
നമ്മള്‍ കുടിക്കുന്ന കാപ്പിയുടെ ചരിത്രം മുതല്‍ സംസ്‌കരണം വരെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിജ്ഞാനം പകരുന്ന ബരിസ്റ്റ ശില്‍പ്പശാലക്ക് എറണാകുളം ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടക്കമായി. കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ഫുഡ്ടെക്, ഹോട്ടല്‍ടെക് പ്രദര്‍ശനങ്ങള്‍ക്ക് മുന്നോടിയായാണ് ശില്‍പ്പശാല.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ബരിസ്റ്റ ട്രെയിനറായ തേജസ് വഹ്നികുലാണ് അഞ്ചു ദിവസമായി നടക്കുന്ന ശില്‍പ്പശാലയില്‍ പരിശീലനം നല്‍കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഷെഫുമാര്‍, ഹോട്ടല്‍ മാനേജ്മെന്റ്, കേറ്ററിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് ക്ലാസ്സുകള്‍.
സ്പെഷ്യാലിറ്റി കോഫി അസോസിയേഷന്റെ (എസ്സിഎ) പ്രത്യേക ബരിസ്റ്റാ മെമ്പറായ തേജസ് ഈ വിഷയത്തില്‍ രാജ്യത്തുടനീളം പരിശീലന പരിപാടികള്‍ നടത്തുന്ന വിദഗ്ധനാണ്. കാപ്പിയുടെ ഉത്ഭവചരിത്രം, കൃഷി, വിളവെടുപ്പ്, സംസ്‌കരണം, തരംതിരിക്കല്‍, റോസ്റ്റിങ്, സ്റ്റോറേജിങ്, ബ്രൂവിങ് തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ക്ലാസുകള്‍.
സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ ശില്‍പ്പശാലയാണ് ഇതെന്ന് ഫുഡ്ടെക്, ഹോട്ടല്‍ടെക് സംഘാടകരമായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. നാലിനം കാപ്പിക്കുരുക്കളും 20 ലേറെ തരം കാപ്പിയുമുള്ളതിനാല്‍ ടൂറിസത്തിന് ഏറെ പ്രാധന്യമുള്ള കേരളത്തില്‍ കാപ്പിവിജ്ഞാനം ഏറെ പ്രധാനമാണെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine