
ലോകത്തെ ആദ്യത്തെ ഇലക്ട്രിക്ക് എയര്‍ക്രാഫ്റ്റ് പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. യുഎസിലെ ബെറ്റ ടെക്‌നോളജീസിന്റെ ആലിയ സിഎക്‌സ്300 എന്ന എയര്‍ക്രാഫ്റ്റാണ് നാല് യാത്രക്കാരുമായി 130 കിലോമീറ്ററിലധികം പറന്നത്.
അമേരിക്കയിലെ ഈസ്റ്റ് ഹാംപ്ടണില്‍ നിന്ന് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലേക്കായിരുന്നു കന്നിയാത്ര. 30 മിനിറ്റു കൊണ്ട് 130 കിലോമീറ്ററാണ് ഈ എയര്‍ക്രാഫ്റ്റ് താണ്ടിയത്. വെറും 694 രൂപ മാത്രമാണ് ഇത്രയും ദൂരം പറക്കാന്‍ ചെലവ് വന്നത്.
സാധാരണ ഇത്രയും ദൂരം പറക്കാന്‍ 13,000 രൂപയാണ് ചെലവ് വരുന്നത്. ഇലക്ട്രിക്കിലേക്ക് മാറുമ്പോള്‍ ഈ ചെലവ് പൂര്‍ണമായും കുറയും. 100 ശതമാനം ഇലക്ട്രിക്ക് വിമാനമാണ് ഇതൊന്നാണ് കമ്പനിയുടെ അവകാശവാദം. വാണിജ്യപരമായി ഈ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ വിമാനയാത്ര ചെലവ് വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ബെറ്റ ടെക്‌നോളജീസ് സിഇഒ കെയ്ല്‍ ക്ലാര്‍ക്ക് അവകാശപ്പെട്ടു.
സാധാരണ എയര്‍ക്രാഫ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി പറക്കുമ്പോഴുള്ള ശബ്ദം കുറവാണെന്നും അതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താമെന്ന് കമ്പനി പറയുന്നു.
ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 463 കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ പറക്കാന്‍ സാധിക്കുമെന്നാണ് ബെറ്റ ടെക്‌നോളജീസ് അവകാശപ്പെടുന്നത്. അടുത്തുള്ള നഗരങ്ങളിലേക്കും വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഇത്തരം എയര്‍ക്രാഫ്റ്റുകള്‍ കൂടുതലായി നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
Read DhanamOnline in English
Subscribe to Dhanam Magazine