കമ്പ്യൂട്ടറുകള്‍ നിശ്ചലമാക്കി മൈക്രോസോഫ്റ്റ് തകരാര്‍; വലഞ്ഞ് ലോകം

മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ ഉണ്ടായ സേവന തടസം ആഗോള തലത്തില്‍ വിവിധ മേഖലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ഓഹരി വിപണികളുടെയും ബാങ്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. മൈക്രോസോഫ്റ്റ് തകരാര്‍ കേരളത്തിലെ വിമാനത്താവളങ്ങളേയും ബാധിച്ചു. ഉപയോഗത്തിനിടയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് ഉപയോക്താക്കളെ വലച്ചത്. മണിക്കൂറുകള്‍ തുടര്‍ന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതേസമയം, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വീണ്ടെടുത്തായി രാത്രി വൈകി കമ്പനി അവകാശപ്പെട്ടു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിൻഡോസ് ഉപയോക്താക്കളിലാണ് ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എറര്‍ സന്ദേശങ്ങൾ കണ്ടത്. കമ്പ്യൂട്ടറുകൾ ഷട്ട് ഡൗൺ ആകുന്നതിനോ താനേ പുനരാരംഭിക്കുന്നതിനോ ഇത് കാരണമാകുന്നു. ചില സന്ദർഭങ്ങളിൽ, കമ്പ്യൂട്ടറുകൾ ആവർത്തിച്ച് പുനരാരംഭിക്കുന്നു. ഉപയോക്താക്കൾക്ക് സംരക്ഷിക്കപ്പെടാത്ത ഡാറ്റയും നിർണായക സമയവും നഷ്ടപ്പെടുന്നതിനാൽ ഈ പ്രശ്നം പല സേവനങ്ങളേയും ബാധിച്ചു.

ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത്

ഒരു നിർണായക എറര്‍ വിൻഡോസിനെ അപ്രതീക്ഷിതമായി ഷട്ട് ഡൗൺ ചെയ്യാനോ പുനരാരംഭിക്കാനോ നിർബന്ധിക്കുമ്പോഴാണ് ബ്ലൂ സ്‌ക്രീൻ പിശകുകൾ സംഭവിക്കുന്നത്. തങ്ങൾ പ്രശ്നം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്ട്രൈക്കിൽ നിന്നുള്ള പ്രധാന സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റാണ് ഈ പ്രശ്നത്തിന് കാരണമായി പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്.

ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഫാൽക്കൺ സെൻസറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന പ്രശ്‌നം മൂലമാണ് വിൻഡോസ് മെഷീനുകളിൽ ബ്ലൂ സ്‌ക്രീൻ പിശകുകള്‍ കാണപ്പെട്ടത്. കമ്പ്യൂട്ടറുകള്‍ റിക്കവറി ലൂപ്പിലേക്ക് കുടുങ്ങിക്കിടക്കുന്നതിനും ഇത് കാരണമായി. എഞ്ചിനീയർമാർ പ്രശ്ന പരിഹാരത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് അറിയിച്ചു.
ഒട്ടേറെ മേഖലകളിലെ സേവനങ്ങള്‍ തടസ്സപ്പെട്ടു
ഫ്ലൈറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ബാങ്കിംഗ് പ്രവർത്തനങ്ങൾ തുടങ്ങി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വരെയുളള മേഖലകളിലെ സേവനങ്ങളെ ഈ പ്രശ്നം തടസ്സപ്പെടുത്തി. വിസ്താര, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികളുടെ ബുക്കിംഗ്, ചെക്ക്-ഇൻ, ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ എന്നിവയെ ഈ സാങ്കേതിക പ്രശ്‌നങ്ങൾ ബാധിച്ചു. വിമാനക്കമ്പനികൾ ഇപ്പോൾ ചെക്ക്-ഇൻ പ്രക്രിയകൾ യാത്രക്കാരെ നേരിട്ട് പരിശോധിച്ചാണ് നടത്തുന്നത്.
മൈക്രോസോഫ്റ്റ് തകരാര്‍ കേരളത്തിലെ വിമാനത്താവളങ്ങളേയും ബാധിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈനുകളുടെ പ്രവര്‍ത്തനവും നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആറ് വിമാനങ്ങളുടെ സര്‍വീസും തകരാര്‍ മൂലം തടസ്സപ്പെട്ടു.
കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെ നിലവിൽ ഒരു മൈക്രോസോഫ്റ്റ് തകരാര്‍ ബാധിച്ചിരിക്കുന്നതായി ഇൻഡിഗോ അറിയിച്ചു. ബുക്കിംഗ്, ചെക്ക്-ഇൻ, യാത്രക്കാരുടെ ബോർഡിംഗ് പാസിലേക്കുള്ള ആക്‌സസ്, ചില ഫ്ലൈറ്റുകൾ എന്നിവയെ ഇത് ബാധിച്ചേക്കാമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം, ആമസോൺ, ജിമെയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നീ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ പ്രശ്‌നങ്ങൾ നേരിടുന്നതായും ഉപയോക്താക്കൾ പരാതിപ്പെട്ടു.
ഡൽഹി വിമാനത്താവളത്തിലെ സേവനങ്ങളെയും പ്രശ്നം ബാധിച്ചു. ബംഗളൂരു വിമാനത്താവളത്തിലും സംവിധാനങ്ങൾ തകരാറിലായി. വൈകിയ വിമാനങ്ങളുടെ കൃത്യമായ എണ്ണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക പ്രശ്‌നം കാരണം ഒട്ടേറെ എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ബാധിച്ചതായി ഓസ്‌ട്രേലിയയിലെ മെൽബൺ എയർപോർട്ടും അറിയിച്ചു.

ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു

സിഡ്‌നി എയർപോർട്ടിൽ വിമാനങ്ങളും വരുന്നതും പോകുന്നതും തടസ്സപ്പെടുത്തുന്നതായി വിർജിൻ ഓസ്‌ട്രേലിയ പറഞ്ഞു. ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ തകരാറിലായി. യു.എസിലെ പല സംസ്ഥാനങ്ങളിലെയും 911 എമർജൻസി സർവീസുകളെയും തകരാര്‍ ബാധിച്ചിട്ടുണ്ട്. യൂറോപ്പിലെ ആംസ്റ്റർഡാം വിമാനത്താവളത്തിലും ജർമ്മനിയിലെ ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളത്തിലും സാങ്കേതിക തകരാർ റിപ്പോര്‍ട്ടു ചെയ്തു.

Related Articles

Next Story

Videos

Share it