ഫ്ളെക്സി നിരക്ക്; നാലു വര്‍ഷം കൊണ്ട് റെയില്‍വേയ്ക്ക് ലഭിച്ചത് 2442 കോടിയുടെ ലാഭം

ഇളവുകള്‍ വെട്ടിക്കുറച്ചും ഫ്ളെക്സി നിരക്കില്‍ ട്രെയിനുകളോടിച്ചും യാത്രക്കാരില്‍നിന്ന് റെയില്‍വേക്ക് ലഭിച്ചത് 2500 കോടിയുടെ ലാഭം. തിരക്കിന് അനുസരിച്ച് നിരക്കുയര്‍ന്ന ഫ്ളെക്സി നിരക്കിലെ ട്രെയിനുകളിലൂടെ 2019 മുതല്‍ 2022 ഒക്ടോബര്‍ വരെ റെയില്‍വേയുടെ അക്കൗണ്ടിലെത്തിയത് 2442 കോടിയാണ്. ഈ വര്‍ഷം ഒക്ടോബര്‍ വരെ റെയില്‍വേയുടെ ഫ്ളെക്സി കൊയ്ത്ത് 680 കോടി രൂപയാണ്.

എന്തുകൊണ്ട് ഇത്രയും ലാഭം

പാസഞ്ചറുകളെല്ലാം എക്സ്പ്രസുകളാക്കിയും മുതിര്‍ന്നവര്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും പുനഃസ്ഥാപിക്കാതെയും വന്നതോടെയാണ് ഇത്രയധികം ലാഭം റെയില്‍വേയ്ക്കു ലഭിച്ചത്. പാസഞ്ചറുകള്‍ എക്സ്പ്രസുകളായതോടെ ചെറിയ ദൂരം സഞ്ചരിക്കേണ്ടവര്‍ പോലും എക്സ്പ്രസ് നിരക്കാണ് നല്‍കുന്നത്. ഇതാണ് റെയില്‍വേയുടെ പണപ്പെട്ടിയില്‍ പ്രതിഫലിക്കുന്നത്.

കൊവിഡിന്റെ മറവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ വെട്ടിക്കുറച്ചതിലൂടെ കൊയ്തത് 1500 കോടിയോളം രൂപയാണ്. 2020 മാര്‍ച്ചില്‍ കൊവിഡിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വിസുകളെല്ലാം നിര്‍ത്തിയിരുന്നു. ഇതോടെയാണ് കണ്‍സഷനുകള്‍ അവസാനിച്ചത്. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സര്‍വിസുകള്‍ പുനരാരംഭിച്ചെങ്കിലും മുതിര്‍ന്ന പൗരന്മാരുടെയടക്കം ഇളവുകള്‍ പുനഃസ്ഥാപിച്ചില്ല.

വരുമാനം ഇങ്ങനെ

2021നെ അപേക്ഷിച്ച് 2022 ല്‍ 76 ശതമാനമാണ് ടിക്കറ്റ് ഇനത്തിലെ വരുമാന വര്‍ധന. 2021 ഏപ്രില്‍ മുതല്‍ നവംബര്‍ 30 വരെ 23,483.87 കോടിയായിരുന്നു ടിക്കറ്റ് വരുമാനമെങ്കില്‍ 2022 ലെ ഇതേ കാലയളവില്‍ 41,335.16 കോടിയായാണ് വര്‍ധിച്ചത്. അധിക വരുമാനമാകട്ടെ 17,851.29 കോടിയും.

ചരക്കുവരുമാനത്തിലെ വര്‍ധന 16.15 ശതമാനം മാത്രമാണ്. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 7.31 കോടി മുതിര്‍ന്ന പൗരന്മാരാണ് റെയില്‍വേയില്‍ യാത്ര ചെയ്തത്. ഇക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാരില്‍ നിന്നുള്ള മൊത്തം ടിക്കറ്റ് വരുമാനം 3,464 കോടി രൂപയാണ്. ഇതില്‍ യാത്രയിളവ് ഒഴിവാക്കിയതിലൂടെ അധികമായി ലഭിച്ചത് 1,500 കോടി രൂപയാണ്.

എന്താണ് ഫ്ളെക്സി നിരക്ക്

തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് തത്കാല്‍ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന രീതിയാണ് ഫ്ളെക്സി ഫെയര്‍ സംവിധാനം. തിരക്ക് കുറവുള്ളപ്പോള്‍ ടിക്കറ്റ് നിരക്കില്‍ കുറവും ഉണ്ടാകും. 2016 ലാണ് രാജ്യത്തെ 44 രാജധാനി, 52 ദുരന്തോ, 46 ശതാബ്ദി ട്രെയിനുകളില്‍ റെയില്‍വേ ഫല്‍്സി ഫെയര്‍ സംവിധാനം ആരംഭിച്ചത്. അന്ന് ഒരു സാമ്പത്തിക വര്‍ഷത്തിനിടെ 500 കോടിയുടെ ലാഭമായിരുന്നു റെയില്‍വേക്കുണ്ടായത്. യാത്രക്കാരുടെ ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കില്‍ 10 ശതമാനമാണ് വര്‍ധനവ് വന്നിരുന്നത്.

പ്രീമിയം തത്കാലില്‍ തിരക്കേറുമ്പോള്‍ ഫ്ളെക്സി നിരക്ക് കൂടുകയും തിരക്ക് കുറയുമ്പോള്‍ നിരക്ക് കുറയുകയും ചെയ്യുന്നതാണ് രീതി. വിമാനങ്ങളില്‍ സീസണ്‍ അനുസരിച്ച് യാത്രാക്കൂലി പരിഷ്‌കരിക്കുന്നതിന് സമാനമായ രീതിയിലാണ് റെയില്‍വേയിലും പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നഷ്ടം നികത്താന്‍ സര്‍വീസുകളില്‍ തിരക്കുള്ള സമയങ്ങളില്‍ 10 ശതമാനം അധികനിരക്ക് മുമ്പ് കെ.എസ്.ആര്‍.ടി.സിയും ഏര്‍പ്പെടുത്തിയിരുന്നു. തിരക്ക് കുറവുള്ളപ്പോള്‍ പത്തു ശതമാനം ഇളവും നല്‍കിയിരുന്നു. 2017 ലെ ക്രിസ്മസ് അവധിക്കാലത്തായിരുന്നു കെ.എസ്.ആര്‍.ടി.സി ഇതു നടപ്പാക്കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it