

കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിലവിലുള്ള സര്‍വീസുകളില്‍ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയില്‍വേയുടെ ആലോചന. നിലവില്‍ ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍-ഡെക്കര്‍ എ.സി ചെയര്‍കാര്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസാണ് വാളയാര്‍ ഒഴിവാക്കി പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് നീട്ടുക. ഇതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം പൊള്ളാച്ചി-പാലക്കാട് റൂട്ടില്‍ കഴിഞ്ഞ വര്‍ഷം തന്നെ റെയില്‍വേ നടത്തിയിരുന്നു.
നിലവില്‍ പുലര്‍ച്ചെ 5.45ന് കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടുന്ന ട്രെയിനാണിത്. ഉച്ചയ്ക്ക് 12.40ന് ബംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.15നാണ് മടക്കയാത്ര. രാത്രി ഒമ്പതരയോടെ കോയമ്പത്തൂരിലുമെത്തും. ഡബിള്‍-ഡെക്കര്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് എന്ന കൗതുകമുണ്ടെങ്കിലും നിലവില്‍ യാത്രക്കാരില്‍ നിന്ന് വലിയ പ്രതികരണമൊന്നും ഈ ട്രെയിനിന് കിട്ടുന്നില്ല. നഷ്ടത്തിലാണ് ഓട്ടം. കേരളത്തിലേക്ക് ട്രെയിന്‍ നീട്ടുന്നതിനോട് റെയില്‍വേക്ക് ആദ്യഘട്ടത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍വീസ് പാലക്കാട്ടേക്ക് നീട്ടുന്നത് ഗുണം ചെയ്യുമെന്ന നിര്‍ദേശങ്ങള്‍ വന്നതോടെ വഴങ്ങുകയായിരുന്നു എന്നാണ് വിവരം.
ഇന്ത്യയില്‍ നേരത്തെ തന്നെ സര്‍വീസ് തുടങ്ങിയിരുന്നെങ്കിലും ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ കേരളത്തിന് ലഭിച്ചിരുന്നില്ല. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ മധുരൈ വരെയുള്ള പാതയില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ ഓടിക്കാനാകുമോയെന്ന് റെയില്‍വേ പരിശോധിച്ചിരുന്നു. എന്നാല്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ക്ക് അനുയോജ്യമല്ലെന്ന് കണ്ടതോടെ ഉപേക്ഷിക്കുകയായിരുന്നു. ഉയരം കൂടിയ ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ അനുയോജ്യമായ പാതയുടെ അഭാവമായിരുന്നു പ്രധാന തടസം. സംസ്ഥാനത്തെ പല റെയില്‍ പാലങ്ങളും സാധാരണ ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ പാകത്തിലുള്ളതാണ്. ഇത് മാറ്റാന്‍ വലിയ ചെലവാകും. പകരം കൂടുതല്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താതെ തന്നെ കോയമ്പത്തൂര്‍ പാലക്കാട് റൂട്ടില്‍ ഡബിള്‍ ഡെക്കറുകള്‍ ഓടിക്കാമെന്നാണ് കണക്കുകൂട്ടല്‍.
Read DhanamOnline in English
Subscribe to Dhanam Magazine