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് നിയമനം നടക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine