കെ.എസ്.ആര്‍.ടി.സിയില്‍ 'ഫ്‌ളക്‌സി' പരിഷ്‌കാരം; പ്രത്യേക റൂട്ടുകളില്‍ ബസ് നിരക്ക് കുറയുകയും കൂടുകയും ചെയ്യും!

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അടുത്ത മൂന്നു മാസത്തേക്ക് ഫ്‌ളക്‌സി നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം. അന്തര്‍സംസ്ഥാന ബസുകളിലാകും ഈ രീതി നടപ്പിലാക്കുക. സ്വകാര്യ ബസുകളിലേക്ക് യാത്രക്കാര്‍ പോകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. ഇതുവഴി വരുമാനം ഉയര്‍ത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ കരുതുന്നു.
അന്തര്‍സംസ്ഥാന റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് തിരക്കുമായി ബന്ധപ്പെടുത്തി ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്‌ളക്‌സി ചാര്‍ജ്. സാധാരണയായി അന്തര്‍സംസ്ഥാന റൂട്ടുകളില്‍ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യാത്രക്കാര്‍ കൂടുതലാണ്. പുതിയ സംവിധാനം അനുസരിച്ച് ഈ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ ഉയരും. ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ 15 ശതമാനത്തോളം നിരക്കില്‍ ഇളവും നല്‍കും.
ഇതുവഴി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. സ്വകാര്യ ബസുകളില്‍ തിരക്കേറിയ സമയങ്ങളില്‍ ബസ് നിരക്ക് കുത്തനെ കൂട്ടാറുണ്ട്. ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്‍ഡ് ചീഫ് അക്കൗണ്ട്‌സ് ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
തിരരഞ്ഞെടുപ്പ് സര്‍വീസ് 30 വരെ
തിരഞ്ഞെടുപ്പ് കാലത്ത് യാത്രക്കാരുടെ എണ്ണം കൂടുന്നത് വരുമാനമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഈ മാസം 20ന് തുടങ്ങിയ സര്‍വീസുകള്‍ 30 വരെ നീണ്ടുനില്‍ക്കും. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നുമാണ് സര്‍വീസ്. ഇതിനൊപ്പം ഓരോ ജില്ലയ്ക്കും തിരക്കനുസരിച്ച് ആവശ്യാനുസരണം സര്‍വീസുകള്‍ കൂട്ടാനും അനുമതി നല്‍കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സിയില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്ത സീറ്റുകളില്‍ വ്യത്യാസം വരുത്തി. ഇനി മുതല്‍ 3, 4, 5, 8, 9, 10, 13, 14, 15 എന്നീ സീറ്റുകള്‍ സ്ത്രീകള്‍ക്ക് മാത്രമാകും ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇതിനായി ഓണ്‍ലൈന്‍ റിസര്‍വേഷനിലും കൗണ്ടര്‍ ബുക്കിംഗിലും ക്രമീകരണം ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ ബുക്കിംഗില്‍ സ്ത്രീ സീറ്റുകള്‍ പിങ്ക് നിറത്തിലും ബാക്കിയുള്ള സീറ്റുകള്‍ പച്ചനിറത്തിലുമാണ് കാണാന്‍ സാധിക്കുക.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകളില്‍ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ കര്‍ട്ടന്‍ ഇടുന്ന ജോലികള്‍ 70 ശതമാനവും പൂര്‍ത്തിയായി. 151 സ്വിഫ്റ്റ് ബസുകളാണ് ആകെ സര്‍വീസ് നടത്തുന്നത്. തീപിടിക്കുന്ന വസ്തുക്കള്‍ ബസ് നിര്‍മാണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് പുതുതായി ഇറങ്ങുന്ന ബസുകളില്‍ സൈഡ് ഷട്ടറിന് പകരം ഗ്ലാസ് ആണ് ഉപയോഗിക്കുന്നത്.

Related Articles
Next Story
Videos
Share it