കുടുംബ ബജറ്റ് താളംതെറ്റിയേക്കും, വിലകൂട്ടാനൊരുങ്ങി എഫ്എംസിജി കമ്പനികള്‍; വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുങ്ങുന്നു

ഗോദറേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് സോപ്പുകളുടെ വിലയില്‍ അഞ്ചുശതമാനം വര്‍ധന വരുത്തി
കുടുംബ ബജറ്റ് താളംതെറ്റിയേക്കും, വിലകൂട്ടാനൊരുങ്ങി എഫ്എംസിജി കമ്പനികള്‍; വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുങ്ങുന്നു
Published on

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ കുതിച്ചുയര്‍ന്നതോടെ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി എഫ്എംസിജി കമ്പനികള്‍. അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതോടെ വലിയ പ്രതിസന്ധിയാണ് എഫ്എംസിജി കമ്പനികള്‍ നേരിടുന്നത്. വില വര്‍ധിപ്പിക്കുന്നതിനൊപ്പം ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാനും കമ്പനികള്‍ക്ക് പദ്ധതിയുണ്ട്.

ഡാബര്‍ ഇന്ത്യ ഇതിനകം തന്നെ ആദ്യവട്ട വിലവര്‍ധന നടപ്പിലാക്കി കഴിഞ്ഞു. വിലയില്‍ നാല് ശതമാനത്തോളം വര്‍ധന വരുത്തിയ കമ്പനി ചെറിയ പായ്ക്കറ്റുകളുടെ വലുപ്പവും കുറച്ചു. ജനപ്രിയ ഉത്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചാല്‍ വില്പന കുറഞ്ഞേക്കുമെന്ന ആശങ്കയാണ് പായ്ക്കറ്റിന്റെ വലുപ്പം കുറയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

രണ്ടാംഘട്ട വിലവര്‍ധനയും അധികം വൈകാതെ ഉണ്ടാകുമെന്ന് ഡാബര്‍ ഇന്ത്യ ഗ്ലോബല്‍ സിഇഒ മോഹിത് മല്‍ഹോത്ര പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ വിലവര്‍ധന അല്ലാതെ വേറെ ഓപ്ഷനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോദറേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് സോപ്പുകളുടെ വിലയില്‍ അഞ്ചുശതമാനം വര്‍ധന വരുത്തി. പാംഓയില്‍, ക്രൂഡ്ഓയിലില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന സോപ്പ് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായി.

മാരിക്കോ തങ്ങളുടെ ഹെയര്‍ ഓയില്‍ ബ്രാന്‍ഡുകളുടെ വിലയില്‍ 6-7 ശതമാനം വര്‍ധന വരുത്താനാണ് ഒരുങ്ങുന്നത്. അതേസമയം, വെളിച്ചെണ്ണ വില കുറഞ്ഞത് കമ്പനിക്ക് ആശ്വാസമായി. വലിയ വിലവര്‍ധന വരുത്താതെ താല്ക്കാലം പിടിച്ചുനില്ക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കുടുംബബജറ്റ് താളംതെറ്റും

പൊതുമേഖല എണ്ണക്കമ്പനികള്‍ വലിയ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്. കോടികളാണ് ഓരോ ദിവസത്തെയും നഷ്ടം. രാജ്യത്ത് വിലക്കയറ്റം സംഭവിക്കാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ എണ്ണവില കൂട്ടാതിരിക്കുന്നത്. സംഘര്‍ഷം നീണ്ടുനിന്നാല്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. അങ്ങനെ സംഭവിച്ചാല്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാ ഉത്പന്നങ്ങള്‍ക്കും വില കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com