കശ്മീരിലേക്ക് വന്ദേഭാരത് ഈയാഴ്ച, രാജ്യത്തിന്റെ അഭിമാന ട്രെയിന്‍ യാത്രക്ക് പച്ചക്കൊടി കാണിക്കാന്‍ മോദി, മനോഹരമായ ഭൂപ്രകൃതിയുടെ 272 കിലോമീറ്റര്‍ യാത്ര

കട്ര-ശ്രീനഗര്‍ വന്ദേ ഭാരത് സര്‍വീസ് യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയ്ക്കും
Kashmir
Image courtesy: Canva
Published on

കശ്മീരിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ ഈ വാരാന്ത്യം ഉദ്ഘാടനം ചെയ്യാന്‍ സാധ്യത. ഏപ്രിൽ 19 നാണ് സര്‍വീസ് ഉദ്ഘാടനം ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥ കാരണം അത് മാറ്റിവെക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഏപ്രില്‍ 22 ന് പഹൽഗാമിൽ ഭീകരാക്രമണമുണ്ടായി. ഇതിനെ തുടര്‍ന്നാണ് ഉദ്ഘാടനം നീണ്ടുപോയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കട്ര മുതൽ ശ്രീനഗർ വരെയുളള വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നത്. പ്രാദേശിക കണക്റ്റിവിറ്റിക്കും ടൂറിസത്തിനും വൻതോതിലുള്ള ഉത്തേജനമേകുന്നതായിരിക്കും സര്‍വീസ്.

ഈ പുതിയ സർവീസ് യാത്രക്കാർക്കും തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനകരമായിരിക്കും. വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് തിരിയുന്ന കട്രയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്.

ജൂൺ 6, 7, 8 തീയതികളിൽ നരേന്ദ്ര മോദി ജമ്മു സന്ദർശിക്കാൻ സാധ്യതയുളളതായി ബി.ജെ.പി ജമ്മു കശ്മീർ മുൻ പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ രവീന്ദർ റെയ്‌ന വ്യക്തമാക്കിയതായി പ്രാദേശിക ദിനപത്രമായ റൈസിംഗ് കശ്മീർ റിപ്പോര്‍ട്ട് ചെയ്തു.

കട്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സര്‍വീസ് യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയ്ക്കും. നിലവിൽ റോഡ് മാര്‍ഗം ഇത്രയും ദൂരം പിന്നിടാന്‍ കുറഞ്ഞത് 6 മുതൽ 7 മണിക്കൂർ വരെ സമയമാണ് എടുക്കുന്നത്. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പുള്ള കാലാവസ്ഥയിൽ സുഗമമായി പ്രവർത്തിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹീറ്റിംഗ് സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ തുടങ്ങിയ ട്രെയിനിലുണ്ടായിരിക്കും. സമുദ്രനിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെനാബ് പാലത്തിലൂടെ കടന്നു പോകുന്നതായിരിക്കും സര്‍വീസ്.

ഏകദേശം 272 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രെയിൻ പാത രാജ്യത്തെ ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങളിലൂടെയാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടുതലുളള എഞ്ചിനീയറിംഗ് അത്ഭുതമായ ചെനാബ് പാലത്തിന് 467 മീറ്റർ ഉയരമാണ് ഉളളത്. റിക്ടർ സ്കെയിലില്‍ എട്ട് തീവ്രത വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളെ ചെറുക്കാന്‍ പാലത്തിന് സാധിക്കും.

സുരക്ഷാ ഏജൻസികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ തീയതികൾ അന്തിമമാക്കും. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു സന്ദര്‍ശിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ സന്ദർശന വേളയിൽ അമിത് ഷാ അവലോകനം ചെയ്തിരുന്നു.

First Vande Bharat train in Kashmir likely to be inaugurated by PM Modi in early June after weather and security delays.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com