

നിയമസഭ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നതു കൊണ്ട് ഇത്തവണത്തെ ബജറ്റ് കലക്കും എന്നായിരുന്നു മലയാളികളുടെ പൊതുവായ പ്രതീക്ഷ. കേരള ബജറ്റ് വായിച്ചാല്‍ സ്വപ്‌നാടനത്തിന് അവസരമുണ്ടായിരുന്നു. കേന്ദ്രബജറ്റ് അവതരണം കഴിഞ്ഞപ്പോഴാണെങ്കില്‍ വലിയ നിരാശ. എയിംസ്, വിഴിഞ്ഞം, അതിവേഗ റെയില്‍ പാത എന്നിങ്ങനെ ഒന്നിനും പരിഗണനയില്ല. തിരുവനന്തപുരം കോര്‍പറേഷന്‍ ആദ്യമായി ബി.ജെ.പിക്ക് കിട്ടിയതിനൊരു ബജറ്റ് ലഡു പ്രതീക്ഷിച്ചതും വെറുതെ. ആമ വേഗത്തില്‍ കേരള വികസനം നടന്നാല്‍ മതിയോ -ഷാഫി പറമ്പില്‍ എം.പിയുടെ ചോദ്യം അങ്ങനെയായിരുന്നു.
അപൂര്‍വ ധാതു ഖനന ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഗുണമോ ദോഷമോ എന്ന വിലയിരുത്തല്‍ നടക്കുന്നു. മത്‌സ്യബന്ധന മേഖലക്ക് വിപണി ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നത് കേരളത്തിനും ഗുണമായേക്കും. തേങ്ങ, കശുവണ്ടി, കൊക്കോ കൃഷി പ്രോത്‌സാഹന പരിപാടി മറ്റൊന്ന്. സീപ്ലെയിന്‍ മുതല്‍ ടൂറിസ വികസനത്തില്‍ വരെ ബജറ്റ് നിര്‍ദേശം പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞേക്കും. ധനകാര്യ കമീഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 41 ശതമാനമായി തുടരും. അതനുസരിച്ചുള്ള വിഹിതം കേരളത്തിനും കിട്ടും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രത്യേക പാക്കേജുകളാകട്ടെ, പരിഗണിച്ചിട്ടില്ല.
ബജറ്റില്‍ പൊതുവെ വലിയ കൈയടി നേടാനൊന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ മെനക്കെട്ടില്ല. അതിന് കഴിയാത്തതാണ് ചുറ്റുപാട്. ആഗോള സാഹചര്യങ്ങള്‍ നല്‍കുന്ന അനിശ്ചിതത്വം തുടരുന്നു. രൂപ തകര്‍ന്നു കിടക്കുന്നു. നിക്ഷേപകര്‍ പണം പുറത്തേക്ക് കൊണ്ടുപോകുന്നു. കുടുംബങ്ങളുടെ സേവിംഗ്‌സ് കുറയുന്നു. അതിന്റെയെല്ലാം ഇംപാക്ട് ബജറ്റിലും കാണാം. വ്യാപാര ചുങ്കം അടക്കമുള്ള നിലവിലെ സാഹചര്യങ്ങള്‍ക്കിടയില്‍ ആദ്യം മൂലധനം വരട്ടെ, കൈയടി നേടാന്‍ കാലം പറ്റിയതല്ല എന്നത് ബജറ്റിന്റെ ചിന്താഗതിയായി. വോട്ടുസാഹചര്യങ്ങളിലേക്ക് നോക്കിയാല്‍, തെരഞ്ഞെടുപ്പാശങ്കകള്‍ വേണ്ടാത്ത വര്‍ഷമായതു കൊണ്ട് ബജറ്റ് കടുപ്പിക്കുകയും ചെയ്യാം.
പൊതു മൂലധന നിക്ഷേപം ഒരു ലക്ഷം കോടി കൂടി ഉയര്‍ത്തി 12.2 ലക്ഷം കോടിയാക്കിയത് അതിനു തെളിവാണ്. അതിനിടയിലും പ്രതിരോധ ബജറ്റ് ഉയര്‍ത്തി. ചെറുനഗരങ്ങളുടെ വികസനത്തിന് ബജറ്റ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. എം.എസ്.എം.ഇകള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് 10,000 കോടിയുടെ ഗ്രോത്ത് ഫണ്ട്. ദീര്‍ഘകാല വളര്‍ച്ചയെന്ന ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടു വെക്കുന്നത്.
ആദായ നികുതിയില്‍ മാറ്റമില്ല. ഓഹരി വിപണി ആവേശമല്ല, നിരാശയാണ് പ്രകടമാക്കിയത്. പിന്നെ തിരിച്ചു കയറിയെങ്കിലും സെന്‍സെക്‌സ് ഇടിവ് രണ്ടു ശതമാനവും കടന്നു പോയി. എഫ്.ആന്റ് ഒ വിപണിയിലെ ഇടപാടു നികുതി ഉയര്‍ത്തിയത് പ്രധാന കാരണമായി. കോര്‍പറേറ്റ് ബോണ്ട് വിപണിയുമായി ബന്ധപ്പെട്ട ചില നടപടികള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരമാകും. പ്രവാസികളുടെ ഓഹരി നിക്ഷേപ പരിധി അഞ്ചില്‍ നിന്ന് 10 ശതമാനം ആയി വര്‍ധിപ്പിച്ചതും വിദേശ നിക്ഷേപ ചട്ട പരിഷ്‌കാരവും മൂലധന വിപണികളില്‍ കൂടുതല്‍ പണമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ്. അത് ഇന്ത്യന്‍ ഓഹരി വിപണിയില്‍, ലിസ്റ്റഡ് കമ്പനികളില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ നിക്ഷേപാവസരം തുറക്കും. എം.എ യൂസഫലി പോലുള്ള വ്യവസായികള്‍ക്ക് അനുയോജ്യമായ കമ്പനികള്‍ കണ്ടെത്താന്‍ അവസരം.
ബയോഫാര്‍മ, സെമികണ്ടക്ടര്‍, ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, അപൂര്‍വ ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ വലിയ സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ റിസ്‌ക് ഗ്യാരന്റി ഫണ്ട്, REITs, InVITs തുടങ്ങിയ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നത് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകും. പൊതുമേഖല ആസ്തികളുടെ മോണറ്റൈസേഷന്‍ വഴി, പ്രോപ്പര്‍ട്ടി വാങ്ങാതെ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കാന്‍ പ്രവാസിക്കും അവസരം. കോര്‍പ്പറേറ്റ് നികുതികളില്‍ മാറ്റമില്ലെങ്കിലും, നയപരമായ സ്ഥിരതയും ചട്ടങ്ങള്‍ ലളിതമാക്കുന്നതും വ്യവസായികള്‍ക്ക് അനുകൂലമായ അന്തരീക്ഷം നല്‍കും.
Read DhanamOnline in English
Subscribe to Dhanam Magazine