ബംഗളൂരുവില്‍ നിന്നും 99 രൂപയ്ക്ക് ടിക്കറ്റ്, ദക്ഷിണേന്ത്യ പിടിക്കാന്‍ ജര്‍മന്‍ ബസ് ഭീമന്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി ജര്‍മന്‍ ബസ് കമ്പനിയായ ഫ്‌ളിക്‌സ് ബസ് (FlixBus). ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂര്‍, മധുരൈ, തിരുപ്പതി, വിജയവാഡ, ബെല്‍ഗാവി എന്നീ നഗരങ്ങളിലേക്കാണ് സെപ്റ്റംബര്‍ 10 മുതല്‍ ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. അധികം വൈകാതെ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ 33 പ്രധാന നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഉദ്ഘാടന ഓഫറായി ചുരുങ്ങിയ കാലത്തേക്ക് ബംഗളൂരുവില്‍ നിന്നുള്ള 12 സര്‍വീസുകളുടെ ടിക്കറ്റുകള്‍ 99 രൂപയ്ക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറ് വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ മൂന്നിനും 15നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ദേശീയതലത്തില്‍ 101 നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും ഫ്‌ളിക്‌സ് ബസിന് പദ്ധതിയുണ്ട്.
ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കര്‍ണാടക വ്യവസായ മന്ത്രി എം.ബി പാട്ടീല്‍ നിര്‍വഹിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയകരമായി സര്‍വീസ് നടത്തിയ ശേഷമാണ് ദക്ഷിണേന്ത്യയിലേക്ക് ഫ്‌ളിക്‌സ് ബസ് വരുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സൂര്യ ഖുറാന പറഞ്ഞു. പ്രാദേശിക ബസ് ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്നാണ് ഫ്‌ളിക്‌സ് ബസ് പ്രവര്‍ത്തിക്കുക. ബി.എസ് 6 എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ബസില്‍ യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ.ബി.എസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇ.എസ്.സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍) എല്ലാ സീറ്റിലും സീറ്റ് ബെല്‍റ്റ് തുടങ്ങിയ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ ബസിലും ഒരുക്കിയിട്ടുണ്ട്. ഇത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ഫ്‌ളിക്‌സ് ബസ്

ദീര്‍ഘദൂര ബസ് യാത്രകള്‍ക്കായി യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ ആരംഭിച്ച ട്രാവല്‍-ടെക് കമ്പനിയാണ് ഫ്‌ളിക്‌സ് ബസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച ഫ്‌ളിക്‌സ് ബസ് 2024 ഫെബ്രുവരിയിലാണ് ഇന്ത്യയിലെത്തുന്നത്. കമ്പനി സര്‍വീസ് നടത്തുന്ന 43-ാമത്തെ രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബസ് വിപണിയാണ് ഇന്ത്യയിലുള്ളതെന്നും ഈ രംഗത്ത് വലിയ സാധ്യതകളുണ്ടെന്നും കമ്പനി പറയുന്നു. 2040-ഓടെ യൂറോപ്പിലും 2050ല്‍ ആഗോള തലത്തിലും കാര്‍ബര്‍ ന്യൂട്രല്‍ ലക്ഷ്യം കൈവരിക്കാനാകുമെന്നുമാണ് ഫ്‌ളിക്‌സ് ബസിന്റെ പ്രതീക്ഷ. ഫ്‌ളിക്‌സ് ബസിന് പുറമെ ഫ്‌ളിക്‌സ് ട്രെയിന്‍, കമില്‍ കോച്ച് (kamil koc) , ഗ്രേഹൗണ്ട് തുടങ്ങിയ ബ്രാന്‍ഡുകളും കമ്പനിക്കുണ്ട്.

കുത്തകയ്‌ക്കെതിരെ കേരളത്തില്‍ സമരം വരുമോ

അതേസമയം, ഫ്‌ളിക്‌സ് ബസിനെ പിന്തുണച്ചും ചില ആശങ്കകകള്‍ പങ്കുവച്ചും ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. കുത്തക ബസ് സര്‍വീസുകള്‍ക്കെതിരെ കേരളത്തില്‍ സമരം വല്ലതും വരുമോ എന്ന് പേടിച്ച് കേരളത്തെ അവര്‍ റൂട്ടുകളില്‍ നിന്നും ഒഴിവാക്കുമോ എന്നാണ് ഭയമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. വിവിധ രാജ്യങ്ങളില്‍ ഫ്‌ളിക്‌സ് ബസില്‍ യാത്ര ചെയ്ത അനുഭവങ്ങളും പോസ്റ്റിന് താഴെ ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.


Related Articles
Next Story
Videos
Share it