

യു.എസ് ഇരട്ട താരിഫ് മൂലം കഷ്ടത്തിലായ കയറ്റുമതി മേഖലയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്ന മുറയ്ക്ക് പാക്കേജ് പ്രഖ്യാപിക്കുമെന്നും കയറ്റുമതിക്കാരെ ചേര്‍ത്തുപിടിക്കുമെന്നും അവര്‍ വ്യക്തമാക്കി.
യു.എസ് താരിഫില്‍ ദുരിതത്തിലായ എല്ലാ മേഖലകളെയും സമഗ്രമായി സഹായിക്കുന്ന പാക്കേജാകും കേന്ദ്രം പ്രഖ്യാപിക്കുകയെന്നും സിഎന്‍ബിസി ടിവി18ന് നല്കിയ അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കേന്ദ്രം കൊണ്ടുവരുന്ന രക്ഷാപദ്ധതിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ അവര്‍ നല്കിയിട്ടില്ല.
കയറ്റുമതിക്കാര്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ വരും മാസങ്ങളില്‍ നേരിടേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടല്‍, പേയ്‌മെന്റിലുള്ള കാലതാമസം തുടങ്ങിയവ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കും.
യു.എസ് വിപണി ഭാഗികമായിട്ടു പോലും നഷ്ടപ്പെടുന്നത് വലിയ പ്രതിസന്ധിയാണ്. പെട്ടെന്ന് മറ്റ് വിപണികള്‍ കണ്ടെത്തുക എളുപ്പമല്ല. അതൊരു വെല്ലുവിളിയാണ്. ഈ കഷ്ടകാല സമയത്ത് കയറ്റുമതിക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും നിര്‍മല വ്യക്തമാക്കി.
യു.എസിന്റെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന വ്യക്തമായ സൂചനയാണ് നിര്‍മല സീതാരാമനും നല്കിയത്. റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് അവര്‍ വ്യക്തമാക്കി. രാജ്യത്തിന് ഗുണകരമായ രീതിയിലുള്ള എണ്ണവാങ്ങല്‍ തുടരും. ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളുടെ എതിര്‍പ്പിനോ അഭിപ്രായങ്ങള്‍ക്കോ പ്രസക്തിയില്ലെന്നും അവര്‍ വ്യക്തമാക്കി.
യു.എസ് താരിഫ് വര്‍ധന മൂലം സമുദ്രോത്പന്ന കയറ്റുമതി, തുകല്‍, രത്‌നാഭരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, ഗാര്‍മെന്റ്‌സ് എന്നിവയുടെ കയറ്റുമതിയെ ബാധിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയെ താരിഫ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine