

ഇന്ത്യയിലെ ഇ-കോമേഴ്സ് ഭീമന്മാരായ ഫ്‌ളിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയിലേക്ക് ചുവടുവെക്കുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. വിപണിയില്‍ നിലവില്‍ ആധിപത്യം പുലര്‍ത്തുന്ന സോമാറ്റോ (Zomato), സ്വിഗ്ഗി (Swiggy) എന്നിവര്‍ക്ക് ശക്തമായ എതിരാളിയായാണ് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്പ്കാര്‍ട്ട് എത്തുന്നത്.
റീറ്റൈയ്ല്‍ ഇ-കോമേഴ്സിലും ക്വിക്ക് കോമേഴ്സിലും സാന്നിധ്യമറിയിച്ച ശേഷമാണ് കമ്പനി ഭക്ഷണം വിതരണം ചെയ്യാനുള്ള നീക്കം ശക്തമാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ രാജ്യവ്യാപകമായി സേവനം ലഭ്യമാക്കില്ല. ഏതെങ്കിലും ഒരു നഗരത്തില്‍ പൈലറ്റ് പ്രോജക്റ്റായിട്ടായിരിക്കും തുടക്കം. ബംഗളൂരുവില്‍ ആരംഭിക്കാനാണ് സാധ്യത കൂടുതല്‍. ഉപഭോക്താക്കളുടെ പ്രതികരണവും അഭിപ്രായങ്ങളും സ്വീകരിച്ച് സേവനം കൂടുതല്‍ മെച്ചപ്പെടുത്തിയ ശേഷമേ മറ്റ് നഗരങ്ങളിലേക്ക് വിപുലീകരിക്കൂ.
നേരത്തെ ക്വിക്ക് കോമേഴ്സ് പ്ലാറ്റ്ഫോമായ 'ഫ്‌ളിപ്പ്കാര്‍ട്ട് മിനിറ്റ്സ്' (Flipkart Minutes) അവതരിപ്പിച്ചപ്പോഴും ഇതേ രീതിയാണ് കമ്പനി പിന്തുടര്‍ന്നത്. എന്നാല്‍ സേവനം ആരംഭിക്കുന്ന തീയതി സംബന്ധിച്ച് ഫ്‌ളിപ്കാര്‍ട്ട് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പ്രധാന ആപ്പിലൂടെയും അതോടൊപ്പം പ്രത്യേകം തയ്യാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഒ.എന്‍.ഡി.സി (ONDC - Open Network for Digital Commerce) നെറ്റ്വര്‍ക്കുമായി സഹകരിച്ചാകും സേവനം ലഭ്യമാക്കുകയെന്നും സൂചനയുണ്ട്.
വിലക്കുറവ് മാത്രമല്ല, മികച്ച റെസ്റ്റോറന്റുകളുടെ നിര, കൃത്യമായ സേവനം, വേഗത്തിലുള്ള ഡെലിവറി എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ വ്യക്തമാക്കി.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഈ പ്രഖ്യാപനം ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖരായ സ്വിഗ്ഗിയുടെ ഓഹരികളില്‍ 5.5 ശതമാനം വരെയും സൊമാറ്റോയുടെ (എറ്റേണല്‍) ഓഹരികളില്‍ 3 ശതമാനത്തോളവും ഇടിവ് രേഖപ്പെടുത്തി.
നിലവില്‍ ഇന്ത്യന്‍ ഫുഡ് ഡെലിവറി വിപണിയില്‍ സോമാറ്റോയ്ക്ക് 57 ശതമാനത്തോളവും സ്വിഗിക്ക് 43 ശതമാനത്തോളവും വിപണി വിഹിതമുണ്ട്. മത്സരം കടുക്കുന്നതോടെ നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
അതേസമയം, ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യ എസ്എംഇ ഫോറത്തിന് കീഴിലുള്ള ഓണ്‍ലൈന്‍ റീറ്റെയ്‌ലര്‍മാരുടെ സംഘടനയായ ഫോറം ഫോര്‍ ഇന്റര്‍നെറ്റ് റീറ്റെയ്‌ലേഴ്സ്, സെല്ലേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് (FIRST), ഫ്‌ളിപ്പ്കാര്‍ട്ടിനെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (CCI) സമീപിച്ചതായി എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുന്ന രീതിയില്‍ കമ്പനി അന്യായമായ ബിസിനസ് രീതികള്‍ പിന്തുടരുന്നു എന്നതായിരുന്നു ആരോപണം.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ജിഎസ്ടി (GST) നയങ്ങള്‍ വഴി ഏകദേശം 3,000 കോടി രൂപയുടെ തുക സമാഹരിച്ചതായും, ഇത് ഉപഭോക്താക്കള്‍ക്ക് വന്‍ ഇളവുകള്‍ (discounts) നല്‍കാനും സ്വതന്ത്ര വില്‍പ്പനക്കാരുടെ ബിസിനസിനെ ദോഷകരമായി ബാധിക്കാനും കമ്പനിയെ സഹായിച്ചതായും FIRST ആരോപിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine